ADVERTISEMENT

ഓരോ ദിവസം കഴിയുന്തോറും ബെംഗളൂരു നഗരത്തിൽ ആകാശം തൊട്ടുനിൽക്കുന്ന കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നുണ്ട്. എന്നാൽ നഗരത്തിലെ ട്രെൻഡിന് നേർവിപരീതമായി പച്ചപ്പിനു നടുവിൽ തികച്ചും പ്രകൃതിദത്തമായ രീതിയിൽ നിർമ്മിച്ചെടുത്ത ഒരു വീടുണ്ട്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായി ജോലിചെയ്യുന്ന കുമാർ - ദീപിക ദമ്പതികളുടെ വീടാണിത്. 

പരമ്പരാഗത രീതിയിലുള്ള കെട്ടിട നിർമ്മാണ ശൈലിയോട് പണ്ടുമുതൽ താൽപര്യമുണ്ടായിരുന്നതിനാലാണ് വീട് തികച്ചും പ്രകൃതി സൗഹൃദമാക്കാൻ ഇവർ തീരുമാനിച്ചത്. ആ തീരുമാനം നടപ്പിലാക്കാൻ ഏറെക്കാലത്തെ ഗവേഷണം നടത്തുകയും ചെയ്തു. ഒടുവിൽ പ്രകൃതിസൗഹൃദവീടുകൾ നിർമ്മിക്കുന്ന വിദഗ്ധരെതന്നെ കെട്ടിടനിർമ്മാണത്തിനായി സമീപിക്കുകയായിരുന്നു. 

2600 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന വീടിന്റെയുള്ളിലേക്ക് കടക്കുമ്പോൾതന്നെ മണ്ണിന്റെ മണം തൊട്ടറിയാനാകും. കളിമൺകട്ടകളും ചപ്പാടി കല്ലുകളും ഉപയോഗിച്ചാണ് ഭിത്തികളുടെ നിർമ്മാണം. ഭിത്തിയിൽ 90 ശതമാനവും പ്ലാസ്റ്ററിങ് നൽകാതെ സ്വാഭാവികത നിലനിർത്തിക്കൊണ്ടാണ് കാത്തുസൂക്ഷിക്കുന്നത്. ശേഷിച്ച ഭാഗത്ത് ചുണ്ണാമ്പുപയോഗിച്ച് പ്ലാസ്റ്ററിങ് നൽകിയിരിക്കുന്നു. കരിങ്കല്ല് ഉപയോഗിച്ചാണ് തൂണുകളുടെ നിർമ്മാണം. നഗരത്തിലെ ചൂടിനെ പ്രതിരോധിക്കാനായി ഓക്സൈഡ് ഫ്ളോറിങ് നൽകിയിട്ടുണ്ട്.  അകത്തളത്തിലെ ഭംഗി വർദ്ധിപ്പിക്കുന്നതിനായി ടെറാക്കോട്ട അലങ്കാരങ്ങളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. 

eco-home-interiors

കടപ്പ, ഷഹബാദ്, കോട്ട കല്ലുകൾ തറയിൽ ഉപയോഗിച്ചിരിക്കുന്നു. വൃത്തിയാക്കാനും പരിചരിക്കാനും എളുപ്പമാണെന്നതിനുപുറമേ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനും ഇതുമൂലും സാധിക്കുന്നുണ്ട്. കട്ടിയുള്ള ഗ്രാനൈറ്റ് കല്ലുകളാണ് സ്റ്റെയർകേസിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഫ്രഞ്ച് ജനാലകൾ നൽകിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കുന്നതിനായി ജനാലകളിൽ പുല്ലിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ബ്ലൈൻഡുകളാണ് ഉപയോഗിക്കുന്നത്. 

eco-home-terrace

പുനരുപയോഗം ചെയ്ത പൈൻ തടികളിൽ നിന്നും നിർമ്മിച്ച വാതിലുകളും ഫർണിച്ചറുകളും മറ്റ് അലങ്കാരവസ്തുക്കളും നിർമ്മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ പ്രകൃതിയോടിണങ്ങിയ ജീവിതം ഉറപ്പാക്കുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർഹീറ്ററും മഴവെള്ള സംഭരണിയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതുമൂലം വാട്ടർ ചാർജ് 40 ശതമാനമെങ്കിലും ലാഭിക്കാനാവുന്നുണ്ടെന്ന് കുമാർ പറയുന്നു. വീട്ടിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നതനായി ടെറസ്സിൽ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. വീട്ടുമാലിന്യങ്ങളിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന കമ്പോസ്റ്റാണ് ഇവയ്ക്കുള്ള വളം. 

English Summary- Sustainable House in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com