ADVERTISEMENT

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരം രാജകുടുംബത്തിന്റെ ചരിത്രത്തോടൊപ്പം എന്നും പരാമർശിക്കപ്പെടുന്ന വിസ്മയനിർമിതിയാണ്. ഏഴു പതിറ്റാണ്ടുകൾ മുൻപ് അധികാരം ഏറ്റെടുക്കുന്ന സമയത്ത് എലിസബത്ത് രാജ്ഞി ജനങ്ങളെ അഭിവാദ്യം ചെയ്തത് ബക്കിങ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ഏറ്റവും ഒടുവിൽ രാജ്യഭരണത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലും രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്തത് ഇവിടെ നിന്നാണ്. എന്നാൽ രാജകീയ മന്ദിരം എന്നതിനപ്പുറം ഒട്ടേറെ പ്രത്യേകതകൾ ബക്കിങ്ഹാം കൊട്ടാരത്തിനുണ്ട്.

buckingham

1761 ൽ ജോർജ് മൂന്നാമൻ രാജാവ് തന്റെ രാജ്ഞിക്കായി വാങ്ങിയ ഇടമാണ് ബക്കിങ്ഹാം കൊട്ടാരം. എന്നാൽ ഇന്നത്തേതിനെ അപേക്ഷിച്ച് നന്നേ ചെറുതായിരുന്ന വീട് ജോർജ് നാലാമന്റെ കാലത്താണ് കൊട്ടാരം എന്ന നിലയിൽ പുതുക്കിപണിതത്. ജോൺ നാഷ് എന്ന ആർക്കിടെക്റ്റിന്റെ സഹായത്തോടെ സ്യൂട്ട് റൂമുകൾ നിർമ്മിച്ചു.

passage

ഫ്രഞ്ച് നിയോ ക്ലാസിക്കൽ ശൈലി പിന്തുടർന്നാണ് കൊട്ടാരത്തിന്റെ പുറംഭാഗം ഒരുക്കിയത്. എന്നാൽ ഉദ്ദേശിച്ചതിലും അധികം തുക നവീകരണത്തിനായി വേണ്ടിവന്നതിനെ തുടർന്ന് ജോൺ നാഷിന് അദ്ദേഹത്തിന്റെ ജോലി നഷ്ടമായിരുന്നു. ജോർജ് നാലാമന്റെ മരണശേഷം അദ്ദേഹത്തിന്റെ അനുജനായ വില്യം നാലാമൻ എഡ്വേർഡ് ബ്ലോർ എന്ന ആർക്കിടെക്റ്റിന്റെ സഹായത്തോടെ കൊട്ടാരത്തിന്റെ നവീകരണം പൂർത്തിയാക്കുകയായിരുന്നു.

buckingham

വിക്ടോറിയ രാജ്ഞിയാണ് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗിക വസതി എന്ന നിലയിൽ ആദ്യം ഏറ്റെടുത്തത്. രാജ്ഞിയുടെ വിവാഹ സമയത്ത് അതിഥികളെ പാർപ്പിക്കാൻ സ്ഥലം മതിയാവില്ല എന്ന് മനസ്സിലാക്കിയതോടെ കൊട്ടാരത്തിലെ ഒരു ഭാഗത്ത് സ്ഥാപിച്ചിരുന്ന മാർബിൾ ആർച്ച് നീക്കം ചെയ്യുകയും അവിടെ മുറികൾ നിർമ്മിക്കുകയും ചെയ്തു. പിന്നീട് 1913 ലാണ് കൊട്ടാരത്തിന്റെ ഫസാഡ് നവീകരിക്കാൻ തീരുമാനമായത്. സർ ആസ്റ്റൺ വെബ് എന്ന ഡിസൈനറിനായിരുന്നു നിർമ്മാണ ചുമതല. പോർട്ട്ലെൻഡ് സ്റ്റോൺ ഉപയോഗിച്ചാണ് അദ്ദേഹം കൊട്ടാരത്തിന്റെ മുഖം മിനുക്കിയത്.

പത്തും നൂറുമല്ല 775 മുറികളാണ് പ്രൗഢമായ കൊട്ടാരത്തിനുള്ളിൽ ഉള്ളത്. 78 ബാത്റൂമുകളും ഇതിൽ ഉൾപ്പെടുന്നു. കൊട്ടാരത്തിലെ ജീവനക്കാർക്കായി മാത്രം 188 കിടപ്പുമുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമേ 92 ഓഫീസ് മുറികളും 19 സ്റ്റേറ്റ് മുറികളും അതിഥികൾക്കായുള്ള പ്രത്യേക ഇടങ്ങളും എല്ലാം കൊട്ടാരത്തിലുണ്ട്. ബോൾ റൂം ആണ് കൊട്ടാരത്തിലെ മുറികളിൽ ഏറ്റവും വലുത്. കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ മുറികളുടെ താഴെയായി സ്ഥിതി ചെയ്യുന്ന വൈൻ നിലവറയാണ് മുറികളിൽ ഏറ്റവും പഴക്കം ചെന്നത്. ജോർജ് മൂന്നാമൻ ഇവിടം സ്വന്തമാക്കുന്നതിന് മുൻപ് തന്നെ നിർമ്മിക്കപ്പെട്ട നിലവറയാണിത്.

കൊട്ടാരത്തിനടിയിൽ കൂടി ഒഴുകുന്ന നദിയാണ് മറ്റൊരു പ്രത്യേകത. ഹാംപ്സ്റ്റഡ് മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ടൈബൺ അരുവി തെംസ് നദിയിൽ എത്തിച്ചേരുന്നതിന് മുൻപായി കൊട്ടാരമുറ്റത്തിനും തെക്കുഭാഗത്തുള്ള കെട്ടിടങ്ങൾക്കും അടിയിലൂടെയാണ് ഒഴുകുന്നത് എന്ന് പറയപ്പെടുന്നു.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി

ബക്കിങ്ഹാം കൊട്ടാരത്തിലെ പൂന്തോട്ടത്തിനുമുണ്ട് ഒട്ടേറെ സവിശേഷതകൾ. ലണ്ടനിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഉദ്യാനമാണ് ബക്കിങ്ഹാമിലേത്. 39 ഏക്കർ വിസ്തൃതിയിലാണ് രാജകീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ലണ്ടനിലെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്റർ പാഡ് ഉള്ളതും ഇതേ പൂന്തോട്ടത്തിലാണ്. രാജകുടുംബത്തിനായി പ്രത്യേക എടിഎമ്മും  ജീവനക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ പോസ്റ്റ് ഓഫിസും കൊട്ടാരത്തിൽത്തന്നെ പ്രവർത്തിക്കുന്നു.

English Summary- Buckingham Palace Architecture Marvel- Heritage Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com