കുടുംബസ്വത്ത് കൊണ്ട് സോളർ പ്ലാന്റ് സ്ഥാപിച്ചു; വൈദ്യുതി നൽകുന്നത് നൂറുകണക്കിന് കുടുംബങ്ങൾക്ക്; മാതൃക

amith-solar
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

രാജസ്ഥാനിലെ രൂക്ഷമായ വൈദ്യുതിക്ഷാമം സാധാരണക്കാരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. കർഷകർ മുതൽ വൻകിട ബിസിനസ്സുകാരെവരെ വൈദ്യുതി ക്ഷാമവും ഉയർന്ന വൈദ്യുതി ബില്ലും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജയ്പൂരിലെ ഓർത്തോപീഡിക് സർജനായ ഡോക്ടർ അമിത് യാദവിന്റെ കാര്യവും ഏതാനും വർഷങ്ങൾ മുമ്പുവരെ ഇതിനു സമാനമായിരുന്നു. ഏഴു പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള തന്റെ ചെറിയ ആശുപത്രി വൈദ്യുതി ദൗർലഭ്യം മൂലം പ്രവർത്തിപ്പിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങൾ എത്തി. മുപ്പതിനായിരത്തോളം രൂപ കറണ്ട് ചാർജ് അടയ്ക്കേണ്ട സ്ഥിതിയിലേക്കെത്തിയതോടെ അദ്ദേഹം സൗരോർജ്ജത്തെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് തന്റെ ആശുപത്രിക്കു പുറമേ നൂറുകണക്കിന് വീടുകൾക്ക് സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് നൽകുകയാണ് ഇദ്ദേഹം. 

2017 ലാണ് 11 കിലോവാട്ട് സോളർ പ്ലാന്റ് തന്റെ ആശുപത്രി പരിസരത്ത് ഡോക്ടർ അമിത് സ്ഥാപിച്ചത്. ദിനവും 12 മണിക്കൂർ ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചു. കറണ്ട് ചാർജ്  നേർപകുതിയായി കുറഞ്ഞതോടെ സാമ്പത്തിക ഭദ്രതയും കൈവരിക്കാനായി. വൈദ്യുതോൽപ്പാദനത്തിന് സൗരോർജ്ജത്തെ ആശ്രയിക്കുന്നത് എത്രത്തോളം ഗുണകരമാണെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽ ഒരു സോളർ പവർ ഫാം തന്നെ അദ്ദേഹം സ്ഥാപിക്കുകയായിരുന്നു. പ്രതിവർഷം 17 ലക്ഷത്തിൽപരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഈ പവർ ഫാമിൽ നിന്നും ഇപ്പോൾ കൃത്യമായ വരുമാനവും ഡോക്ടർ അമിതിന് ലഭിക്കുന്നുണ്ട്. 

amith-solar-power

ആശുപത്രിയ്ക്കായി സോളർ പ്ലാന്റ് സ്ഥാപിച്ചത് വിജയകരമായതോടെ വൈദ്യുതി ദൗർലഭ്യം മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാനതലത്തിൽ ലഭിക്കുന്ന സബ്സിഡികളെക്കുറിച്ച് മനസ്സിലാക്കിയശേഷമാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. 2020 ലാണ് പവർ ഫാം ആരംഭിച്ചത്. മൂന്നര ഏക്കർ വിസ്തൃതമായ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന സോളർ പ്ലാന്റിന് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് ഉള്ളത്.  പ്ലാന്റ് സ്ഥാപിക്കുന്നതിനായി 3.7 കോടി രൂപ ചെലവായി. അച്ഛന്റെ സമ്പാദ്യത്തിൽ നിന്നും നൽകിയ 70 ലക്ഷം രൂപയായിരുന്നു സംരംഭത്തിലെ ആദ്യ നിക്ഷേപം. ബാക്കി തുക ബാങ്കുകളിൽനിന്നും ലോണെടുത്തു. 

പ്ലാന്റിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പവർ യൂട്ടിലിറ്റി കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഒരു യൂണിറ്റിന് 3 രൂപ 40 പൈസയാണ് ലഭിക്കുന്നത്. നിലവിൽ പ്രതിമാസം നാലുലക്ഷം രൂപ വരെ വൈദ്യുതി വിൽപനയിൽ നിന്നും കുടുംബത്തിനു ലഭിക്കുന്നുണ്ട്. പ്രകൃതിക്ക് ദോഷം വരാത്ത തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനു പുറമേ തെർമൽ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും സൗരോർജ്ജ  പ്ലാന്റുകൾ സഹായിക്കുമെന്ന് ഡോക്ടർ അമിത് പറയുന്നു. തന്റെ പവർ ഫാമിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തെ  വൈദ്യുതിക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെങ്കിലും ഇത്തരം സംരംഭങ്ങൾ കൂടുതലായി ആരംഭിക്കുന്നത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം.

English Summary- Solar Plant Power Village; Sustainable Model

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA