ADVERTISEMENT

തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള ലോകപ്രസിദ്ധമായ ടൗണ്‍ഷിപ്പാണ് ഓറോവില്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവരും തുല്യരായ ഒരു ആദര്‍ശലോകമാണ് ഓറോവില്ലിന്റെ ആശയം. മതവും ജാതിയും ദേശവും ഭാഷയും സമ്പത്തുമൊന്നും വേര്‍തിരിവുകള്‍ സൃഷ്ടിക്കാത്ത സാമൂഹിക ജീവിതത്തിന്റെ പരീക്ഷണശാലയാണ് ഓറോവില്‍.


ഓറോവില്ലിനോളം പ്രശസ്തിയാര്‍ജിച്ച ഒന്നാണ് ഓറോവില്‍ സോളാര്‍ കിച്ചൻ എന്ന സമൂഹഅടുക്കള. ദിവസേന ആയിരത്തിലധികം മീലുകള്‍ വിളമ്പുന്ന ഓറോവില്ലിയുടെ സ്വന്തം ഭക്ഷണശാല. ഇവിടുത്തെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ രുചിയറിഞ്ഞവര്‍ പിന്നീടെപ്പോള്‍ ടൗണ്‍ഷിപ്പിലെത്തിയാലും ഇവിടെ കയറാതെ പോവില്ലെന്നാണ് വയ്പ്പ്. രാവിലെ ആറ് മണിക്ക് തുടങ്ങും ഈ അടുക്കളയിലെ ഒരു ദിവസം. വിനോദസഞ്ചാരികള്‍, സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിങ്ങനെ ഓറോവില്ല അടുക്കളയുടെ സ്ഥിരം കസ്റ്റമേഴ്‌സ് നിരവധിയുണ്ട്. മൂന്നേക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ കമ്മ്യൂണിറ്റി കിച്ചണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇവിടെ റൂഫ് ടോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ ബൗള്‍. ടാറ്റ എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത, 18 മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സോളര്‍ ബൗളില്‍ നിന്നുള്ള സ്റ്റീം ഉപയോഗിച്ചാണ് ഇവിടെ പാചകം മുഴുവന്‍ നടക്കുന്നത്.

auroville-solar


1997ല്‍ പ്രശസ്ത ആര്‍ക്കിടെക്ട് സുഹാസിനി അയ്യര്‍ ആണ് ബൗള്‍ ടെറസില്‍ ഡിസൈന്‍ ചെയ്യുന്നത്. സോളര്‍ തെര്‍മല്‍ എനര്‍ജി എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സോളര്‍ ബൗളിന്റെ നിര്‍മാണം. സോളര്‍ റേഡിയേഷന്‍ നേരിട്ട് ആഗിരണം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍. കെട്ടിടത്തില്‍ സോളര്‍ ബൗളിനൊപ്പം തന്നെ സോളര്‍ ചിമ്മിനികളും വെന്റിലേഷനുകളുമുണ്ട്.


കമ്പോസിറ്റ് ഗ്രാനൈറ്റും കംപ്രസ് ചെയ്ത എര്‍ത്ത് ബ്ലോക്കുകളും ഉപയോഗിച്ചാണ് ബൗള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രീഫാബ്രിക്കേറ്റ് ചെയ്ത ഫെറോസിമന്റും മിറര്‍ റിഫ്‌ളക്ടറുകളും ബൗള്‍ ആകൃതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. എല്ലാ വശങ്ങളിലേക്കും തിരിയാന്‍ കഴിയുന്ന ട്രാക്കിങ് ബോയിലറാണ് ബൗളിന്റെ ഒത്ത നടുക്കുള്ളത്. ഇതിലേക്ക് വെള്ളം പമ്പ് ചെയ്ത് സൂര്യപ്രകാശമുപയോഗിച്ച് ഈ വെള്ളം സ്റ്റീമാക്കിയെടുക്കുകയാണ് ചെയ്യുക. ഈ സ്റ്റീം പിന്നീട് കിച്ചനിലുള്ള ബോയിലറിലെത്തും. ഇവിടെ നിന്ന് ഇത് മറ്റൊരു ബോയിലറിലേക്ക് മാറ്റുന്നതോട് കൂടി സോളാര്‍ ബൗളിന്റെ പണി കഴിയും. ഇങ്ങനെ സൂര്യന്‍ കത്തിനില്‍ക്കുന്ന സമയത്ത് ഏകദേശം 11 മണിയോട് കൂടി അടുക്കളിയിലെ ബോയിലര്‍ ഓഫ് ചെയ്യുകയും ശേഖരിച്ചിരിക്കുന്ന സ്റ്റീം ഉപയോഗിച്ച് ആ ദിവസത്തെക്കുള്ള ഭക്ഷണം പാകം ചെയ്യുകയും ചെയ്യാം.

solar-kitchen-inside


ഇഡ്ഡലിയടക്കമുള്ള അരിയാഹാരങ്ങളും മറ്റ് ഭക്ഷണവും എല്ലാം ഇങ്ങനെ സ്റ്റീം ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. വെള്ളം തിളപ്പിക്കാനൊക്കെ ലാഭകരമായി സോളര്‍ എനര്‍ജിയെക്കാള്‍ മികച്ച ഒന്നില്ല. ഇപ്പോള്‍ വലിയ പല ഫൂഡ് പ്രോസസിംഗ് കമ്പനികളും സോളര്‍ ബൗള്‍ എന്ന ആശയം പിന്തുടരുന്നുണ്ട്.

solar-kitchen-interior

സോളര്‍ ബൗള്‍ കൂടാതെ ഗ്രേവാട്ടര്‍ റീസൈക്ലിംഗ്, കംപോസ്റ്റിങ്, മഴവെള്ള സംഭരണി എന്നിവയൊക്കെ ഓറോവില്ല കിച്ചണ്‍ പിന്തുടരുന്നുണ്ട്. ഇവിടെയുള്ള സീവേജ് ട്രീറ്റ്‌മെന്റ്പ്ലാന്റിലൂടെ 70 ശതമാനം മലിനജലവും ശുദ്ധീകരിച്ചുപയോഗിക്കാന്‍ സാധിക്കും.
കെട്ടിടത്തിന്റെ നിര്‍മാണത്തിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കാനും സുഹാസിനി ശ്രമിച്ചിട്ടുണ്ട്. ഇതിനായി സ്റ്റീലും സിമന്റുമൊക്കെ കാര്യമായി കുറച്ചു. കെട്ടിടമിരിക്കുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് നിര്‍മാണത്തിനായുള്ള മണ്‍കട്ടകള്‍ ശേഖരിച്ചത്. നാച്ചുറല്‍ വെന്റിലേഷനും സോളാര്‍ ബൗളുമുള്ളതിനാല്‍ കെട്ടിടത്തിനുള്ളില്‍ വളരെ കുറച്ച് മാത്രമാണ് വൈദ്യുതിയുടെ ഉപയോഗം. ഇത് കൂടാതെ നിര്‍മാണത്തിനുപയോഗിച്ചിക്കുന്ന മിക്ക വസ്തുക്കളും ചൂട് ആഗിരണം ചെയ്യും എന്നതിനാല്‍ കത്തുന്ന വെയിലിലും അകത്ത് കുളിര്‍മ അനുഭവപ്പെടും. ഓറോവില്‍ സന്ദര്‍ശിക്കുന്ന ആരും തന്നെ ഈ കമ്മ്യൂണിറ്റി കിച്ചണും സന്ദര്‍ശിയ്ക്കാതെ പോവാറില്ല. ടെറസിലെ സോളാര്‍ ബൗള്‍ കാണാന്‍ വേണ്ടി മാത്രമായും ആളുകള്‍ ഇവിടെയെത്താറുണ്ട്.

English Summary- Auroville Solar Kitchen, Sustainable Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com