എന്തൊരു ബുദ്ധി: വെള്ളം ലാഭിക്കാൻ ടോയ്‌ലറ്റിന് മുകളിൽ വാഷ്ബേസിൻ!

washbasin-closet
© twitter fasc1nate
SHARE

കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും ചെറുക്കാനുള്ള ബദൽമാർഗം എന്ന നിലയിൽ പലരും എടുത്തുകാട്ടുന്നത് സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലിയാണ്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെ ജീവിക്കേണ്ടത് എങ്ങനെയാണെന്നതിനെ സംബന്ധിച്ച് ധാരാളം ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ വെള്ളം പാഴാക്കാതെ ഉപയോഗിക്കാൻ ജപ്പാൻകാർ കണ്ടെത്തിയ ഒരു സൂപ്പർ വിദ്യയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടോയ്‌ലറ്റിൽ ഒരു ചെറിയ മാറ്റം വരുത്തിയാണ് ഈ പരീക്ഷണം. 

ക്ളോസറ്റിന്റെ ഫ്ലഷ്ടാങ്കിനു മുകളിലായി ഒരു വാഷ് ബേസിൻ സ്ഥാപിച്ചാണ് ജപ്പാൻകാർ വെള്ളം ലാഭിക്കുന്നത്. ടാപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ സിങ്ക് കൈ കഴുകാനായി ഉപയോഗിക്കാം. സോപ്പ്, ഹാൻഡ് വാഷ് എന്നിവ വയ്ക്കാനുള്ള ഇടവുമുണ്ട്. ഇത്തരത്തിൽ കൈ കഴുകുന്ന വെള്ളമാണ് നേരെ ഫ്ലഷ് ടാങ്കിൽ ശേഖരിക്കപ്പെടുന്നത്. ഇത് അടുത്ത ഫ്ലഷിനായി ഉപയോഗിക്കാം.

നിസ്സാരമെന്ന് തോന്നാമെങ്കിലും  ഈ ഐഡിയ പ്രാവർത്തികമാക്കിയതിനാൽ ജപ്പാൻ ഓരോ വർഷവും ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വെള്ളം ലാഭിക്കാം എന്നതിന് പുറമേ ബാത്റൂമിനുള്ളിൽ  അനാവശ്യമായി സ്ഥലം പാഴാവില്ല  എന്നതാണ് മറ്റൊരു സവിശേഷത. ഇതു കൂടാത ഒരു സിങ്ക് അധികമായി നിർമ്മിക്കാനുള്ള സാമഗ്രികളും പാഴാക്കാതിരിക്കാനാവും.

ചെറിയ ഒരു മാറ്റത്തിലൂടെ വലിയ രീതിയിൽ വെള്ളം പാഴാകുന്നത് തടയാനുള്ള ഈ വിദ്യ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.  എന്നാൽ ഈ പോസ്റ്റിന്റെ ആധികാരികതയെക്കുറിച്ച് ചിലർ സംശയവുമുയർത്തുന്നുണ്ട്. ഈ വാഷ്ബേസിനിൽ കൈ കഴുകാനുള്ള സൗകര്യം അപര്യാപ്തമാണെന്നും വെള്ളം നാലുപാടും ചിതറുമെന്നുമാണ് ചിലരുടെ പ്രതികരണം. ക്ളോസറ്റിന്റെ വശങ്ങളിൽ നിൽക്കാനുള്ള സ്ഥലമില്ലെങ്കിൽ പുറംവേദനയുള്ളവർക്ക് വാഷ് ബേസിൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവും എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പോരായ്മകൾ പരിഹരിച്ച് ഡിസൈൻ ചെയ്താൽ ഈ ഐഡിയ കൂടുതൽ ഫലപ്രദമാകുമെന്നും അഭിപ്രായങ്ങളുണ്ട്. ഇത്തരമൊരു ടോയ്‌ലറ്റ് കേരളത്തിലെ വീടുകളിൽ സ്ഥാപിച്ചാൽ സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള രസകരമായ കമന്റുകളുമായി മലയാളികളും സജീവമാണ്. 

English Summary- Wash Basin in Toilet- Water Saving Idea- Viral Photos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS