ADVERTISEMENT

ഏത് പൂട്ടിട്ടാലും പൊളിക്കും, എന്തൊക്കെ സുരക്ഷ സൗകര്യങ്ങൾ ഉണ്ടെങ്കിലും കയറും. അത്രയ്ക്ക് സാങ്കേതികവൈദഗ്ധ്യം ഉള്ളവരാണ്   ഇപ്പോഴത്തെ കള്ളൻമാർ. സ്വന്തം വീടും വിലപിടിപ്പുള്ളതും കള്ളൻമാരിൽ നിന്നും സുരക്ഷിതമാക്കാനും സംരക്ഷിക്കാനും  ഏറ്റവും നല്ല മാർഗം കള്ളൻമാരുടെ വരവും മോഷണ രീതികളും കൃത്യമായി അറിഞ്ഞ് സുരക്ഷയൊരുക്കുന്നതാണ്. 'കള്ളനെ താക്കോൽ ഏല്പിക്കുക' എന്നൊരു ശൈലിയുണ്ടെങ്കിലും, ഒരു മുൻമോഷ്ടാവിനെ കൊണ്ട് വീടിന്റെ സുരക്ഷാപാളിച്ചകൾ വിലയിരുത്തി പരിഹരിച്ചാൽ നല്ലതാണ്. പറയാൻ എളുപ്പമാണെങ്കിലും, ഇതൊക്കെ വല്ലതും നടക്കുമോ എന്നാർക്കും തോന്നാം.

എന്നാൽ അങ്ങനെ നല്ലവനായ ഒരു കള്ളനുണ്ട്. എന്താണ് യോഗ്യത എന്ന് നോക്കാം. 20000ത്തോളം വീടുകളിൽ മോഷണം നടത്തിയിട്ടുണ്ട്. ഒമ്പതാം വയസ്സ് മുതൽ അനുഭവപരിചയം. സ്നേഹസമ്പന്നനായ പിതാവാണ് 'കുടുംബബിസിനസ്സി'ലേക്ക് മകനെ കൈപിടിച്ച് കയറ്റിയത്. മോഷണരംഗത്ത് മികച്ച പാരമ്പര്യമുള്ള വ്യക്തിയായിരുന്നു നല്ലവനായ കള്ളൻെറ പിതാവ്. ഈ യോഗ്യതയുടെ പിൻബലത്തിലാണ് വീട് സുരക്ഷിതമാക്കാൻ പൊടിക്കൈകൾ നിർദ്ദേശിക്കുന്നത്. ഡാറിൽ കെന്നഡി എന്നാണ് നല്ലവനായ കള്ളന്റെ പേര്.


ഇപ്പോൾ 58 വയസ്സായി ഇദ്ദേഹത്തിന്. തന്റെ ജോലിക്കായി ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. അതിൽ അഞ്ചു വർഷം ഓസ്ട്രേലിയയിൽ മാത്രമായിരുന്നു സേവനം. ഈ കാലത്ത് പല സമ്പന്നരും പ്രശസ്തരുമായവരുടെ വീടുകളിൽ നിന്ന് പണവും സ്വർണവും മോഷണം നടത്തിയിട്ടുണ്ട്. ഒരു ദിവസം 15 വീടുകളിൽ വരെ കളവ് നടത്തിയിട്ടുണ്ട്. മോഷണത്തിൽ വിദഗ്ധനായതുപോലെതന്നെ അധോലോകത്തും കേമനായിരുന്നു ആശാൻ. സ്വന്തമായി കള്ളൻമാരെ വിളിച്ച് ചേർത്ത് കൊള്ളസംഘം ഉണ്ടാക്കാൻ പോലും കെല്പുള്ള ആളായിരുന്നുവെങ്കിലും പാവങ്ങളുടെ ചില്ലിക്കാശ് മോഷ്ടിച്ചിട്ടില്ല 'നല്ലവനായ' ഈ കള്ളൻ.

house-security-theif
Representative Shutterstock image by Nana Margono

പിന്നെ ഏത് കള്ളനും ഒരു കെട്ടകാലം ഉണ്ടാകുമല്ലോ?. അങ്ങനെ ഒന്ന് മൂപ്പരുടെ ജീവിതത്തിലും സംഭവിച്ചു 2014ൽ. ഒരു അശ്രദ്ധ, കയ്യബദ്ധം. പെട്ടുപോയി. നീണ്ട അഞ്ചു വർഷം അകത്തായി. 2019ൽ ആണ് പുറത്തിറങ്ങിയത്. ഇനി പഴയകാലത്തെ പടിക്ക് പുറത്താക്കി പുതിയ രീതിയിൽ മുന്നോട്ട് പോകാം എന്ന തീരുമാനത്തിലാണ് നീണ്ടകാലംകൊണ്ട് നേടിയ വൈദഗ്ധ്യം മോഷ്ടാക്കളിൽനിന്നും വീടുകളെ  സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാൻ തീരുമാനിച്ചത്.

മോഷ്ടാക്കളിൽ നിന്നും രക്ഷനേടാനായി കെന്നഡി ആശാൻ നിർദ്ദേശിക്കുന്ന ടിപ്പുകൾ.

1.  അയൽവാസിയുമായുള്ള ചങ്ങാത്തം മെച്ചപ്പെടുത്തുക. സ്വന്തം വീട്ടിലെ സിസിടിവി അയൽവാസിയുടെ വീട്ടിലേക്കും അവരുടെ സിസിടിവി നമ്മുടെ വീട്ടിലേക്കും തിരിച്ച് വയ്ക്കുക. മോഷണത്തിന് മുമ്പേ, കയറുന്ന വീട്ടിലെ സിസിടിവികൾ നശിപ്പിക്കുന്നതാണ് കള്ളൻമാരുടെ രീതി. അയൽവാസിയുടെ സിസിടിവി നശിപ്പിക്കില്ല.

2. സ്വീകരണമുറിക്കും അടുക്കളയ്ക്കും നല്ല ഉറപ്പുള്ള വാതിലും ബോൾട്ടും വയ്ക്കുക. കിടപ്പുമുറിയിലാണ് വിലപിടിപ്പുള്ളത് സൂക്ഷിക്കുന്നത് എന്ന പൊതുധാരണ. മറ്റ് കതകുകൾ തകർത്ത്  ബെഡ്റൂമിലെത്തുമ്പോഴേക്കും പോലിസിനെ വിളിക്കാനുള്ള സൗകര്യം ലഭിക്കുന്നതായിരിക്കും.

3 വിലപിടിപ്പുള്ളത് ബീൻബാഗിൽ സൂക്ഷിക്കുക. വിലപിടിപ്പുള്ളത്  അലമാരയിലായിരിക്കും എന്ന പൊതുധാരണ തെറ്റിക്കുക. എല്ലാം ബീൻബാഗിൽ വച്ചാൽ കള്ളന്മാർ അത് അവഗണിക്കാൻ സാധ്യതയുണ്ട്.

കെന്നഡി ആശാൻ തന്റെ ജീവിതാനുഭവത്തിൽ നിന്നും പങ്കിടുന്ന ഈ നുറുങ്ങുകൾ അത്ര നിസാരമായിട്ടുള്ളതല്ല. അപ്പോൾ ഇതൊക്കെ എല്ലാരും ഓർത്തുവച്ചോളൂ..

English SUmmary- How to Protect House from Robbers- Ex-Thief Share Experience

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com