ADVERTISEMENT

2015ല്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക വര്‍ധിച്ചപ്പോള്‍ വീട് വിട്ടിറങ്ങേണ്ടി വന്നതാണ് ബ്രയന്‍ മില്ലര്‍ എന്ന യുകെ സ്വദേശിനിക്ക്‌. ആ സമയത്ത് മൂന്നാമത്തെ മകനും സ്വന്തം കുടുംബമായിരുന്നതിനാല്‍ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ കുറച്ച് തുണിയും തടിക്കഷണങ്ങളുമായി അവര്‍ ഇറങ്ങി- തന്റെ സ്വപ്‌നം ജീവിച്ചു തീര്‍ക്കാന്‍. യാര്‍ട്ട് എന്ന് വിളിക്കുന്ന പോര്‍ട്ടബിള്‍ ഹോമില്‍ ബ്രയന്‍ തന്റെ ജീവിതം തുടങ്ങുന്നത് അങ്ങനെയാണ്.


ഇംഗ്ലണ്ടില്‍ വെല്‍ഷ് കണ്‍ട്രിസൈഡില്‍ 'കറങ്ങി നടന്നാണ്' ഇപ്പോള്‍ അമ്പത്തിയഞ്ചുകാരിയായ ബ്രയനിന്റെ താമസം. പാര്‍ട്ട് ടൈമായി കുതിരയോട്ട പരിശീലകയായും ഗാര്‍ഡനറായും ജോലിയും ചെയ്യുന്നുണ്ട്. നിയമങ്ങള്‍ മൂലം ഓരോ ആറ് മാസം കൂടുമ്പോഴും സ്ഥലം മാറണം എന്നത് മാത്രമാണ് നിലവില്‍ ബ്രയനിനെ ചെറുതായെങ്കിലും വലയ്ക്കുന്നത്. അതൊഴിച്ചാല്‍ ലൈഫ് അടിപാളിയാണ് ബ്രയനിന്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും യാര്‍ട്ട് വയ്ക്കാന്‍ അനുയോജ്യമായ സ്ഥലം നോക്കി വയ്ക്കും. പിന്നീട് തടിയും കര്‍ട്ടനുകളും പരവതാനിയുമൊക്കെ വച്ച് കിടിലനൊരു വീട് സെറ്റ് ചെയ്‌തെടുക്കും. കുടിക്കാൻ മഴവെള്ളം, തണുപ്പകറ്റാന്‍ ചുള്ളിക്കമ്പുകള്‍, കംബോസ്റ്റ് ടോയ്‌ലെറ്റ്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഹിപ്പി ലൈഫ് തന്നെ.

yart-life


ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങിയപ്പോള്‍ ബ്രയന്‍ ആദ്യം ചെന്നത് ഒരു സുഹൃത്തിന്റെ അടുത്തേയ്ക്കായിരുന്നു. ഇവരുടെ ഗാര്‍ഡനിലുള്ള യാര്‍ട്ടില്‍ ഒരാഴ്ചയോളം താമസിച്ചെങ്കിലും ഇത് തകര്‍ന്ന് വീണതോടെ എവിടേക്കെങ്കിലും മാറിയേ പറ്റൂ എന്നായി. ഇതോടെയാണ് പ്രകൃതിയോടിണങ്ങി മറ്റൊരു സ്ഥലത്ത് ബ്രയന്‍ സ്വന്തമായി ആദ്യത്തെ യാര്‍ട്ട് നിര്‍മിക്കുന്നത്. സ്‌കൂളില്‍ മ്യൂസിക് ഫെസ്റ്റിവലിനൊക്കെ ടെന്റുകള്‍ നിര്‍മിച്ചുള്ള പരിചയം വെച്ച് 12 അടി വിസ്തീര്‍ണത്തില്‍ ബ്രയന്‍ ഒരെണ്ണം ഒപ്പിച്ചെടുത്തു. അത് വന്‍വിജയം ആയി. യാര്‍ട്ടില്‍ ജീവിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ആരെയും ആശ്രയിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിച്ചതിന്റെ എല്ലാ ഗുണങ്ങളും ബ്രയന്‍ മനസ്സിലാക്കിത്തുടങ്ങി.

വ്യത്യസ്ത നിറങ്ങളിലുള്ള കര്‍ട്ടനുകള്‍ കൊണ്ടും മറ്റും ഭംഗിയായി അലങ്കരിച്ചിരിക്കുന്ന ബ്രയനിന്റെ യാര്‍ട്ടിനുള്ളില്‍ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളുമുണ്ട്. സ്റ്റൗവ്, ബെഡ് കം സോഫ, പരവതാനികള്‍ പിന്നെ ഒരുപാട് ബുക്കുകള്‍.  240 വാട്ടിന്റെ സോളര്‍ പാനലും ബാറ്ററിയുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്യാനും മറ്റുമൊക്കെ ആവശ്യമായി വരുന്ന കറന്റ് എത്തിക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും മാറേണ്ടി വരുന്നതിനാല്‍ മാറ്റങ്ങള്‍ ബ്രയനിന് പുതുമയല്ല. വീട്ടിനുള്ളിലെ എല്ലാ സാധനങ്ങളും മൂന്ന് ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കാന്‍ ബ്രയനിന് എളുപ്പമാണ്. 

yart-inside

പറ്റുന്നത്രയും കാലം തന്റെ യാര്‍ട്ട് ജീവിതം തുടരണമെന്നാണ്‌ ബ്രയനിന്. ബില്ലുകളോ മറ്റ് ബാധ്യതകളോ ഇല്ലാത്ത ഈ ജീവിതമാണ് തനിക്ക് സമാധാനം നല്‍കുന്നതെന്നും ഇപ്പോള്‍ അടച്ചിട്ട ഒരു വീട്ടില്‍ താമസിക്കുന്നത് ഓര്‍ക്കുന്നതേ ഭയമാണെന്നും ബ്രയന്‍ പറയുന്നു. പച്ചക്കറി കൃഷിയാണ് ബ്രയന്‍ അടുത്തതായി നോട്ടമിട്ടിരിക്കുന്നത്. അറുപത് വയസ്സോടെ എല്ലാ ജോലികളില്‍ നിന്നും വിരമിക്കണമെന്നാണ് ബ്രയനിന്റെ ആഗ്രഹം. തന്റെ വീടിനൊപ്പം ലോകം ചുറ്റാനും ജീവിതം ആസ്വദിച്ച് തീര്‍ക്കാനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബ്രയന്‍.

English Summary- Women Lives Happy life in Portable House after Selling House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com