ADVERTISEMENT

പെരിങ്ങോം ∙ വീട്ടുവളപ്പിൽ 25 മീറ്റർ നീളത്തിൽ ഭീമൻ തുരങ്കപാത നിർമിച്ച് കർഷകൻ. ലോക്ഡൗൺ കാലത്ത് ഒറ്റയ്ക്കു തുടങ്ങിയ നിർമാണം പൂർത്തിയായതോടെ ഈ വിസ്മയക്കാഴ്ച കാണാൻ സഞ്ചാരികൾ വീട്ടുവളപ്പിലേക്ക് ഒഴുകുകയാണ്. കണ്ണൂർ പെരുവാമ്പയിലെ ചരിയപുറത്ത് പി.ടി.തോമസാണ് വീട്ടുവളപ്പിനോടു ചേർന്ന കുന്ന് തുരന്ന് തുരങ്കപാത നിർമിച്ചത്.

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മൂത്ത മകനൊപ്പം വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോയപ്പോൾ കണ്ട തുരങ്കപാതയാണ് തോമസിന്റെ മനസ്സിൽ തറച്ചത്. തായ്‌ലൻഡിൽ നടത്തിയ ബോട്ട് യാത്രയ്ക്കിടെയായിരുന്നു കരയിൽ നിന്നു കടലിലേക്കു നീളുന്ന തുരങ്കം കണ്ടത്. തിരികെ വീട്ടിലെത്തിയപ്പോൾ തോമസിന്റെ മനസ്സു തുളച്ച് ആ ആഗ്രഹം പുറത്തുചാടി. 

കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ തോമസ് വെറുതെയിരുന്നില്ല. വീടിനോടു ചേർന്നുള്ള കുന്ന് തുരക്കാൻ തുടങ്ങി. ദിവസവും 10 മുതൽ 14 മണിക്കൂർവരെ നീണ്ട അധ്വാനം. കുളങ്ങളും വീടും മറ്റും നിർമിച്ച പരിചയം മാത്രമാണ് കർഷകനായ തോമസിനുള്ളത്. എന്നാൽ അതൊന്നും തുരങ്ക നിർമാണമെന്ന തന്റെ ആഗ്രഹത്തിനു തടസ്സമായില്ല. 

ബൈക്ക് അപകടത്തെ തുടർന്ന് ഒരു മാസത്തോളം കിടപ്പിലായതും ഹൃദയത്തിനു ബൈപാസ് ശസ്ത്രക്രിയ വേണ്ടിവന്നതും 69 വയസ്സുള്ള തോമസിനെ തളർത്തിയില്ല. വേനൽ മാറി മഴക്കാലമായിട്ടും അധ്വാനം തുടർന്നു. മഴ വന്നതോടെ വീട്ടുകാരും ആശങ്ക പ്രകടിപ്പിച്ചു. തുടർച്ചയായുള്ള മഴ, മണ്ണിടിച്ചിലിനു കാരണമാകുമോ എന്നായിരുന്നു അവരുടെ ആശങ്ക. എന്നാൽ കനത്ത മഴയിൽപ്പോലും തുരന്ന ഭാഗത്ത് എവിടെയും ഒരുതരി മണ്ണ് അടർന്നിട്ടില്ലെന്നതായിരുന്ന തോമസിന്റെ ധൈര്യം. തുരങ്കത്തിൽ രണ്ടടിയോളം വെള്ളം നിറഞ്ഞപ്പോൾ പോലും പണി നിർത്തിയില്ല. ചില ദിവസങ്ങളിൽ രാത്രി 9 വരെ ടോർച്ച് ലൈറ്റ് തെളിച്ച് മണ്ണു നീക്കിക്കൊണ്ടിരുന്നു. 

പിക്കാസും കൊട്ടയും തൂമ്പയും മാത്രമായിരുന്നു ആയുധങ്ങൾ. മണ്ണു നീക്കാൻ യന്ത്രങ്ങളോ വാഹനങ്ങളോ ഉപയോഗിച്ചില്ല.  പിക്കാസ് കാച്ചുന്ന കൊല്ലന്റെ സഹായം മാത്രമാണ് നിർമാണത്തിനിടെ തേടിയതെന്നു തോമസ് പറയുന്നു. ഒരു കൊട്ട മണ്ണു ചുമക്കാൻ പോലും ആരെയും അനുവദിച്ചില്ല. നീക്കിയ മണ്ണു മുഴുവൻ സ്വന്തം കൃഷിയിടത്തിൽ കൊണ്ടിട്ടതും തോമസ് തന്നെ. കുറഞ്ഞത് 500 ലോഡ് മണ്ണ് നീക്കിയിട്ടുണ്ടാകുമെന്നാണ് തോമസിന്റെ കണക്ക്. 

ആറു മാസത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ തുരങ്കപാത ഒരുങ്ങിയപ്പോൾ വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് തോമസും കുടുംബവും. ഒരാൾക്ക് കൈ ഉയർത്തി നടക്കാൻ കഴിയുന്ന തരത്തിൽ 25 മീറ്ററോളം നീളത്തിലാണ് തുരങ്ക പാതയുള്ളത്. വശങ്ങളിൽ ഇരിപ്പിടങ്ങളും മറ്റും സജ്ജമാക്കാൻ പറ്റുന്ന തരത്തിൽ ചെറിയ ഭാഗങ്ങളും തുരന്നൊരുക്കിയിട്ടുണ്ട്. വൈദ്യുതി വിളക്കുകളും ക്രമീകരിച്ചു. എയർക്കണ്ടീഷൻ ചെയ്തപോലെ എപ്പോഴും നല്ല തണുപ്പാണ് തുരങ്കത്തിനുള്ളിൽ. തുരങ്കം അവസാനിക്കുന്ന ഭാഗത്ത് കരിങ്കൽച്ചീളുകൾ നിരത്തി ഭംഗീയാക്കിയിട്ടുണ്ട്.

തുരങ്കത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ വീട്ടുവളപ്പിലെ ഈ വിസ്മയം കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും നാടാകെ വീട്ടിലേക്ക് ഒഴുകുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പെരുവാമ്പ സഹൃദയ സംഘടിപ്പിച്ച അനുമോദനയോഗം എരമം– കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു.  50 മീറ്ററെങ്കിലുക്കി തുരങ്കം നീട്ടണമെന്നും കാണാൻ ആഗ്രഹിച്ച് എത്തുന്നവർക്കെല്ലാം സൗജന്യമായി വന്നു കാണാൻ അവസരമൊരുക്കുമെന്നും തോമസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com