ADVERTISEMENT

ബെംഗളൂരുവിനോളം ചലനാത്മകതയുള്ള മറ്റൊരു നഗരം ഇന്ത്യയിൽ ഇല്ല എന്നുതന്നെ പറയാം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇവിടെയെത്തി താമസമാക്കുന്നവർ ധാരാളമുണ്ട്. ഇതിന്റെ ഫലമായി വാടക വീടുകളുടെയും ഷെയറിങ് ഫ്ലാറ്റുകളുടെയും എണ്ണം ദിനംപ്രതി പതിന്മടങ്ങായി പെരുകുന്നുമുണ്ട്. ഇതിൽ യോജിച്ച ഒരിടം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഥവാ കണ്ടെത്തിയാലും വ്യത്യസ്ത സ്വഭാവക്കാരുമായി ഇടപഴകി ജീവിക്കുക എന്നതാണ് മറ്റു ചിലരെ കുഴയ്ക്കുന്ന കാര്യം. എന്നാൽ  ഇതിനൊരു പരിഹാരമായി അപ്പാർട്ട്മെന്റ് പങ്കിടാൻ ആഗ്രഹിക്കുന്നവരിൽ നിന്നും യോജിച്ചയാളെ തിരഞ്ഞെടുക്കാൻ ചോദ്യാവലിതന്നെ തയ്യാറാക്കിയിരിക്കുകയാണ് ഒരുകൂട്ടർ. 

അസ്ത എന്ന യുവതിയുടെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇപ്പോൾ ചോദ്യാവലി വൈറലായിരിക്കുന്നത്. ബെംഗളൂരുവിൽ അപ്പാർട്ട്മെന്റ് കണ്ടെത്തുകയെന്നത് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് തുല്യമാണെന്ന കുറിപ്പോടെയാണ് ഇവർ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏഴ് ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ ചിലതാകട്ടെ ഏറെ വിചിത്രവുമാണ്. 

ഭക്ഷണരീതി എങ്ങനെയാണെന്നതാണ് ഒന്നാമത്തെ ചോദ്യം. ജോലി ചെയ്യുന്നത് എവിടെയെന്നും എത്ര ദിവസം ജോലിക്ക് പോകേണ്ടിവരുമെന്നും ചോദ്യമുണ്ട്. ഏതു നാട്ടുകാരി ആണെന്നും മുൻപ് വീടുവിട്ട് മാറി താമസിക്കേണ്ടി വന്നിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അത് എത്രകാലമായിരുന്നു എന്നുമെല്ലാം പുതിയ അതിഥി കൃത്യമായി പറയേണ്ടിവരും. വാരാന്ത്യങ്ങൾ എങ്ങനെ ചിലവിടുന്ന ആളാണ് എന്നതാണ് മറ്റൊരു ചോദ്യം. 

ആറാമത്തെ ചോദ്യമാണ് ഏറ്റവും രസകരം. ഒരു വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ സ്പൈഡർമാനും അയൺമാനും ബാറ്റ്മാനും ക്യാപ്റ്റൻ അമേരിക്കയും ബ്ലാക്ക് വിഡോയും മുറിയിൽ ഇരിക്കുന്നത് കണ്ടാൽ ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്നതാണ് അത്.  അമേരിക്കൻ വെബ്സീരീസായ ഫ്രണ്ട്സിലെ ഫീബി, റേച്ചൽ, മോണിക്ക എന്നീ കഥാപാത്രങ്ങളിൽ ആരുമായി നിങ്ങളെ താരതമ്യപ്പെടുത്താനാകും എന്നതാണ് അവസാനത്തെ ചോദ്യം. 

ചോദ്യാവലി വൈറലായതോടെ അത് ഉണ്ടാക്കിയവരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അപ്പാർട്ട്മെന്റ് പങ്കിടാനായി 150 ൽ പരം അപേക്ഷകൾ വരുമ്പോൾ യോജിച്ച ആളെതന്നെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണന്ന് പാഖി ശർമ്മ എന്ന യുവതി പ്രതികരിക്കുന്നു. വാടക നൽകുന്നത് മാത്രം ഒപ്പം താമസിപ്പിക്കാനുള്ള മാനദണ്ഡമായി കാണാനാവില്ലെന്നും ട്വിറ്റർ കുറിപ്പിലുണ്ട്. 

എന്നാൽ ഈ പ്രവണത ശരിയായില്ല എന്ന തരത്തിലാണ് ഭൂരിഭാഗം ജനങ്ങളുടെയും പ്രതികരണം. ഫ്രണ്ട്സ് എന്ന വെബ്സീരീസ് കാണുകയോ സൂപ്പർഹീറോകളോട് താല്പര്യം തോന്നുകയോ ചെയ്യാത്ത പെൺകുട്ടികൾക്ക് ബെംഗളൂരുവിൽ താമസിക്കാനാവില്ലേ? എന്നാണ്  ഒരാളുടെ പ്രതികരണം. മറ്റു ചിലരാവട്ടെ ഇത്തരമൊരു അവസ്ഥയിൽകൂടി കടന്നു പോകാൻ ഇടവരുത്തരുതേ എന്ന പ്രാർത്ഥനയാണ് പങ്കുവയ്ക്കുന്നത്. 

English Summary- questionnaire looking for flatmate in bengaluru viral in twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com