മകളുടെ ജനനം വഴിത്തിരിവായി; പ്രകൃതിസൗഹൃദവീട് വച്ച് ദമ്പതികൾ; ഇവിടെ കറണ്ട് ബില്ലില്ല!

eco-house-bengaluru
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

2009ല്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നറിഞ്ഞ സമയത്താണ് വാണി കണ്ണനും ഭര്‍ത്താവ് ബാലാജിയും തങ്ങള്‍ പ്രകൃതിക്ക് വരുത്തി വയ്ക്കാനൊരുങ്ങുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. കുഞ്ഞിന്റെ ഡയപ്പറുകള്‍, പ്ലാസ്റ്റിക് ഫീഡിങ് ബോട്ടിലുകള്‍ എന്ന് വേണ്ട തങ്ങള്‍ക്കാവശ്യമായി വരുന്ന എന്തും പ്രകൃതിക്ക് ദോഷമാണെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.
ഒരു കുഞ്ഞുണ്ടാവുന്നതിന്റെ പേരില്‍ പ്രകൃതിയെ നോവിക്കാന്‍ പാടില്ലെന്ന ആ തീരുമാനത്തിലാണ് റീയൂസ് ചെയ്യാവുന്നതും ഇക്കോ ഫ്രണ്ട്‌ലിയുമായ സാധനങ്ങളോടുള്ള വാണിയുടെയും ഭര്‍ത്താവിന്റെയും ഇഷ്ടം തുടങ്ങുന്നത്. 2010ല്‍ കുഞ്ഞിനായുള്ള റീയൂസബിള്‍ ഡയപ്പറുകളിലും ഹോം മെയ്ഡ് ഫൂഡിലും തുടങ്ങിയ ഇവരുടെ പ്രകൃതിസ്‌നേഹം 12 വര്‍ഷങ്ങള്‍ക്കിപ്പുറം ബെംഗളുരുവിലൊരുങ്ങിയ ഇക്കോ ഫ്രണ്ട്‌ലി വീട്ടിലെത്തി നില്‍ക്കുകയാണ്.

കുട്ടികള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വളരണം എന്ന ആഗ്രഹത്തില്‍ 2018ലാണ് കുടുംബം ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. കോയമ്പത്തൂരിലെ സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തെങ്കിലും ജീവിതം പഠിക്കണമെങ്കില്‍ അത് പോര എന്ന തോന്നലില്‍ രണ്ട് പേര്‍ക്കും ഹോംസ്‌കൂളിങ് നല്‍കിത്തുടങ്ങി. അതുകൊണ്ട് തന്നെ ഇവരാഗ്രഹിച്ച രീതിയിലുള്ള വീടിന്റെ നിര്‍മാണത്തില്‍ കുട്ടികള്‍ക്കും ഒപ്പം കൂടാനായി. 

2020ലാണ് തങ്ങളുടെ സ്വപ്‌നഭവനത്തിനായുള്ള വാണിയുടെയും ബാലാജിയുടെയും തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. ബെംഗളൂരുവില്‍ അപാര്‍ട്ട്‌മെന്റുകള്‍ നോക്കാമെന്നായിരുന്നു ആദ്യത്തെ പ്ലാന്‍. എന്നാല്‍ അപാര്‍ട്ട്‌മെന്റുകളുടെ വില താങ്ങാവുന്നതിനും അപ്പുറമായിരുന്നതിനാല്‍ തങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ഒരു വീട് വയ്ക്കാം എന്ന് തീരുമാനിച്ചു. ഇതിനായി ബെംഗളൂരുവില്‍ തന്നെയുള്ള മഹിജ എന്ന സ്ഥാപനവുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. നഗരത്തില്‍ തന്നെ 2400 സ്‌ക്വയര്‍ഫീറ്റിലുള്ള ഒരു പ്രോപ്പര്‍ട്ടിയും പറ്റിയ ആര്‍ക്കിടെക്ടിനെയും കിട്ടിയതോടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സുസ്ഥിരമായ ഒരു വീട് എന്ന വാണിയുടെയും ബാലാജിയുടെയും സ്വപ്‌നത്തിന് തുടക്കമായി.

കാലാകാലങ്ങളായി പിന്തുടരുന്ന പല രീതികളും ഒഴിവാക്കിയാണ് അനിരുദ്ധ് വാണി-ബാലാജി ദമ്പതികളുടെ വീടൊരുക്കിയത്. കളിമണ്ണ് ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണമത്രയും. വെറും ഏഴ് ശതമാനം മാത്രം സിമന്റും ചുവന്ന കളിമണ്ണും, മണലും, ചുണ്ണാമ്പും, സ്റ്റീല്‍ ബ്ലാസ്റ്റും വെള്ളവുമുപയോഗിച്ചാണ് വീടിന്റെ ഭിത്തി കെട്ടാനാവശ്യമായ കട്ടകള്‍ നിര്‍മിച്ചത്. മേല്‍ക്കൂരയില്‍ കളിമണ്‍ കട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സ്റ്റീല്‍ റോഡുകളില്‍ കോണ്‍ക്രീറ്റ് പാകിയാണ് സ്ലാബുകള്‍ നിര്‍മിക്കുക. എന്നാലിവിടെ ചിരട്ട പോലെയുള്ള വസ്തുക്കള്‍ കൊണ്ടാണ് ബേസ് ഒരുക്കിയിരിക്കുന്നത്. ഇതിന് മുകളില്‍ കളിമണ്ണ് നിറച്ചതോടെ സ്ലാബ് റെഡിയായി. ഇവ ഏറെക്കാലം കേടുകൂടാതെ ഇരിയ്ക്കുകയും ചെയ്യും സ്റ്റീലും കോണ്‍ക്രീറ്റും ഇല്ലാത്തതിനാല്‍ പ്രകൃതിക്ക് ദോഷവുമല്ല.

eco-house-bengaluru-living

വീടിന്റെ ആവശ്യത്തിനായി പുതിയ തടികളൊന്നും വാണിയും ബാലാജിയും വാങ്ങിയിട്ടില്ല. ഒക്കെയും റീസൈക്കിള്‍ ചെയ്‌തെടുത്തിട്ടുള്ളതാണ്. വീടിന്റെ പ്രധാന വാതിലിന് എണ്‍പത് വര്‍ഷത്തോളം പഴക്കമുണ്ട്. ഇക്കോ ഫ്രണ്ട്‌ലി വീടുകളുടെ ഏറ്റവും വലിയ പ്രത്യേകതയായ 'ഓള്‍വേയ്‌സ് കൂള്‍ ' മുറികളാണ് ഇവരുടെ വീടിനുമുള്ളത്. വീട്ടില്‍ എസിയോ ഫാനോ ഇട്ടില്ലെങ്കില്‍ പോലും അത്രയും തന്നെ തണുപ്പാണ് ഉള്ളില്‍. ഏറ്റവും വലിയ ഹൈലൈറ്റ്, ഇവര്‍ക്ക് കറന്റ് ബില്ലേ വരാറില്ല എന്നതാണ്. ഇത് പക്ഷേ കറണ്ടിന്റെ ഉപയോഗം കുറവായത് കൊണ്ടല്ല. വീട്ടിലേക്കാവശ്യമായ പവര്‍ എത്തുന്നത് സോളര്‍ എനര്‍ജിയിലൂടെയാണ്. 4.8 കിലോ വാട്ടിന്റെ 11 സോളാര്‍ പാനലുകളാണ് വീട്ടിലുള്ളത്. 

eco-house-bengaluru-solar

വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം കുടുംബത്തിന്റെ 2 ഏക്കര്‍ വരുന്ന ഫാമില്‍ നിന്നാണ് എത്തിക്കുന്നത്. ഇത് കൂടാതെ ചെറിയ രീതിയില്‍ ഒരു അടുക്കളത്തോട്ടവും വീട്ടിലൊരുക്കിയിട്ടുണ്ട്. പതിനാല് മാസം കൊണ്ടാണ് ബെംഗളുരുവിലെ നെലഗുല്ലി ഗ്രാമത്തിലുള്ള വീട് നിര്‍മിച്ചത്. ആകെ 55 ലക്ഷം രൂപ വീടിന്റെ നിര്‍മാണത്തിന് ചിലവായി. ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു തങ്ങളുടെ ഇക്കോ ഫ്രണ്ട്‌ലി വീടെന്നാണ് വാണിയും ബാലാജിയും ഒരേ സ്വരത്തില്‍ പറയുന്നത്.

English Summary- Couple Built Sustainable House using Recyclable Materials

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS