ADVERTISEMENT

വീട് വിൽക്കുന്നതിനൊപ്പം അതിലുള്ള പഴയ സാധനങ്ങളും വിൽപനയ്ക്ക് വയ്ക്കുന്നവരുണ്ട്. എന്നാൽ അക്കൂട്ടത്തിൽ മനുഷ്യരും ഉൾപ്പെട്ടാലോ! വിചിത്രമെന്നു തോന്നുമെങ്കിലും അത്തരമൊരു പരസ്യമാണ് ഫ്ലോറിഡയിൽ നിന്നും പുറത്തുവരുന്നത്. തന്റെ പഴയ വീടിനൊപ്പം മുൻ ഭർത്താവിനെയും കൂടി വിൽപനയ്ക്കു വച്ചിരിക്കുകയാണ് ഒരു യുവതി. 

ക്രിസ്റ്റൽ ബോൾ എന്ന 43 കാരിയായ യുവതിയാണ് വീടിനൊപ്പം ഭർത്താവായ റിച്ചാർഡിനെയും വിൽപനയ്ക്കുവച്ചിരിക്കുന്നതായി പരസ്യപ്പെടുത്തിയിരിക്കുന്നത്. ഏഴ് വർഷം നീണ്ട ദാമ്പത്യം ബന്ധം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാൽ അതിനുശേഷവും മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തി അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ് ഇരുവരും. ഇതിനു പുറമേ ധാരാളം ബിസിനസ് സംരംഭങ്ങളും രണ്ടുപേരുടെയും പങ്കാളിത്തത്തിൽ നടക്കുന്നുണ്ട്. 

house-with-ex-husband-kitchen

ഫ്ലോറിഡയിലെ പനാമ സിറ്റി ബീച്ചിൽ മൂന്നു വീടുകളാണ് ക്രിസ്റ്റലിന് സ്വന്തമായുള്ളത്. ഇതിൽ രണ്ടെണ്ണം വിൽക്കാനാണ് പദ്ധതി. ഇവയിൽ ഒന്നിൽ റിച്ചാർഡ് നിലവിൽ താമസിക്കുന്നുണ്ട്. 69900 ഡോളറാണ് (5 കോടി രൂപ) വീടിന്റെ വില. എന്നാൽ റിച്ചാർഡിനെ അവിടെ തന്നെ താമസിക്കാൻ അനുവദിക്കുകയാണെങ്കിൽ തുകയിൽ ഇളവുണ്ടാകുമെന്നാണ് പരസ്യത്തിലൂടെ അറിയിക്കുന്നത്. 

പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീടിന്റെ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത പോസുകളിൽ റിച്ചാർഡുമുണ്ട്. ഇതുകൊണ്ടൊന്നും തീർന്നില്ല. താമസത്തിന് എത്തുന്നവർക്ക് റിച്ചാർഡിനെകൊണ്ട് ഏറെ ഉപകാരം ഉണ്ടാകും എന്നും പരസ്യത്തിൽ എടുത്തുപറയുന്നു. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾക്കുമെല്ലാം റിച്ചാർഡിന്റെ സഹായം പുതിയ ഉടമയ്ക്ക് ലഭിക്കും. മൂന്നു കിടപ്പുമുറികളും രണ്ടു ബാത്റൂമുകളും സ്വിമ്മിംഗ് പൂളും ഹോട്ട് ടബ്ബും എല്ലാം ഉൾപ്പെടുന്ന വീടാണ് ഇത്. 

അതേസമയം പലതവണ ഓൺലൈൻ സൈറ്റുകളിൽ നിന്നും പരസ്യം നീക്കം ചെയ്യപ്പെടുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നിയമങ്ങൾക്ക് എതിരാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യ കമ്പനികൾ  ഇത് നീക്കം ചെയ്തത്. എന്നാൽ വാടകക്കാരായി തുടരാൻ അനുവാദം ചോദിച്ചുകൊണ്ട് വീട് വിൽപനയ്ക്കു വയ്ക്കേണ്ടവർക്ക് അതിനുള്ള സാഹചര്യം ഒരുക്കുന്നത് സാധാരണ രീതി ആകണം എന്നതാണ് തന്റെ അഭിപ്രായം എന്ന് ക്രിസ്റ്റൽ പറയുന്നു. 

house-with-ex-husband

വിചിത്ര പരസ്യത്തിന് നിരവധി ആളുകൾ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. പരസ്യത്തിന് അനുകൂലമായി പ്രതികരിക്കുന്നവരും രസകരമായ മറുപടി നൽകുന്നവരുമുണ്ട്. എന്നാൽ ഇതുവരെ വിൽപനകാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. എത്രയും പെട്ടെന്ന് റിച്ചാർഡിനെയും വീടിനെയും ഏറ്റെടുക്കാൻ തയ്യാറായ ഒരു പുതിയ ഉടമ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ക്രിസ്റ്റൽ.

English Summary- Women put Advertisement to Sell House alongwith Ex Husband; Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com