ADVERTISEMENT

വീടുകളിൽ സൗകര്യം എത്രത്തോളം കുറവാണോ അത്രത്തോളം വിലയും കുറയുന്നതാണ് സാധാരണ രീതി. കാലപ്പഴക്കം ചെന്ന് തകർന്നിരിക്കുന്ന നിലയിലുള്ള വീടുകളാണെങ്കിലോ, പഴയ ഉരുപ്പടികൾ എടുക്കുന്നതിനു വേണ്ടി തുച്ഛമായ വിലയ്ക്ക് പലരും സ്വന്തമാക്കി എന്നുംവരാം. എന്നാൽ സാൻഫ്രാൻസിസ്കോയിലെ നോയി വാലി എന്ന റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീടിന്റെ വിൽപന  ഇതിൽനിന്നെല്ലാം വ്യത്യസ്തമായാണ്  ഈ അടുത്ത ഇടയ്ക്ക് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പഴഞ്ചൻ വീടിന് പ്രതീക്ഷിച്ചതിലും കൂടുതൽ തുകയാണ് വിലയായി ലഭിച്ചത്. 

തടി കൊണ്ടുള്ള ഫ്രെയിമുകളുള്ള ഈ വീടിന്റെ പഴക്കം 120 വർഷമാണ്. തറയും ജനലുകളും വാതിലുകളും എല്ലാം നിർമ്മിച്ചിരിക്കുന്നത് തടിയിൽത്തന്നെ. എന്നാൽ പുറമെനിന്നുനോക്കുമ്പോൾ  വീടിന്റെ ശോചനീയാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ശക്തിയായി ഒന്ന് കാറ്റടിച്ചാൽ താഴെ വീണു പോയേക്കാവുന്ന അവസ്ഥ. അകത്തളത്തിലെ കാര്യവും വ്യത്യസ്തമല്ല. ഒന്നിനോടൊന്ന് ചേർന്ന് പോകാത്ത തരത്തിൽ നിർമ്മിച്ചിരിക്കുന്ന തറകളും ശക്തമായ കാറ്റിൽനിന്നും വീടിനെ രക്ഷിക്കുന്നതിനായി മറച്ചുകെട്ടിയ ജനാലകളുമാണ് ഇവിടെയുള്ളത്. 

strange-house-room

സൗകര്യങ്ങളും നന്നേ കുറവാണ്. ഒരു ബെഡ്റൂം പോലും വീട്ടിലില്ല. എന്നാൽ വീതികുറഞ്ഞ് നീളത്തിലുള്ള വരാന്ത, അടുക്കള, ഡൈനിങ് റൂം,  ഒരു ബാത്‌റൂം എന്നിവയുണ്ട്. അടുക്കളയിലെ കബോർഡുകളും മറ്റും ഏതാണ്ട് നാശമായ നിലയിൽ ഉള്ളവയാണ്. അതായത്  പുതിയ ഉടമസ്ഥർക്ക് ഇവിടം താമസയോഗ്യമാക്കി എടുക്കണമെങ്കിൽ ഏറെ പണിപ്പെടേണ്ടി വരുമെന്ന് ചുരുക്കം. 

9,95,000 ഡോളറിനാണ് (7 കോടി 39 ലക്ഷം രൂപ) ഈ വീട് ലേലത്തിന് എത്തിയത്. എന്നാൽ വിൽപന നടന്നതാവട്ടെ അതിന്റെ ഇരട്ടി വിലയ്ക്കും. ഇതിന്റെ കാരണമെന്താണെന്നല്ലേ. സാൻഫ്രാൻസിസ്കോയിലെതന്നെ ഏറ്റവും പോഷ് ഏരിയകളിൽ ഒന്നിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 'ഏറ്റവും മികച്ച പ്രദേശത്തെ ഏറ്റവും മോശപ്പെട്ട വീട്' എന്നതാണ് വിൽപന സൈറ്റിൽ നൽകിയിരുന്ന വിശദീകരണം. ദശലക്ഷക്കണക്കിന് ഡോളറുകൾ വിലമതിക്കുന്ന വമ്പൻ വീടുകൾക്കിടയിൽ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം എന്ന നിലയിലായിരുന്നു വീട് പരസ്യം ചെയ്തത്. 

വീടിന്റെ അവസ്ഥ പരിഗണിച്ച് പരമാവധി 1.6 മില്യൺ ഡോളർ (11 കോടി രൂപ) മാത്രമേ ലഭിക്കു എന്നാണ് വിൽപനക്കാർ പോലും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതെല്ലാം തെറ്റിച്ചുകൊണ്ട് 1.97 മില്യൺ ഡോളറിനാണ് (14 കോടി രൂപ) ലേലം അവസാനിച്ചത്.  ഈ പ്രദേശത്ത് വീടുകൾക്ക് ശരാശരി 2.6 മില്യൺ ഡോളർ ( 19 കോടി രൂപ) വരെ വില ലഭിക്കാറുണ്ട്. വിൽപനയ്ക്കായി പരസ്യപ്പെടുത്തിയാൽ പരമാവധി ഒന്നര ആഴ്ചയ്ക്കുള്ളിൽ തന്നെ വിൽപന നടക്കുകയും ചെയ്യും. 

English Summary- Strange House Sold for Crores; Reason

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com