ADVERTISEMENT

തുണികൾ സൂക്ഷിച്ചുവയ്ക്കുന്ന അലമാര അടുക്കിപ്പെറുക്കി വയ്ക്കുക എന്നത് പലർക്കും തീരാതലവേദനയാണ്. ഒരു അവധി ദിവസം കിട്ടിയാൽ അതുമുഴുവൻ അലമാര വൃത്തിയാക്കുന്നതിനായി നീക്കിവയ്ക്കുന്നവർ പോലുമുണ്ട്. ഇതൊക്കെ ഒന്ന് വൃത്തിയാക്കിത്തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകാറില്ലേ?. അങ്ങനെ അലമാരകൾ അടുക്കാൻ മടിയുള്ളവരെ സഹായിച്ച് മാസം അരലക്ഷത്തിന് മുകളിൽ സമ്പാദിക്കുന്ന ഒരു വിദ്യാർത്ഥിനിയുണ്ട് ഇംഗ്ലണ്ടിൽ. ലെസ്റ്റർ സ്വദേശിനിയായ എല്ല മക്മഹൻ എന്ന 19-കാരിയാണ് ഈ അപൂർവ്വ ജോലി ഏറ്റെടുത്ത് ചെയ്യുന്നത്. 

സാധനങ്ങൾ അടുക്കിവയ്ക്കുന്നത് ചെറുപ്പം മുതലേ എല്ലയ്ക്ക്  ഇഷ്ടമുള്ള കാര്യമായിരുന്നു. അലമാര വൃത്തിയായി അടുക്കിയ നിലയിൽ കാണുന്നതാണ് ഏറ്റവും സന്തോഷം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അലമാരകൾ അലങ്കോലമായി കിടന്നാൽ എല്ല അത് അടുക്കിവയ്ക്കാൻ മുന്നിട്ടിറങ്ങും. പതിയെ പതിയെ ഇതൊരു ജോലിയായി ചെയ്തുകൂടെ എന്ന ചിന്തയുണ്ടായി. ഇപ്പോൾ സ്ഥിരമായി ഈ ജോലി ഏൽപ്പിക്കുന്നവരടക്കം നിരവധി ആളുകളാണ് അലമാരകൾ വൃത്തിയാക്കുന്നതിനായി എല്ലയെ ആശ്രയിക്കുന്നത്. 

wadrobe-business-girl

ആവശ്യമില്ലാത്തവ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് വേണ്ട വസ്ത്രങ്ങളെല്ലാം നിറം അനുസരിച്ച് തരം തിരിക്കും. ഇങ്ങനെ ചെയ്താൽ പിന്നെ ഇവ അടുക്കിവയ്ക്കുന്നത് ഏറെ എളുപ്പമാണ്. ഒരു അലമാര അടുക്കുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂർ സമയമെങ്കിലും എടുക്കും. എന്നാൽ ഒൻപത് മണിക്കൂർവരെ  ഒറ്റ നിൽപ്പിൽനിന്ന് അടുക്കേണ്ടി വന്ന അലമാരകളും ഉണ്ടെന്ന് എല്ല പറയുന്നു. പുതിയ ഫാഷൻ മനസ്സിലാക്കുന്നതും  വസ്ത്രങ്ങൾ കാണുന്നതും ഏറെ ഇഷ്ടമായതിനാൽ ജോലിയിൽ ഒരിക്കലും മടുപ്പ് തോന്നാറില്ല. 

20ന് അടുത്ത് ആളുകളാണ് സ്ഥിരമായി ഈ ജോലി ഏൽപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ഇവരുടെ വീടുകളിലെത്തി അലമാര വൃത്തിയാക്കി കൊടുക്കുന്നുണ്ട്. എല്ലയെ കുറിച്ച് കേട്ടറിഞ്ഞ് പരിചയമില്ലാത്തവരും ജോലി ചെയ്യുന്നതിനായി ഇപ്പോൾ വിളിക്കാറുണ്ട്. മണിക്കൂറിന് പരമാവധി 20 പൗണ്ട് (2000 രൂപ)വരെയാണ് ചാർജ് ചെയ്യുന്നത്. ഒരു മാസം ഏറ്റവും ചുരുങ്ങിയത് 500 പൗണ്ട് (50000 രൂപ)വരെ ഇത്തരത്തിൽ സമ്പാദിക്കാനാകുന്നുണ്ട് എന്ന് എല്ല പറയുന്നു. 

വൃത്തിയാക്കുന്ന അലമാരകളിൽ ഉടമസ്ഥർക്ക് ആവശ്യമില്ലാത്ത തുണികൾ ശേഖരിച്ച് ചാരിറ്റി സംഘടനകൾക്ക് കൈമാറും. ആവശ്യമില്ലാത്തത് നീക്കംചെയ്ത് അടുക്കിവയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവൃത്തിയാണന്നാണ് എല്ലയുടെ അഭിപ്രായം. അലങ്കോലമായ അലമാരകൾ അടുക്കിവയ്ക്കുന്നതിന്റെ വിഡിയോകളും എല്ല പങ്കുവയ്ക്കാറുണ്ട്. സമ്പാദിക്കുന്ന പണം ഒരു വീടു വാങ്ങാനായി സൂക്ഷിച്ചുവയ്ക്കാനാണ് എല്ലയുടെ തീരുമാനം.

English Summary- Student Declutter Mesyy Wadrobes- Earn Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com