ADVERTISEMENT

വർഷങ്ങൾ നീണ്ട പ്ലാനിങ്ങിനു ശേഷം നിർമ്മാണം ആരംഭിക്കാൻ പോകുന്ന മനോഹരമായ ഒരു കെട്ടിടത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പാരിസ് നഗരം. പിരമിഡ് ആകൃതിയിൽ 42 നിലകളുള്ള കെട്ടിടം പാരിസ് നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് നിർമ്മിക്കപ്പെടുന്നത്. ദ ട്രയാങ്കിൾ ടവർ എന്ന പേരിലാവും കെട്ടിടം നിർമിക്കപ്പെടുക. എന്നാൽ നിർമ്മാണത്തിന്റെ ആദ്യഘട്ടം പോലും ആരംഭിക്കുന്നതിനു മുൻപ് തന്നെ ട്രയാങ്കിൾ ടവർ മഹാദുരന്തമാകുമെന്ന മുന്നറിയിപ്പുകളാണ് പലഭാഗത്തുനിന്നും ഉയരുന്നത്. 

കാലാവസ്ഥയെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങളെല്ലാം  കെട്ടിടത്തിന്റെ നിർമ്മാണത്തോടെ വിഫലമാവുമെന്നാണ്  പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ വാദം. 92,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 180 മീറ്റർ ഉയരത്തിൽ ഒരുങ്ങുന്ന ട്രയാങ്കിൾ ടവർ പരിസ്ഥിതിക്ക് ദോഷകരവും പാരിസ് നഗരഭരണകൂടത്തിന്റെ കാലാവസ്ഥ പദ്ധതികളെ തകിടംമറിക്കുന്നതും ആണെന്ന് ചൂണ്ടിക്കാട്ടി സിറ്റി കൗൺസിലിലെ പരിസ്ഥിതി വിഭാഗം പ്രസ്താവന പുറത്തിറക്കി. 

triangle-build

2030-ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ നേർപകുതിയായി കുറയ്ക്കാനാണ് ഫ്രാൻസ് ലക്ഷ്യമാക്കുന്നത്. ഗ്ലാസ്ഗോവിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഈ ലക്ഷ്യത്തിന് നേർവിപരീതമായിരിക്കും ട്രയാങ്കിൾ ടവർ നിർമ്മാണം എന്നാണ് വിമർശനം. കെട്ടിടത്തിന്റെ നിർമ്മാണ സമയത്തും പ്രവർത്തന സമയത്തും കാർബൺ ഫുട്ട്പ്രിന്റ് അധികരിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. അതിനാൽ കെട്ടിടം നിർമ്മിക്കാനുള്ള തീരുമാനം  ഉപേക്ഷിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതിവാദികൾ . 

സ്വിസ് ആർക്കിടെക്റ്റുകളായ ഹെർസോഗ്, മ്യൂറൺ എന്നിവർ ചേർന്നാണ് ട്രയാങ്കിൾ ടവറിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച പ്ലാനിങ്ങുകൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും ഫണ്ട് കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു. ട്രയാങ്കിൾ ടവറിന്റെ നിർമ്മാണം 2022 ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2026ൽ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. പൂർണമായും ഓഫീസ് ടവർ എന്ന നിലയിലാവും കെട്ടിടം പ്രവർത്തിക്കുന്നത്.

English Summary- Paris Triangle Tower Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com