ADVERTISEMENT

പുറമേനിന്നു നോക്കിയാൽ ഏറെ ഭംഗിയുള്ള ഒരു പുതുപുത്തൻ ഇരുനില വീട്. ഒറ്റനോട്ടത്തിൽ യാതൊരുവിധ കുറ്റവും പറയാനുമില്ല. എന്നാൽ നിർമ്മാണ സമയത്തെ വലിയ പാകപ്പിഴകളാണ് ആരുടേയും കണ്ണിൽപ്പെടാതെ വീടിനുള്ളിൽ മറഞ്ഞിരുന്നത്. പുതിയ നിർമ്മിതികളുടെ ഗുണനിലവാരം പരിശോധിക്കാൻ ചുമതലപ്പെട്ട സംഘത്തിലെ അംഗങ്ങൾ പകർത്തിയ വീടിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. ഭവന നിർമാണ രംഗത്ത് യുകെയിലെ ഏറ്റവും പേരെടുത്ത ബെൽവേ ബിൽഡേഴ്സ് നിർമിച്ച വീടാണിത്. 

സ്കോട്ട്ലൻഡിലെ എഡിൻബറയിലാണ് ശോചനീയാവസ്ഥയിലുള്ള പുത്തൻവീട് സ്ഥിതിചെയ്യുന്നത്. 265000 പൗണ്ടാണ് (രണ്ടര കോടി രൂപ) വീടിനായി ഉടമസ്ഥർ ചെലവാക്കിയത്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മാത്രമേ  പാകപ്പിഴകൾ ഉടമസ്ഥർക്കും മനസ്സിലാക്കാൻ സാധിച്ചുള്ളൂ. 

ഗ്യാസ് ബോക്സ് സ്ഥാപിച്ചിരിക്കുന്ന രീതിയാണ് ആദ്യത്തെ പ്രശ്നം. തീരെ ശ്രദ്ധയില്ലാത്ത രീതിയിലാണ് ഗ്യാസ് ബോക്സ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബോക്സിന്റെ മൂടി പൂർണ്ണമായി  തുറക്കാനാവുന്നില്ല. പകുതി തുറക്കുമ്പോൾ തന്നെ അത് ഭിത്തിയിൽ തട്ടി കേടുപാടുകളുണ്ടാവുന്ന നിലയിലാണ്. ഇതുമൂലം ബോക്സിനുള്ളിലെ മീറ്റർ പ്രവർത്തിപ്പിക്കാനും സാധിക്കില്ല. 

shocking-house

ഗ്രൗണ്ട് ലെവലിലെ എയർ ബ്രിക്കുകൾ തമ്മിൽ 75 മില്ലിമീറ്ററെങ്കിലും വിടവുണ്ടാകണം എന്നതാണ് നിയമം. എന്നാൽ ഒരിടത്തും  ഇത് പ്രാവർത്തികമാക്കിയിട്ടില്ല. പ്രധാന വാതിലുകളിൽ ഒന്നിന്റെ താഴെ ഭാഗത്ത് വിജാഗിരിയിൽ സ്ക്രൂ ഇല്ലാത്ത അവസ്ഥയിലായിരുന്നു. മറ്റൊരിടത്തുനിന്നും ഒടിഞ്ഞ നിലയിൽ ഒരു സ്ക്രൂ കണ്ടെത്തുകയും ചെയ്തു. 

ഇതുകൊണ്ടൊന്നും തീർന്നില്ല. സ്ലാബിൽ ഘടിപ്പിച്ച വാഷ്ബേസിനിന്റെ ഒരുഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധത്തിൽ തകർന്നിരിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. സ്വിച്ചുകൾ ഘടിപ്പിച്ചിരിക്കുന്നതിലുമുണ്ട് ഏറെ അപാകതകൾ. സ്വിച്ച് ബോർഡ് വെറുതെ ഒന്നുതൊട്ടാൽപോലും ഇളകുന്ന അവസ്ഥയിലാണുള്ളത്.

സ്റ്റെയർകെയ്സുകളുടെ അടിഭാഗം ഉറപ്പില്ലാത്ത വിധത്തിൽ നിർമ്മിച്ചിരിക്കുന്നതും വിഡിയോയിൽ എടുത്തു കാണിച്ചിരിക്കുന്നു.  സ്റ്റെയർകെയ്സിന്റെ നിർമ്മാണ വസ്തുക്കൾ പുറത്തുകാണുന്ന വിധത്തിൽ തന്നെ അവശേഷിക്കുകയാണ്. സ്റ്റെയർകെയ്സിനു വേണ്ട പല ഫിക്സിങ്ങുകളും  ഉപയോഗിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

വിഡിയോ പുറത്തുവന്നതോടെ നൂറുകണക്കിനാളുകളാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. പുതിയ വീട് വാങ്ങാൻതന്നെ ഭയമാകുന്നു എന്നാണ് ചിലരുടെ പ്രതികരണം. ഇതേ നിർമാതാക്കളിൽനിന്നും വീട് സ്വന്തമാക്കിയ പലരും സമാനമായ അവസ്ഥ പങ്കുവയ്ക്കുന്നുണ്ട്. വീട് വാങ്ങി മൂന്നുവർഷത്തിനുശേഷവും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകാത്തവരും ഇതിൽ ഉൾപ്പെടും.

English Summary- Shockingly Unfinished House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com