ADVERTISEMENT

നമ്മുടെ നാട്ടിൽ വിരളമാണെങ്കിലും വിദേശരാജ്യങ്ങളിൽ റിയൽ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഏറെയുണ്ട്. ഇതിൽ മിക്കതും സാങ്കേതികവിദ്യ മുതലെടുത്തുകൊണ്ടുള്ള തട്ടിപ്പുകളാണ്. അത്തരമൊരു തട്ടിപ്പാണ് ഓസ്ട്രേലിയയിലെ പിംപാമയിൽ നടന്നത്. ഓൺലൈനിലൂടെ വീട് വാടകയ്ക്കായി പരസ്യപ്പെടുത്തി നടത്തിയ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. പിംപാമയിലുള്ള ഒരു വീട് സമൂഹമാധ്യമങ്ങളിൽ അടക്കം വാടകയ്ക്കായി പരസ്യപ്പെടുത്തിയിരുന്നു. ഒടുവിൽ ഒരേസമയം മൂന്ന് കുടുംബങ്ങൾ ഇവിടെ താമസിക്കാൻ എത്തിയതോടെ തട്ടിപ്പ് വെളിവാകുകയായിരുന്നു. 

പ്രതിവാരം 500 ഡോളർ (38,000 രൂപ) വാടകയായി ആവശ്യപ്പെട്ടുള്ള പരസ്യംകണ്ടാണ് മാരി ക്ലെയർ എന്ന വനിത താൽപര്യം പ്രകടിപ്പിച്ചത്.  ഉടമകളുമായി ബന്ധപ്പെട്ടതിനു ശേഷം 2000 ഡോളർ (ഒന്നര ലക്ഷം രൂപ) മുൻകൂറായി നൽകി കരാറും ഉറപ്പിച്ചു. എന്നാൽ പിന്നീടാണ് അതേ വീട് മറ്റൊരു ഓൺലൈൻ സൈറ്റിൽ വ്യത്യസ്ത തുകയ്ക്ക് പരസ്യപ്പെടുത്തിയിരിക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. 

ഏജന്റുമായി ബന്ധപ്പെട്ട ശേഷം ഇവർ പൊലീസിന് തട്ടിപ്പ് സംബന്ധിച്ച പരാതി നൽകി. അന്വേഷണത്തിൽ മാരിയ്ക്കു പുറമേ ഒമ്പത് പേർ കൂടി ചതിക്കുഴിയിൽ പെട്ടതായി മനസ്സിലാക്കാനായി. ഇവരിൽ നിന്നെല്ലാമായി 30,000 ഡോളർ (23 ലക്ഷം രൂപ)യാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. 

ഭർത്താവിന്റെ പിന്തുണയില്ലാതെ കഴിയുന്ന പട്രീഷ്യ പൊമർ എന്ന വനിതയാണ് തട്ടിപ്പിനിരയായവരിൽ മറ്റൊരാൾ. അന്നോളം ഉണ്ടായിരുന്ന എല്ലാ സമ്പാദ്യവും ചേർത്തുവച്ചാണ് പുതിയ വീടിന് ഇവർ പണം സ്വരുക്കൂട്ടിയത്. കരാർ പ്രകാരമുള്ള 3000 ഡോളറിനു (2,32,000 രൂപ)പുറമേ നാലാഴ്ചത്തെ വാടകയും ഇവർ മുൻകൂറായി കൈമാറിയിരുന്നു. റജിന ബ്രേ എന്ന യുവതിയാണ് വീടിന്റെ ഉടമ എന്ന നിലയിൽ പട്രീഷ്യയുമായി ബന്ധപ്പെട്ടത്. ഇവർ അയച്ചുനൽകിയ ഫോമുകളും മറ്റും പൂരിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും തട്ടിപ്പുള്ളതായി തോന്നിയിരുന്നില്ല എന്ന് പട്രീഷ്യ പറയുന്നു. 

real-state-scan-news
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

നിലവിൽ താമസിക്കാൻ ഒരിടമില്ലാതെ സ്വന്തം കാറിൽ കഴിയേണ്ട അവസ്ഥയിലാണ് പട്രീഷ്യ. മകളുമായി ചേർന്നാണ് ഇവർ വീട് വാടകയ്ക്കെടുക്കാൻ ഒരുങ്ങിയത്. തട്ടിപ്പിനിരയായതോടെ ഇരുവരും തർക്കത്തിലുമായി. തട്ടിപ്പുകാരെ എത്രയും വേഗം കണ്ടെത്തി ജയിലിൽ അടയ്ക്കണമെന്ന ആവശ്യമാണ് പട്രീഷ്യ ഉന്നയിക്കുന്നത്. 

തട്ടിപ്പിനിരയായവരുടെ കൂടുതൽ പരാതികൾ പുറത്തുവന്നതോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൂടി വീട് വാടകയ്ക്കെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം എന്ന മുന്നറിയിപ്പു നൽകുകയാണ് അധികാരികൾ. ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്തുക എന്നത് നിലവിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ആളുകൾ പെട്ടെന്ന് ചതിക്കുഴികളിൽ പെടുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൈബർ സുരക്ഷാ വിഭാഗവും പോലീസും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. വീട് വാടകയ്ക്ക് എടുക്കുന്നതിനു മുൻപ് ഉടമയുമായി നേരിട്ടുകണ്ട് സംസാരിക്കാനുള്ള അവസരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പുണ്ട്.

English Summary- Rental Scam using Social Media; Real Estate News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com