ADVERTISEMENT

കെട്ടിടങ്ങളും നിരത്തുകളും പൊളിച്ചുനീക്കി വികസനപ്രവർത്തനങ്ങൾ നടത്തുന്നത് ലോകത്തൊരിടത്തും പുതുമയുള്ള കാഴ്ചയല്ല. ജനക്കൂട്ടത്തിന്റെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മൂലം ഇത്തരം പൊളിച്ചുനീക്കലുകൾ പലപ്പോഴും തടസ്സപ്പെടാറുമുണ്ട്. അതേപോലെ ബ്രിട്ടനിലെ ഒരു പ്രദേശത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാവാതെ വിഷമിക്കുകയാണ് നഗരത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ.  നഗരത്തിൽ ജീവിച്ചിരുന്ന എല്ലാ ജനങ്ങളും അവിടെനിന്നും താമസം മാറ്റിയിട്ടും പ്രദേശം വിട്ടുപോകാൻ കൂട്ടാക്കാത്ത ഒരേയൊരു വ്യക്തിയാണ് ഇവർക്ക് തലവേദനയായിരിക്കുന്നത്.

സ്‌കോട്ലൻഡിലെ സ്റ്റാൻഹോപ്പ് പ്ലേസ് എന്ന സ്ഥലം ഇപ്പോൾ ബ്രിട്ടനിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമെന്നാണ് അറിയപ്പെടുന്നത്. നിലവിൽ ഇവിടെ ജീവിക്കുന്ന ഒരേയൊരു വ്യക്തിയാണ് നിക് വിസ്ന്യൂസ്കി. പ്രദേശത്തെ കെട്ടിടസമുച്ചയങ്ങളിൽ എല്ലാമായി 128 ഫ്ലാറ്റുകളാണുള്ളത്. ഏകദേശം രണ്ടുവർഷം മുൻപ് നിക് ഒഴികെയുള്ള ജനങ്ങൾ എല്ലാം ഇവിടം വിട്ടു പോയിരുന്നു. എന്നാൽ തന്റെ വീട് ഒഴിയാൻ നിക് മാത്രം ഇന്നോളം തയ്യാറായിട്ടില്ല.

man-alone-aerial

വരും ദിവസങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടൊഴിഞ്ഞു കൊടുത്താൽ 35,000 പൗണ്ടും (33 ലക്ഷം രൂപ) രണ്ടു വർഷത്തേക്ക് വാടക അടയ്ക്കാനുള്ള തുകയും നൽകാമെന്ന് നഗരകൗൺസിൽ വാഗ്ദാനം ചെയ്തിട്ടും നിക്കിന്റെ നിലപാടിൽ മാറ്റം ഒന്നും വന്നിട്ടില്ല. നഗരത്തിൽ നിന്നു മാറാൻ തയ്യാറായാൽ മറ്റൊരിടത്ത് പ്രത്യേക ടെറസ്സുള്ള താമസസ്ഥലം ഒരുക്കി കൊടുക്കാമെന്നുവരെ കൗൺസിലിലെ ഉദ്യോഗസ്ഥർ നിക്കിന് വാഗ്ദാനം നൽകിയിരുന്നു. 

എന്നാൽ രണ്ടു വർഷത്തെ വാടകക്കുള്ള പണം ലഭിക്കുമെങ്കിലും അതിനുശേഷം വീണ്ടും വാടക നൽകിത്തുടങ്ങാനുള്ള സമ്പാദ്യം തന്റെ കയ്യിൽ ഇല്ല എന്നാണ് റിട്ടയേഡ് ബാങ്ക് ജീവനക്കാരനായ നിക്കിന്റെ പക്ഷം. ഇതിനുപുറമേ ഒരു വീട് കണ്ടെത്താൻ ഒരു ലക്ഷം പൗണ്ടിനടുത്താകും എന്നിരിക്കെ  കൗൺസിൽ നൽകുന്ന 35000 പൗണ്ട് എന്ന നഷ്ടപരിഹാരത്തുകയ്ക്ക് മറ്റൊരു വീട് കണ്ടെത്തുക എന്നത് അസാധ്യമാണെന്നും അദ്ദേഹം പറയുന്നു. 

man-alone-house

വീട് ഏത് നിമിഷവും പൊളിച്ചു നീക്കപ്പെടാം എന്ന ഭീഷണിക്ക് പുറമേ സാമൂഹികവിരുദ്ധരുടെയും കള്ളന്മാരുടെയുമെല്ലാം ശല്യവും ഇദ്ദേഹത്തിന് നിലവിൽ നേരിടേണ്ടിവരുന്നുണ്ട്. ആളുകൾ കൂട്ടമായി ഒഴിഞ്ഞതോടെ പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങളെല്ലാം കൗൺസിൽ നീക്കം ചെയ്തു. പല ഫ്ലാറ്റുകളുടെയും ജനാലകളും മറ്റും തകർക്കപ്പെട്ട നിലയിലാണ്. ഇതിനെല്ലാം പുറമേ പ്രദേശമാകെ പുല്ലുകളും ചെടികളും വളർന്ന് കാടുമൂടി കഴിഞ്ഞു. എന്നാൽ എത്രയൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും  വാടക വീട്ടിലേക്ക് താമസം മാറില്ല എന്ന ഉറച്ച നിലപാടിലാണ് നിക്. അതേസമയം നിക്കുമായി നിരന്തരം ചർച്ചകൾ നടത്തി എത്രയും വേഗം അനുകൂലമായ തീരുമാനം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

English Summary- Lone Man Refuse to Vacate Own House; House News Around the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com