ADVERTISEMENT

അതിരിൽ നിൽക്കുന്ന അയൽവാസിയുടെ മരത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നമ്മുടെ നാട്ടിൽ പതിവാണ്. ലോകത്തെവിടെയും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് താഴെ പറയുന്ന അനുഭവം വ്യക്തമാക്കുന്നു. ഏതുനിമിഷവും അപകടം സംഭവിക്കുമോ എന്ന ഭയത്തിൽ കഴിയേണ്ടി വരിക. അത്രത്തോളം സമാധാനമില്ലാത്ത ഒരു അവസ്ഥ ജീവിതത്തിൽ മറ്റൊന്നും ഉണ്ടാവില്ല. സ്കോട്ട്ലൻഡിലെ റെൻഫ്ര്യൂഷയറിലുള്ള അലിസൺ മക്ഗ്യാച്ചി എന്ന വനിതയുടെയും കുടുംബത്തിന്റെയും ജീവിതം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇത്തരത്തിലാണ്. വീടിനുപിന്നിൽ നിൽക്കുന്ന അറുപതടിക്കു മുകളിൽ ഉയരമുള്ള കൂറ്റൻ മരങ്ങളാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. 

അലിസണിന്റെ വീടിനോട് ചേർന്ന്  അയൽവാസിയുടെ സ്ഥലത്താണ് മരങ്ങൾ നിരന്നു നിൽക്കുന്നത്. ഏതാനും വർഷങ്ങളായി സ്കോട്ട്‌ലൻഡിൽ കൊടുങ്കാറ്റ് പല തവണ ഉണ്ടാവുകയും ചെയ്തു. ഇതോടെ മരങ്ങൾ വീടിനു മുകളിലേക്ക് മറിഞ്ഞു വീഴുമോ എന്ന ഭയത്തിലാണ് ഇവർ ഓരോ നിമിഷവും തള്ളിനീക്കുന്നത്. എന്നാൽ മരങ്ങളുടെ ഉടമയായ അയൽവാസി 20 വർഷക്കാലമായി അമേരിക്കയിലാണുള്ളത്. 

21 വർഷം മുൻപാണ് അലിസണും കുടുംബവും ഇവിടേയ്ക്ക് താമസം മാറിയത്. മരങ്ങൾ ഭീഷണിയാണെന്ന്  തിരിച്ചറിഞ്ഞപ്പോൾ തന്നെ മറ്റൊരു അയൽവാസിയിൽ നിന്നും സ്ഥലമുടമയുടെ അഡ്രസ്സ് വാങ്ങി വിവരങ്ങൾ ധരിപ്പിച്ചു കൊണ്ട് കത്തെഴുതിയിരുന്നു. അനുകൂലമായ തീരുമാനമെടുക്കാൻ അന്നും അദ്ദേഹം തയ്യാറായിരുന്നില്ല. മരങ്ങൾ പൂർണമായി മുറിച്ചു നീക്കണമെന്ന് തങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്ന് അലിസൺ പറയുന്നു. അവയുടെ ശിഖരങ്ങൾ മുറിച്ചു നീക്കുകയോ അല്പം ഉയരം കുറയ്ക്കുകയോ മാത്രം ചെയ്താൽ മതിയെന്നാണ് ഇവരുടെ അപേക്ഷ. 

ഇത് ചെയ്യുന്നതിന് തങ്ങൾതന്നെ പണം മുടക്കാൻ തയ്യാറാണെന്നും ഇവർ ഉടമയെ അറിയിച്ചിരുന്നു. എന്നാൽ സ്കോട്ട്ലാൻഡിലെ പൈൻമരങ്ങൾ ഏറെ ശക്തിയുള്ളവയാണെന്നും കാറ്റിൽ അവ ഒരുകാരണവശാലും മറിഞ്ഞു വീഴില്ല എന്നുമായിരുന്നു ഉടമയുടെ മറുപടി. മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ അലിസൺ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചു. മരങ്ങൾ നിൽക്കുന്നത് സ്വകാര്യഭൂമിയിലായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണ് അധികൃതരിൽ നിന്നും ലഭിച്ചത്. 

മരങ്ങളുടെ അവസ്ഥ പരിശോധിക്കാൻ വൃക്ഷവിദഗ്ധരെ സമീപിച്ചിരുന്നു. കാറ്റിന്റെ സഞ്ചാരപാതയിൽ തന്നെയാണ് മരങ്ങളുടെ സ്ഥാനമെന്നും  ആഴത്തിൽ വേരോട്ടമില്ലാത്തതിനാൽ അവ മറിഞ്ഞു വീഴാനുള്ള സാധ്യത ഏറെയാണെന്നുമായിരുന്നു ഇവരുടെ കണ്ടെത്തൽ. ചില മരങ്ങളുടെ ശക്തി ക്ഷയിക്കുകയും ചെയ്തിട്ടുണ്ട്. അലിസണിന്റെ വീടിന് പിന്നിൽ അല്പം ഉയരത്തിലാണ് മരങ്ങൾ നിൽക്കുന്നത്. അതിനാൽ ഇവ കടപുഴകി വീണാൽ വീടും പുരയിടവും നാശമാകുമെന്ന് ഉറപ്പ്. ഇതേ കാരണംകൊണ്ട് വീട് കൈമാറ്റം ചെയ്യാനുമാവാത്ത സ്ഥിതിയിൽ എന്തുചെയ്യണമെന്നറിയാതെ ഭയന്ന് കഴിയുകയാണ് കുടുംബം.

English Summary- Neighbours Trees Creating Problem 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com