ADVERTISEMENT

കോടീശ്വരന്മാർക്ക് മാത്രം ചെന്നെത്താനാവുന്ന ഒരു ദ്വീപ്. നൈജീരിയയിലെ ലാഗോസിലാണ് വാഴപ്പഴത്തിന്റെ ആകൃതിയിലുള്ള ഈ കൃത്രിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആകൃതിയിലെ പ്രത്യേകതകൊണ്ടുതന്നെ 'ബനാന ഐലൻഡ്' എന്നാണ് ദ്വീപിന് പേര് നൽകിയിരിക്കുന്നത്.  ദ്വീപിലെ ഏറ്റവും സൗകര്യം കുറഞ്ഞ കെട്ടിടം സ്വന്തമാക്കണമെങ്കിൽപോലും കോടികൾ മുടക്കേണ്ടിവരും എന്നതാണ് സാധാരണക്കാരെ ഇവിടെനിന്നും അകറ്റി നിർത്തുന്നത്. 

നൈജീരിയയിലെ ഏറ്റവും വിലമതിപ്പുള്ള സ്ഥലവും നിലവിൽ ബനാന ദ്വീപാണ്. പ്രൗഢികൊണ്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റേതോ ലോകത്തെത്തിയ പ്രതീതിയാണ് ഇവിടെയെത്തുന്നവർക്ക് ഉണ്ടാവുക. വൈദ്യുതി വിതരണത്തിനും ജലവിതരണത്തിനുമായി ഭൂഗർഭ സംവിധാനങ്ങൾ, ശക്തമായ സുരക്ഷ, ഗതാഗതയോഗ്യമായ റോഡുകൾ, മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനുമായുള്ള പ്രത്യേക സംവിധാനങ്ങൾ എന്നിങ്ങനെ നൈജീരിയയിൽ മറ്റൊരിടത്തുമില്ലാത്ത നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വൈദ്യുതി വിതരണത്തിന്റെ കാര്യത്തിൽ ലോകത്തിൽതന്നെ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എന്നിരുന്നാലും ബനാന ദ്വീപിൽ 24 മണിക്കൂറും വൈദ്യുതി ലഭിക്കും എന്ന് ഉറപ്പ്. ബനാന ദ്വീപ് കഴിഞ്ഞാൽ ഈ സൗകര്യങ്ങളിൽ ചിലതെങ്കിലും ഉൾക്കൊള്ളുന്ന നൈജീരിയയിലെ ഒരേയൊരു സ്ഥലം  അവിടുത്തെ പ്രസിഡന്റിന്റെ വസതി മാത്രമാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

banana-island-lagos
Shutterstock image© Kehinde Temitope Odutayo

1.6 മില്യൺ ചതുരശ്ര മീറ്ററാണ്  കൃത്രിമ ദ്വീപിന്റെ ആകെ വിസ്തൃതി. ദ്വീപിനെ 535 പ്ലോട്ടുകളായി തിരിച്ചിരിക്കുന്നു. 1000 ചതുരശ്ര മീറ്റർ മുതൽ 3000 ചതുരശ്ര മീറ്റർ വരെയാണ് ഓരോ പ്ലോട്ടിന്റെയും വിസ്തീർണം. ഇവയിൽ ഏറ്റവും സ്ഥലവിസ്തൃതി കുറഞ്ഞ പ്ലോട്ട് സ്വന്തമാക്കണമെങ്കിൽപോലും നാല് മില്യൺ ഡോളറിനും (31 കോടി രൂപ) ആറ് മില്യൺ ഡോളറിനും (46 കോടി രൂപ) ഇടയിൽ ചിലവഴിക്കേണ്ടിവരും.

കെട്ടിടങ്ങളുടെ വില എട്ട് മില്യൺ ഡോളർ(62 കോടി രൂപ) മുതൽ മുകളിലേയ്ക്കാണ്. വില്ലകളും അപ്പാർട്ട്മെന്റുകളും മറ്റനവധി ബഹുനില കെട്ടിടങ്ങളും ദ്വീപിലുണ്ട്. പാർക്കുകളും ഷോപ്പിങ് മാളുകളും  ബസ് സംവിധാനവും എന്നുവേണ്ട പല വൻകിട നഗരങ്ങളിലെയും സൗകര്യങ്ങളോടു കിടപിടിക്കുന്ന സംവിധാനങ്ങളാണ് ബനാന ദ്വീപിൽ ഉള്ളത്.  

കുറച്ചു കാലത്തേക്ക് മാത്രമാണ് ഇവിടെ താമസിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് വാങ്ങാനും സാധിക്കും. ഒരു വർഷത്തേക്ക് 1,50,000 അമേരിക്കൻ ഡോളറാണ് (1 കോടി 18 ലക്ഷം രൂപ) അപ്പാർട്ട്മെന്റുകളുടെ വാടകയായി നിശ്ചയിച്ചിരിക്കുന്നത്. അത് കുറഞ്ഞതുകയാണെന്ന് കരുതിയെങ്കിൽ അവിടെയുമുണ്ട് മറ്റൊരു പ്രശ്നം. രണ്ടു വർഷത്തേക്കുള്ള വാടക മുൻകൂറായി ആദ്യംതന്നെ അടയ്ക്കണം. ഇടയ്ക്കുവച്ച് താമസം മതിയാക്കിയാൽ പണം തിരികെ ലഭിക്കുകയുമില്ല. അതുകൊണ്ടും തീർന്നില്ല. വാടകയ്ക്ക് വീട് എടുക്കുന്നവർ സേവന ചാർജ് ഇനത്തിൽ പ്രതിവർഷം 17,000 ഡോളർ (13  ലക്ഷം രൂപ) നൽകേണ്ടിവരും. എല്ലാവിധ സൗകര്യങ്ങളുമുണ്ടെങ്കിലും ഉയർന്ന വില മൂലം ഇവിടുത്തെ കെട്ടിടങ്ങളിൽ 60 ശതമാനവും നിലവിൽ ഉടമസ്ഥരോ ആൾപ്പാർപ്പോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

English Summary- Banana Island in Lagos, Nigeria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com