സൺഷെയ്ഡിൽനിന്ന് വീണ അനിയനെ രക്ഷിച്ച ചേട്ടൻ; വൈറലായ ആ വിഡിയോ പഠിപ്പിക്കുന്നത്...

sun-shade
Representative Shutterstock Image
SHARE

മലപ്പുറം ചങ്ങരംകുളത്ത് വീടിന്റെ സൺഷെയ്ഡിൽനിന്ന് തെന്നിവീണ അനിയനെ ജ്യേഷ്ഠൻ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ മഴക്കാലത്ത് വീടിന്റെ ടെറസിലും സൺഷെയ്ഡിലുമൊക്കെ പതിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. പൊതുവായി ചില കാര്യങ്ങൾ പറയാം.

ഒട്ടേറെ മലയാളികളുടെയും ബംഗാളികളുടെയും നടുവൊടിച്ച വില്ലനാണ് ഈ സൺഷെയ്ഡ്. ‘സൺഷെയ്ഡ് ആക്സിഡന്റ്’ എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം അപകടങ്ങളിലൂടെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ട്. മറ്റുചിലർ ശിഷ്ടകാലം മുഴുവൻ ശയ്യാവലംബികളായി മാറി.

ജനലുകൾക്കും വാതിലുകൾക്കുമൊക്കെ മഴയിൽനിന്നു സംരക്ഷണമെന്ന പേരിൽ ലിന്റൽ ലെവലിൽ നിന്ന് രണ്ടടി പുറത്തേക്കും മൂന്നിഞ്ച് കനത്തിലും ചെയ്യുന്ന സ്ലാബുകളാണ് സൺഷെയ്ഡ്. ഇത്തരം ഷെയ്ഡുകളിൽ മൺസൂൺകാലത്തു പായൽ പിടിക്കുകയും ക്ലീനിങ്ങിനു കയറുന്നവരുടെ നടു തല്ലിയുള്ള വീഴ്ചയ്ക്കു കാരണമാകുകയും ചെയ്യുന്നു. 

പൊതുവായി പറഞ്ഞാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത നിർമാണരീതികൾ കൂടി ഇതിനുകാരണമാണ്. തിരശ്ചീനമായ കോൺക്രീറ്റ് റൂഫ് വന്നതോടെ മഴവെള്ളം ഒഴുകിയിറങ്ങി പോകാൻ ആവശ്യത്തിന് ഡ്രെയിൻ പൈപ്പുകൾ കൊടുക്കേണ്ടി വന്നു. വെള്ളം റൂഫിൽ നിന്ന് കാലിയാകാൻ ഏറെ സമയം വേണ്ടിവരുന്നു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് പെയിന്റടിച്ച വീടിന്റെ എല്ലാ പുറംഭിത്തികളും മഴയിൽ നനയുന്നു. പുറംഭിത്തികളിൽ സ്ഥാപിച്ച ജനാലകളും മഴയിൽ നനയുന്നു. മഴ കാണാൻ പോലും ജനാല തുറക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. വീടുകൾക്കെന്താ റെയിൻ ഷേഡില്ലാത്തത് എന്ന ചോദ്യം അങ്ങനെയാണ് ചോദിക്കേണ്ടി വരുന്നത്. പക്ഷേ എല്ലാ വീടിനും സൺഷേഡുണ്ടുതാനും. 3000 മില്ലിമീറ്റർ മഴ ചെയ്യുന്ന കേരളത്തിലെ വീടുകൾക്ക് സൺഷേഡു മാത്രം മതിയെന്നു പറയാനാവുമോ?

വാസ്തവത്തിൽ നമുക്ക് ആവശ്യം റെയിൻ ഷെയ്ഡുകളാണ്. നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഇംഗ്ലിഷുകാർ ഇന്ത്യയിൽ നിർമിച്ച കെട്ടിടങ്ങളിലും ഇത്തരം ഷെയ്ഡുകൾ കാണാം. ഒരു മീറ്റർ നീളമുള്ള കഴുക്കോലുകൾ വച്ച് അതിന്റെ മുകളിൽ പട്ടികകൾ വച്ച് ഓടിട്ട് ചെരിഞ്ഞ രീതിയിൽ നിര്‍മിക്കുന്ന വിൻഡോ ഷെയ്ഡുകളാണ് റെയിന്‍ ഷെയ്ഡുകൾ എന്നറിയപ്പെടുന്നത്. ഇതു വൃത്തിയാക്കാൻ എളുപ്പമാണെന്നു മാത്രമല്ല നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്. ജനലുകൾക്കും വാതിലുകൾക്കും മഴയിൽ നിന്നും മറ്റും സംരക്ഷണമേകുന്ന ഇത്തരം ഷെയ്ഡുകളാണ് നമ്മുടെ വീടുകൾക്ക് ആവശ്യം.

മഴക്കാലത്ത് വീടിന്റെ ടെറസും വാട്ടർ ഹോളുകളുമെല്ലാം വൃത്തിയാക്കിയിടേണ്ടത് ആവശ്യമാണ്. പക്ഷേ കേരളത്തിലെ മിക്ക വീടുകളിലും മഴക്കാലമെത്തുമ്പോൾ മാത്രമാകും ടെറസിൽ കയറി ഒരു ആചാരമെന്ന രീതിയിൽ ഇലയും പായലുമൊക്കെ തൂത്തു മാറ്റുന്നത്. ബാക്കി മാസങ്ങൾകൊണ്ട് ടെറസിൽ വീണ പൊടിയും, ഇലയും, ചെളിയുമൊക്കെ മഴയോടൊപ്പം കുഴമ്പു രൂപത്തിൽ ടെറസിൽ പറ്റിക്കിടപ്പുണ്ടാകും. ഇതൊരു വാരിക്കുഴിയാണ്. സൂക്ഷിച്ചില്ലെങ്കിൽ നടുവിടിച്ച് വീഴും. ജാഗ്രതൈ....

English Summary- Sunshade Accidents in Rainy Season- Need for Caution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA