ഭവനരഹിതർക്ക് വർഷം 9.5 ലക്ഷം രൂപ വീതം സഹായം; ശ്രദ്ധനേടി അമേരിക്കൻ നഗരം

denver-homeless-view
Downtown Denver ©Jim Lambert
SHARE

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം. വികസിത രാജ്യങ്ങളിൽപോലും സ്വന്തമായി വീടില്ലാതെ തെരുവിൽ കഴിയുന്ന നിരവധി മനുഷ്യരുണ്ട്. ഇത്തരം പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുവേണ്ടി ഒരു നഗരം നടപ്പാക്കുന്ന പദ്ധതിയാണ് ഇപ്പോൾ ആഗോളശ്രദ്ധ നേടുന്നത്.

വീടില്ലാതെ തെരുവിൽ ഉറങ്ങുന്നവർക്ക് സഹായമേകാൻ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡെൻവർ നഗരത്തിന്റെ ചുമതലയുള്ള ഭരണകൂടം. നഗരകൗൺസിലിനു കീഴിലുള്ള ഷെൽട്ടർ സംവിധാനത്തിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഭവനരഹിതർക്ക് ഓരോരുത്തർക്കും അടുത്ത വർഷം 12000 ഡോളർ (ഒൻപതര ലക്ഷം രൂപ) കൈമാറാനാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഇത്തരക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനായുള്ള നീക്കങ്ങൾക്ക് മുന്നോടിയായിയാണ് ധനസഹായം നൽകാൻ ഭരണകൂടത്തിന്റെ തീരുമാനം. അടിസ്ഥാന വരുമാനം എന്ന നിലയിലാവും ധനസഹായം നൽകുന്നത്.

സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ എന്നീ വിഭാഗങ്ങളിൽ അടക്കമുള്ളവർ ഉൾപ്പെടുന്ന 140 വ്യക്തികൾക്കും കുടുംബങ്ങൾക്കുമാണ് ധനസഹായം നൽകുന്നത്. ഡെൻവർ ബേസിക് ഇൻകം പ്രോജക്ട് എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. അർഹരായവർക്ക് ഓരോ മാസവും ആയിരം ഡോളർ (79000 രൂപ) വീതം നൽകും. താമസസൗകര്യം ഒരുക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് അടിസ്ഥാന വരുമാനവും എന്നതിനാലാണ്  ഇത്തരം ഒരു തീരുമാനമെടുത്തത് എന്ന് മേയറായ മൈക്കിൾ ബി ഹാൻകോക്ക് പറയുന്നു.

denver-city-streets
Downtown Denver.© Jim Lambert

ഷെൽട്ടർ സംവിധാനത്തിൽ കഴിയുന്നവർക്ക് അടിസ്ഥാന വരുമാനം നൽകാനായാൽ അവർക്ക് താമസ സൗകര്യം കണ്ടെത്താൻ സാധിക്കും. ഭരണകൂടം നടത്തുന്ന ഷെൽട്ടറുകളിൽ പാർക്കുന്നവരുടെ എണ്ണം കുറയ്ക്കാനും കൂടുതൽ ആൾക്കാർക്ക് സംരക്ഷണം നൽകാനും സാധിക്കും. പദ്ധതി നടത്തിപ്പിനായി രണ്ട് മില്യൻ ഡോളറാണ് ഭരണകൂടം നീക്കി വയ്ക്കുന്നത്. അമേരിക്കൻ റെസ്ക്യൂ പ്ലാൻ ആക്ട് ഫണ്ടിൽ നിന്നാണ് ഈ തുക സ്വരൂപിക്കുന്നത്.

ഡെൻവറിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കപ്പെടുന്നതെന്നും വീടില്ലാത്തവരുടെ എണ്ണം വെട്ടിക്കുറക്കാൻ ഇതിലൂടെ സാധിക്കും എന്നും ഡെൻവർ ബേസിക് ഇൻകം പ്രോജക്റ്റിന്റെ സ്ഥാപകനായ മാർക്ക് ഡൊനാവൻ അറിയിച്ചു. ഡെൻവറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും വിജയകരമായി പദ്ധതി നടത്താൻ സാധിച്ചിട്ടുണ്ട്. പരീക്ഷണഘട്ടം പൂർത്തിയായാൽ അടുത്ത ഘട്ടത്തിൽ 820 പേർക്ക് സഹായം നൽകാനാവും. 

നിലവിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വീടുകൾ ലഭിക്കുന്നതിന് രാജ്യത്ത് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലുള്ള ഭവനരഹിതർക്ക് സഹായം നൽകുകയും ഭവനക്ഷാമം എന്ന പ്രശ്നം പടിപടിയായി പരിഹരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മാർക്ക് ഡൊനാവൻ പറയുന്നു. ശരിക്കും അനുകരിക്കാവുന്ന ഒരു മാതൃകതന്നെ....

English Summary- Denver to Give 9 Lakhs to Homeless People- Social Housing Schemes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA