മഴക്കെടുതികളുടെ ഭീതിപ്പെടുത്തുന്ന ഓർമകളുമായി വീണ്ടുമൊരു ഓഗസ്റ്റ് മാസം. നിലവിൽ പല ജില്ലകളിലും മഴ തകർത്തുപെയ്യുകയാണ്. വരുംദിവസങ്ങളിലും തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. അതിനാൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തേണ്ട സമയമാണിത്.
കഴിഞ്ഞ വർഷം ഇതേസമയം മിന്നൽപ്രളയത്തിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാവുകയും വീടുകൾ ഒറ്റപ്പെടുകയും ചെയ്തു. ജലാശയങ്ങളുടെ സമീപം വീടുള്ളവരാണ് ഏറ്റവും ജാഗ്രത പുലർത്തേണ്ടത്. വെള്ളപ്പൊക്കത്തിൽ വീടിന്റെ താഴത്തെ നില മുങ്ങുന്ന സാഹചര്യമുണ്ടായാൽ ഒന്നാം നിലയിൽ അഭയം പ്രാപിക്കാൻ ശ്രമിക്കാതെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറുന്നതാകും ഉചിതം.

വെള്ളം ഉയർന്നു സമീപവാസികളെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറുന്നതോടെ രണ്ടാം നിലയിൽ താമസിക്കുന്നവർ ഒറ്റപ്പെടും. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ലഭിക്കാതെ പോവും. വൈദ്യുതി ബന്ധം നിലയ്ക്കുന്നതോടെ മൊബൈൽ ഫോൺ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളും വെളിച്ചവും ഇല്ലാതാവും. അപ്പോഴേക്കും വീടിനു പുറത്തു രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടാവും. ഇനി അഥവാ മുൻവർഷത്തെ അനുഭവങ്ങൾ വച്ച് മുകൾനിലയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ഇനിയും ശക്‌തമായ മഴ തുടർന്ന് വെള്ളം കയറിയാൽ, വെള്ളം ഒഴുകിപ്പോകാൻ ഒരാഴ്ച സമയമെടുക്കാൻ സാധ്യതയുണ്ട്. ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കേണ്ടതു പ്രധാനമാണ്. ഏറ്റവും കുറഞ്ഞതു താഴത്തെ നിലയിലെ സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ആവശ്യത്തിന് അരി, തേങ്ങ, അവൽ, തേയില, പഞ്ചസാര, ഉപ്പ് എന്നിവ കരുതാൻ ശ്രമിക്കുക. പയർ, പരിപ്പ് എന്നിവയും ലഭ്യമാണെങ്കിൽ ശേഖരിക്കുക.
വെള്ളം മുങ്ങിക്കിടക്കുന്ന ഇടങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവരെ രക്ഷപ്പെടുത്താൻ വഞ്ചി ലഭ്യമല്ലെങ്കിൽ വലിയ ലോഹപ്പാത്രങ്ങൾ അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താം. ഇത്തരം പാത്രങ്ങളിൽ ഇരുന്നു തുഴഞ്ഞു നീങ്ങാൻ ശ്രമിക്കരുത് പകരം മറ്റാരെങ്കിലും മൂന്നുവശങ്ങളിലും നിന്നു പാത്രം മറിയാതെ വെള്ളത്തിലൂടെ ഇവരെ വലിച്ചു കൊണ്ടു നീങ്ങണം.
വെള്ളം കയറിത്തുടങ്ങിയാൽ റോഡിലെ ഓടകളിൽ കാലുതെന്നി വീഴാതിരിക്കാൻ, അപകടമില്ലാത്ത വഴി വ്യക്തമാവും വിധം വടം, പ്ലാസ്റ്റിക്ക് കയർ എന്നിവ കെട്ടി അതിലൂടെ പിടിച്ചു വേണം നടക്കാൻ. നെഞ്ചിനു മുകളിൽ വെള്ളമെത്തിയ സ്ഥലങ്ങളിൽ നടന്നു നീങ്ങാതെ ചെറുവഞ്ചികൾക്കു ശ്രമിക്കുക.
English Summary- Inundated House- Safety Precautions Kerala