ADVERTISEMENT

ജനിച്ചു വളര്‍ന്ന വീടിനോട് പ്രത്യേക അടുപ്പമാണ് എല്ലാവര്‍ക്കും. എത്ര വീടുകള്‍ മാറിയാലും എപ്പോഴും തിരികെ പോവാനാഗ്രഹിക്കുന്ന ഒരിടമാവും ആ വീട്. ഇതേപോലെ ജനിച്ചു വളര്‍ന്ന വീടിനോടുള്ള ഇഷ്ടം കൊണ്ട് 104 വര്‍ഷമായി അവിടെ തന്നെ താമസിക്കുന്ന ഒരാളുണ്ട് ബ്രിട്ടനില്‍. ഹത്‌വെയ്റ്റിലെ ബാര്‍ക്കര്‍ സ്ട്രീറ്റ് സ്വദേശിയായ എല്‍സി ആല്‍റോക്ക്.

ബാര്‍ക്കര്‍ സ്ട്രീറ്റിലുള്ള രണ്ട് ബെഡ്‌റൂം വീട്ടില്‍ 1918 ജൂണ്‍ 28നായിരുന്നു എല്‍സിയുടെ ജനനം. 1902ല്‍ തുച്ഛമായ വിലയ്ക്ക് കല്‍ക്കരി തൊഴിലാളിയായിരുന്ന എല്‍സിയുടെ അച്ഛന്‍ വാങ്ങിയതായിരുന്നു വീട്. ജനിച്ച അന്ന് മുതല്‍ ഇപ്പോഴും ഈ വീട്ടിലാണ് എല്‍സിയുടെ താമസം. എല്‍സി ജനിക്കുമ്പോൾ ജോര്‍ജ് അഞ്ചാമനായിരുന്നു ബ്രിട്ടനിലെ രാജാവ്. ഇത്രയും കാലം കൊണ്ട് രണ്ട് ലോകമഹായുദ്ധങ്ങളും നാല് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഭരണവും എല്‍സി ബാര്‍ക്കര്‍ സ്ട്രീറ്റിലെ തന്റെ വീട്ടിലിരുന്ന് കണ്ടു.

old-new-house

അഞ്ച് മക്കളില്‍ ഏറ്റവും ഇളയതായായിരുന്നു എല്‍സിയുടെ ജനനം. എല്‍സിയുടെ പതിനാലാം വയസ്സില്‍ ന്യൂമോണിയ ബാധിച്ച് അമ്മ മരിച്ചതോടെ അച്ഛനെ നോക്കേണ്ട ചുമതല എല്‍സി ഏറ്റെടുത്തു. അച്ഛനുമായി ഏറെ അടുപ്പത്തിലായിരുന്നു എല്‍സി. അതുകൊണ്ട് തന്നെ 1941ല്‍ ബില്ലിന്റെ വിവാഹാലോചന വന്നപ്പോഴും എല്‍സി ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു. അച്ഛനുമൊത്തുള്ള നിമിഷങ്ങള്‍ പങ്കിട്ട വീട് മാറാന്‍ നിര്‍ബന്ധിക്കരുത്. എല്‍സിയുടെ മനസ്സറിഞ്ഞ ബില്‍ വിവാഹശേഷവും ഇവിടെ തന്നെ താമസമാരംഭിച്ചു.

1949ല്‍ അച്ഛന്‍ മരിച്ചതോടെയാണ് വീട് സ്വന്തമായി വാങ്ങുന്ന കാര്യത്തെ പറ്റി ഇരുവരും ആലോചിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 1960ല്‍ ആ രണ്ട് മുറി വീട് ഇരുവരുടെയും സ്വന്തമായി. ഇന്ന് ഏകദേശം 71 ലക്ഷത്തോളം രൂപ വിലവരുന്ന വീട് അന്ന് വെറും 250 പൗണ്ട് അഥവാ ഏകദേശം 24000 രൂപയ്ക്കാണ് എല്‍സി വാങ്ങിയത്. ഇത്രയും തുക അന്ന് കയ്യിലില്ലാതിരുന്നതിനാല്‍ ലോണ്‍ എടുക്കേണ്ടതായി വന്നിരുന്നു. എങ്കിലും വീട് സ്വന്തമായതിന്റെ സന്തോഷമായിരുന്നു എല്‍സിക്ക്.

ബാത്‌റൂം പുതിയതായി നിര്‍മിച്ചതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും വീടിന് എല്‍സിയും ബില്ലും വരുത്തിയില്ല. 1996ല്‍ ബില്ലിന്റെ മരണശേഷവും എല്‍സി ഇവിടെ തന്നെ താമസം തുടര്‍ന്നു. രണ്ട് മക്കളും ആറ് പേരക്കുട്ടികളും അവരുടെ മക്കളുമടക്കം എല്ലാവരുടെയും ജനനവും ഈ വീട് കണ്ടു. ഈ വീട് നല്‍കുന്ന സന്തോഷവും സമാധാനവും മറ്റെവിടെ പോയാലും ലഭിക്കില്ലെന്നാണ് എല്‍സി പറയുന്നത്. അമ്മ മറ്റെവിടെയായാലും സന്തോഷമായിരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അതിനാല്‍ തന്നെ വീട് വിട്ട് മാറി താമസിക്കാന്‍ അമ്മയെ നിര്‍ബന്ധിക്കാറില്ലെന്നും മക്കളും കൂട്ടിച്ചേര്‍ക്കുന്നു.

English Summary- Woman living in same house since a century; News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com