പണം വാങ്ങി കോൺട്രാക്ടർ മുങ്ങി; വീടുപണിയിൽ സിനിമാനിർമ്മാതാവിനുണ്ടായത് 9 കോടിയുടെ അധിക ബാധ്യത

house-trajedy
©YouTube Channel4
SHARE

വീട് നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഒട്ടേറെ ചതിക്കുഴികൾ മുന്നിൽ കാണേണ്ടതുണ്ട്. കരാറുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളാണ് അവയിൽ പ്രധാനം. കരാറുകാർ കബളിപ്പിച്ചതിനെ തുടർന്ന് വീടിനായി നീക്കിവച്ച തുകയേക്കാൾ ഒരു മില്യൻ പൗണ്ട്  (9 കോടി രൂപ) അധികം ചെലവാക്കി കടബാധ്യതയിൽപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിയും ചലച്ചിത്ര നിർമ്മാതാവുമായ കോളിനും ഭാര്യ അഡിലെയും. 

മാഞ്ചസ്റ്ററിൽ ഏഴു ലക്ഷം പൗണ്ട് (6 കോടി രൂപ) ബജറ്റിൽ ഒരു വീട് നിർമ്മിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. വുഡും ഗ്ലാസും ഉപയോഗിച്ച് നിർമ്മിക്കാൻ ഉദ്ദേശിച്ച വീടിന്റെ രൂപകല്പന നിർവഹിച്ചത് സ്വീഡൻ സ്വദേശിയായ ആർക്കിടെക്ടാണ്. കൊക്കിലൊതുങ്ങുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കേണ്ടതിനാൽ താരതമ്യേന കുറഞ്ഞചെലവിൽ വീട് നിർമ്മിക്കുന്നതിനായി ലാത്വിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺട്രാക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ വീടിന്റെ നിർമ്മാണം പൂർത്തിയാക്കില്ലെന്ന് മാത്രമല്ല 250000 യൂറോ (ഒരുകോടി 98 ലക്ഷം രൂപ) കൈപ്പറ്റി കോൺട്രാക്ടർമാർ മുങ്ങുകയായിരുന്നു. 

house-trajedy-interior

2018 ലാണ് കോളിന്റെ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ലാത്വിയയിൽനിന്ന് വീട് നിർമ്മാണത്തിനായി ജോലിക്കാർ എത്തുന്ന സമയത്ത് കോളിൻ ചലച്ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ല. നിർമ്മാണം ആരംഭിച്ച് ഒരു വർഷത്തിനുശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ഉയർന്ന പലിശ നിരക്കുള്ള വായ്പയെടുത്തിരുന്നതിനാൽ വീടിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പണയപ്പെടുത്താനായിരുന്നു കോളിന്റെ പദ്ധതി. എന്നാൽ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ തറ മുതൽ മേൽക്കൂരവരെ തൊട്ടുനിൽക്കുന്ന ജനാലകൾ നിർമ്മിക്കുന്നതിനായി കമ്പനി 250000 യൂറോ മുൻകൂറായി വാങ്ങുകയായിരുന്നു.

ക്രിസ്തുമസ് അവധിക്കായി പോയ ജോലിക്കാർ പിന്നീട് മടങ്ങിയെത്തിയതുമില്ല. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ കോളിൻ മുൻകൂർ നൽകിയ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിനും വഴങ്ങില്ല എന്ന നിലപാടിൽ ആയിരുന്നു. കോവിഡ് ലോക്ക്ഡൗൺ കൂടി വന്നതോടെ ജോലികൾ ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു. നിർമ്മാണം പൂർത്തിയാകാത്തതിനാൽ വീട് പണയം വയ്ക്കാനും സാധിക്കുമായിരുന്നില്ല.

house-trajedy-interiors

എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയ കോളിൻ ഒടുവിൽ സഹോദരിയായ ഡോണിന്റെ സഹായം തേടി. ഗ്ലാസ് നിർമ്മാണ കമ്പനി ഉടമയായ ഡോൺ കുറഞ്ഞ നിരക്കിൽ പണി പൂർത്തിയാക്കാമെന്ന് ഏറ്റു. പണയത്തുക ലഭിച്ചശേഷം ബിൽത്തുക നൽകിയാൽ മതിയെന്ന് ഡോൺ പറഞ്ഞതോടെ പണികൾ വീണ്ടും ആരംഭിച്ചു. ഒടുവിൽ 2021 ലാണ് കോളിനും അഡിലെയ്ക്കും തങ്ങളുടെ സ്വപ്നവീട്ടിൽ താമസമാരംഭിക്കാൻ സാധിച്ചത്. കമ്പനിക്ക് കൈമാറിയ പണമടക്കം ഏതാണ്ട് ഒരു മില്യൻ പൗണ്ട് തങ്ങൾക്ക് വീട് നിർമ്മാണത്തിൽ അധികമായി ചെലവായി എന്ന് ഇവർ പറയുന്നു.

രണ്ടു നിലകളിലായി നിർമ്മിച്ചിരിക്കുന്ന വീട്ടിൽ അടുക്കള, ഡൈനിങ് ഏരിയ, ലിവിങ് സ്പേസ്, നാല് കിടപ്പുമുറികൾ, സ്റ്റുഡിയോ, ഓഫിസ്  എന്നിവയാണുള്ളത്. വീട് നിർമ്മാണത്തിനായി ചെലവായ അധികത്തുക അടച്ചുതീർക്കാൻ 20 വർഷം വേണ്ടി വരുമെങ്കിലും തങ്ങളുടെ വീട് ഏറെ ഇഷ്ടപ്പെടുന്നതായി ഇരുവരും പറയുന്നു. ജനാലകൾ നിർമ്മിക്കുന്ന കാര്യം കരാറിൽ പറഞ്ഞിരുന്നില്ലെന്നും വീട് നിർമ്മിക്കുന്നതിനായി വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിൽ കോളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നുമാണ് കമ്പനിയുടെ പക്ഷം.

English Summary- Film Producer falls into Debt Trap after Luxury House Construction Gone Wrong, News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA