ADVERTISEMENT

പ്രതിസന്ധികൾ മൂലം തകർന്നടിഞ്ഞുപോയ സമയങ്ങൾ തരണം ചെയ്യാനാവാതെ ജീവിതം തന്നെ അവസാനിപ്പിക്കുന്നവർ ഇന്ന് ഏറെയാണ്.  കടക്കെണിമൂലം കിടപ്പാടമില്ലാതാകുന്നവരാണ് അക്കൂട്ടത്തിൽ ഏറിയപങ്കും.  അത്തരത്തിൽ പലർക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു സാഹചര്യത്തിലൂടെയാണ് യുകെ സ്വദേശിനിയായ കരോളിൻ സ്ട്രോസൺ ഒമ്പത് വർഷം മുൻപ് കടന്നുപോയത്. ചെറിയ പ്രായത്തിലുള്ള കുട്ടികളുമായി ആരും തുണയില്ലാതെ വീടുവിട്ടിറങ്ങേണ്ടിവന്ന കരോളിൻ ഇന്ന് കോടികൾ വിലമതിക്കുന്ന ഒരു വീടിന്റെ ഉടമയാണ്. 

2009 ആണ് കരോളിന്റെ ജീവിതം മാറ്റി മറിച്ച വർഷം. മകന് ജന്മം നൽകിയ ശേഷം നാല് ഗർഭങ്ങൾ അലസി പോയിരുന്നു. അതിന്  പിന്നാലെ മകളെ ഗർഭം ധരിച്ചിരിക്കുന്ന സമയത്തായിരുന്നു അമ്മയുടെ മരണം. അതേവർഷംതന്നെ ആദ്യ വിവാഹബന്ധവും വേർപിരിഞ്ഞു. അതോടെ കുഞ്ഞുങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും കരോളിന്റെ മാത്രം ചുമലിലായി. കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം ഒരുക്കാനും വീട് നടത്തിക്കൊണ്ടുപോകാനുമായി പണയം വയ്ക്കുകയല്ലാതെ മറ്റു മാർഗം ഉണ്ടായിരുന്നില്ല. ഈ തുക തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ 2013 ൽ ധനകാര്യ സ്ഥാപനം വീട് വീട് ജപ്തിചെയ്തു.

ആത്മഹത്യയെപ്പറ്റി പലതവണ ചിന്തിച്ചെങ്കിലും കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കാനായിരുന്നു കരോളിന്റെ തീരുമാനം. ഇതോടെ അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങി വാടകവീട് തരപ്പെടുത്തി. കുഞ്ഞുങ്ങളുടെ വയറു നിറയ്ക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീട്.  തുച്ഛമായ പണംകൊണ്ട് തയ്യാറാക്കുന്ന ഇത്തിരി ഭക്ഷണം മക്കൾക്ക് നൽകി പലദിവസങ്ങളിലും പട്ടിണികിടന്നാണ് കരോളിൻ തള്ളിനീക്കിയത്. 1000 പണം പോലും ബാങ്ക് അക്കൗണ്ടിൽ ഇല്ലാതിരുന്ന നാളുകളും ഉണ്ടായി.

കുഞ്ഞുങ്ങളെ പരിപാലിച്ചുകൊണ്ടുതന്നെ ചെയ്യാവുന്ന എന്തെങ്കിലും ജോലിക്കുള്ള ശ്രമങ്ങളും ഇതിനിടെ നടത്തി. പല വഴിക്കും ശ്രമിച്ച് ഒടുവിൽ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ആരംഭിച്ചു. കമ്പ്യൂട്ടർ സ്ക്രീനിന് പിന്നിലിരുന്നു മാത്രം ചെയ്യേണ്ടുന്ന ജോലിയിയതിനാൽ തന്റെ ഉത്കണ്ഠയും വിഷമങ്ങളുമെല്ലാം മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാൻ സാധിച്ചിരുന്നതായി കരോളിന പറയുന്നു. 

കുട്ടികൾക്ക് വേണ്ടതെല്ലാം നൽകാൻ മറ്റാരുമില്ല എന്ന തിരിച്ചറിവിൽ ജീവിതം തിരിച്ചുപിടിക്കാനുള്ള വാശിയായിരുന്നു പിന്നീട് . അധികം വൈകാതെ ബിസിനസ്സിൽ നിന്നും സ്ഥിര വരുമനം കിട്ടിത്തുടങ്ങി. ഒരു വർഷം പിന്നിട്ടപ്പോഴേക്കും കടങ്ങൾ എല്ലാം അടച്ചുതീർക്കാനാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. എന്നാൽ ബിസിനസുമായി ബന്ധപ്പെട്ട് പല ആളുകളുമായി സംസാരിച്ചപ്പോഴാണ് മുൻ ബന്ധങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് മാനസികസമ്മർദ്ദം തരണം ചെയ്യാനാവാതെ ജീവിക്കുന്നവർ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞത്. തന്റെ ജീവിതാനുഭവങ്ങൾവച്ച് അവരെ സഹായിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. 

women-kids-then-now

അങ്ങനെ 2017 ൽ തെറാപ്പിസ്റ്റ് ആവാനുള്ള യോഗ്യത നേടിയെടുത്തു. സൈക്കോതെറാപ്പി കൈകാര്യം ചെയ്യുന്നതിനോടൊപ്പം വിവാഹ ബന്ധം വേർപെടുത്തുന്നവർക്ക് മാനസിക പിന്തുണ നൽകുന്ന  അംഗീകൃത കോച്ചായും പ്രവർത്തിക്കുകയാണ് നിലവിൽ കരോളിൻ. ഒരു മില്യൺ പൗണ്ടിൽ (9 കോടി രൂപ) അധികമാണ് കരോളിൻ ബിസിനസിൽ നിന്നുണ്ടാകുന്ന നേട്ടം. എട്ടു പേർക്ക് ജോലിയും നൽകാനായി. 

കഴിഞ്ഞവർഷമാണ് ആറ് ലക്ഷം പൗണ്ട് (5 കോടി രൂപ)വിലമതിപ്പുള്ള ഒരു വീട് കരോളിൻ സ്വന്തമാക്കിയത്. ഒന്നു മനസ്സുവച്ചാൽ ജീവിതത്തിൽ എന്തും സാധ്യമാകും എന്ന് മക്കൾക്ക് കാണിച്ചുകൊടുക്കാനായ നിമിഷം എന്നാണ് വീട് വാങ്ങിയതിനെക്കുറിച്ച് കരോളിന്റെ പ്രതികരണം. ഡിവോഴ്സ് കോച്ചായി പ്രവർത്തിക്കുന്നതിനിടെയാണ് സൈമണിനെ കരോളിൻ പരിചയപ്പെടുന്നത്. 2018 ൽ ഇരുവരും വിവാഹിതരായി. ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് പുതിയവീട്ടിൽ താമസിക്കുകയാണ് കരോളിൻ. ഒരിക്കൽ ജീവിതം മടുത്തിരുന്നെങ്കിലും ഇപ്പോൾ ജീവിതത്തോട് വല്ലാത്ത അഭിനിവേശമാണ് തോന്നുന്നതെന്ന് ഇവർ പറയുന്നു. നിലംപറ്റിയ ഇടത്തുനിന്നും കഠിനാധ്വാനംകൊണ്ട് ഉയർത്തെഴുന്നേൽക്കാനായതിന്റെ അഭിമാനം വളരെ വലുതാണെന്നും കരോളിൻ പറയുന്നു.

English Summary- Women once Homeless now own Luxury House from Self Effort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com