ADVERTISEMENT

2018ലെ മഹാപ്രളയത്തിൽ എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള ഏലൂര്‍ എന്ന ഗ്രാമവും പൂര്‍ണമായും മുങ്ങി. നിരവധി വീടുകൾ തകർന്നു. ഏലൂരിലെ അറിയപ്പെടുന്ന കോണ്‍ട്രാക്ടറും പരിസ്ഥിതിപ്രവര്‍ത്തകനുമായ പുരുഷന്‍, പ്രളയത്തിന് ശേഷം ആദ്യം ചെയ്തത് പ്രകൃതിക്ക് ദോഷം വരുത്താതെ, ഏത് പ്രളയത്തിനെയും നേരിടാന്‍ കരുത്തുള്ള ഒരു വീട് നിര്‍മിക്കുക എന്നതായിരുന്നു. അച്ഛനമ്മമാര്‍ പണിത വീട് 2018ല്‍ മുങ്ങിയത് പുരുഷന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പ്രളയത്തില്‍ വീട്ടിലുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടെങ്കിലും പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടതാണ് പുരുഷന് വലിയ തിരിച്ചടിയായത്. നദിമലിനീകരണത്തിനെതിരെ നടന്നിട്ടുള്ള എല്ലാ പ്രതിഷേധങ്ങളിലും നേതൃനിരയിലുണ്ടായിരുന്ന ആളായിരുന്നു പുരുഷന്‍.

എങ്കിലും താമസിയാതെ അതേസ്ഥലത്ത് പ്രകൃതിയോടിണങ്ങി ഒരു വീട് അദ്ദേഹം സഫലമാക്കി. ആര്‍ക്കിടെക്ട് ഗംഗാ ദിലീപുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. 36 ലക്ഷം രൂപയാണ് ചെലവായത്. ഒരു തവണ വെള്ളം കയറിയതിനാല്‍ പ്രളയം നേരിടാനുള്ള ഡച്ച് രീതിയാണ് വീട്ടില്‍ പരീക്ഷിച്ചത്. ഇതിനായി വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പില്ലറുകള്‍ ഘടിപ്പിച്ചു. ഈ പില്ലറുകളിലാണ് രണ്ട് നിലകളിലായി 3000 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിരിക്കുന്നത്. പ്രളയത്തില്‍ 8.5 അടിയോളം ഉയരത്തില്‍ വെള്ളം കയറിയിരുന്നതിനാല്‍ പത്തടി ഉയരത്തിലാണ് പില്ലറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമുണ്ടായാല്‍ വെള്ളത്തിന് ഈസിയായി താഴത്തെ നിലയിലൂടെ കടന്ന് പോകാം. 'റൂം ഫോര്‍ എ റിവര്‍ ' എന്ന കണ്‍സപ്റ്റ് ആണിത്.

നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് പരമാവധി കുറച്ചാണ് വീട് നിര്‍മിച്ചത്. ഇതിനായി സിമന്റിന്റെ ഉപയോഗം പരമാവധി കുറച്ചു. കോണ്‍ക്രീറ്റും, ഇഷ്ടിക കട്ടകളും, ടൈലുകളും വരെ പഴയ വീടിന്റേതാണ് ഉപയോഗിച്ചത്. കാര്‍ബണ്‍ അളവ് കുറയ്ക്കുന്നത് കൂടാതെ പഴയ വീടിന്റെ ഓര്‍മ നിലനിര്‍ത്താനും ഇവയ്ക്ക് സാധിച്ചു

eloor-house-interior

വീടിന്റെ ആദ്യത്തെ നില പൂര്‍ണമായും പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ ഭിത്തിയില്‍ ചകിരി നാരും, ഉമിയുമടക്കം നമ്മുടെ ചുറ്റുവട്ടത്ത് നിന്നും ലഭിക്കുന്ന ഒട്ടുമിക്ക എല്ലാ സാധനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഭിത്തിയെ ജങ്ക് വാള്‍ എന്നാണിവര്‍ വിളിക്കുന്നത്. 

ലിവിങ് റൂമിന്റെ സീലിങിന് ഇരുമ്പിന് പകരം മുളയാണ് കൂടുതലായും ഉപയോഗിച്ചത്. ചിലയിടങ്ങളില്‍ സിമന്റും പാകി. രണ്ടാമത്തെ നിലയിലേക്കുള്ള ഗോവണിയിലെ കൈപ്പിടിയിലും മുളയാണ് ഉപയോഗിച്ചത്. ഭംഗിയ്ക്കായി രാജസ്ഥാനി ആന്റിക്ക് പീസുകളും പിടിപ്പിച്ചു. രണ്ടാമത്തെ നിലയില്‍ രണ്ട് ബെഡ്‌റൂമുകളും ഒരു ഹാളുമാണുള്ളത്.

eloor-house-stair

ടെറസില്‍ സോളര്‍ പാനലുകള്‍ പിടിപ്പിക്കുന്ന ജോലി ഇനി ബാക്കിയുണ്ട്. ധാരാളം ജനലുകളുള്ളതിനാല്‍ ചൂട് വീട്ടിലൊരു പ്രശ്‌നമല്ല. വേനല്‍ക്കാലത്ത് പോലും വീടിനുളളില്‍ നല്ല തണുപ്പാണെന്നാണ് പറയാറ്. എന്തൊക്കെയായാലും പ്രകൃതിയോടിണങ്ങി ഒരു വീട് എന്ന തന്റെ സ്വപ്‌നം നിറവേറിയതില്‍ പുരുഷന് സന്തോഷമുണ്ട്. 

English Summary- Man Built Flood Resistant House; Eloor; Veedu news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com