ADVERTISEMENT

പ്രതിസന്ധികൾ വരുമ്പോൾ പിടിച്ചുനിൽക്കാൻ ഒരു കച്ചിത്തുരുമ്പു കിട്ടിയാൽ അതിൽ അഭയം തേടാനാവും ആരായാലും ശ്രമിക്കുന്നത്.  അത്തരത്തിൽ തലചായ്ക്കാൻ ഒരിടം ഉണ്ടാവണമെന്ന ആഗ്രഹത്തിൽ ഒരു വീട് സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ച് കടക്കെണിയിലായിരിക്കുകയാണ് ഓസ്ട്രേലിയ സ്വദേശിനിയായ എമ്മ ലീസ് എന്ന വനിത. നേരത്തെ നടത്തിയ നിക്ഷേപത്തിൽനിന്ന്  വൻതുക ലാഭം കിട്ടുമെന്ന വിശ്വാസത്തിൽ ലക്ഷങ്ങൾ കടംവാങ്ങി വീട് വാങ്ങാനൊരുങ്ങിയാണ് എമ്മ കടക്കെണിയിലായത്.

കാൻസർ രോഗിയായ ഭർത്താവിനൊപ്പം ന്യൂ ബ്രൈറ്റൺ എന്ന സ്ഥലത്ത് വാടകവീട്ടിൽ താമസിക്കുകയായിരുന്നു എമ്മ. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഈ വീട് വില്പന ചെയ്യാൻ തീരുമാനിച്ചതായി  ഉടമസ്ഥൻ അറിയിച്ചു. ചികിത്സയ്ക്കായി ഇവിടെത്തന്നെ തുടരേണ്ടിയിരുന്നതിനാൽ സമീപപ്രദേശങ്ങളിൽതന്നെ വീടുകൾ നോക്കി. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു വാടകവീട് കണ്ടെത്താൻ ഇരുവർക്കും സാധിച്ചിരുന്നില്ല. ഒടുവിൽ വീട് ഒഴിയേണ്ടതിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഭർത്താവിന്റെ ഒരു സുഹൃത്ത് ഫോൺ ചെയ്തതോടെയാണ് ഇവരുടെ ജീവിതം മാറിമറിഞ്ഞത്.

2016ൽ എമ്മയുടെ ഭർത്താവ് നടത്തിയ 134000 ഡോളറിന്റെ (11 ലക്ഷം രൂപ) നിക്ഷേപത്തിൽനിന്നും വൻതുക ഉടനെ തിരികെ ലഭിക്കുമെന്നായിരുന്നു സുഹൃത്തിന്റെ സന്ദേശം. തങ്ങളുടെ ജീവിതത്തിൽ അദ്‌ഭുതം സംഭവിക്കുകയാണെന്ന് കരുതി ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീട് വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യമായതിനാൽ പണമിടപാടിനെക്കുറിച്ചുള്ള വ്യവസ്ഥകൾ എഴുതി ചേർക്കാതെ വീടുടമസ്ഥനുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. 1.8 മില്യൻ ഡോളർ  (14 കോടി )ആയിരുന്നു വീടിന്റെ വില. അപ്പോഴാണ് നികുതി വിഭാഗത്തിലെ നൂലാമാലകൾ മൂലം പണം എത്താൻ വൈകുമെന്ന് സുഹൃത്ത് അറിയിച്ചത്. വീട് വാങ്ങാതെ മറ്റു നിവൃത്തിയില്ലാതിരുന്നതിനാൽ ഡിപ്പോസിറ്റ് തുകയായ 107116  ഡോളർ (88 ലക്ഷം രൂപ) സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടമായി വാങ്ങി. ഇതിനിടെ എമ്മയുടെ ഭർത്താവിന് തലച്ചോറിൽ ശാസ്ത്രക്രിയയും നടത്തിയിരുന്നു.

ഒടുവിൽ തുക പൂർണമായും അടയ്ക്കേണ്ട സമയം എത്തിയിട്ടും പണം ലഭിക്കാതെ വന്നതോടെ കരാറിന്റെ കാലാവധി നീട്ടാനും അതുവരെ അതേവീട്ടിൽ വാടകയ്ക്ക് തുടരാനും ഉടമ അനുവദിച്ചു. എന്നാൽ പുതുക്കിയ കാലാവധി കഴിഞ്ഞിട്ടും പണം നൽകാൻ സാധിക്കാത്തതിനാൽ കരാർ റദ്ദായെന്നും ഇരുവരെയും ഇറക്കി വിടുമെന്നും അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഉടമ അയച്ചു തുടങ്ങി. ഇതേ വീട് 1.85 മില്യൻ ഡോളറിന് (15 കോടി രൂപ) മെൽബൺ സ്വദേശിയായ ഒരു വ്യക്തി വാങ്ങുകയും ചെയ്തു. എന്നാൽ പുതിയ ഉടമയും ഇതേ വീട്ടിൽ താമസിക്കാൻ എമ്മയ്ക്കും ഭർത്താവിനും അനുവാദം നൽകുകയായിരുന്നു. ആഴ്ചയിൽ 670 ഡോളർ (55,000 രൂപ) വാടകയായി നൽകേണ്ടി വന്നതോടെ ഇവരുടെ കീശ കാലിയായി തുടങ്ങി.

കഷ്ടകാലം അവിടംകൊണ്ടും തീർന്നില്ല. ഡെപ്പോസിറ്റ് തുകയിൽ നിന്നും 94000 ഡോളർ തിരികെ നൽകാൻ സാധിക്കില്ല എന്ന് പഴയ ഉടമ അറിയിച്ചു. കരാറിൽ പണത്തെക്കുറിച്ച് വ്യവസ്ഥകളില്ലാത്തതിനാൽ നിയമപരമായി അത് തിരികെ നേടാനും ഇവർക്ക് സാധിച്ചില്ല. ഇതിനിടെ എമ്മയുടെ ഭർത്താവിന് കാലുകളിലും ട്യൂമർ ഉണ്ടെന്ന് കണ്ടെത്തുകയും ജനുവരിയിൽ അദ്ദേഹം മരണപ്പെടുകയും ചെയ്തു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങിയ പണം തിരിച്ചടയ്ക്കാൻ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെ ഡെപ്പോസിറ്റ് തുകയിൽ നിന്നും പണം മടക്കി തരണമെന്ന് മുൻ ഉടമയോട് എമ്മ അഭ്യർത്ഥിച്ചു. ആറുമാസം നീണ്ട ഓർത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം 13,389 ഡോളറാണ് (ഒരു ലക്ഷത്തിപതിനാലായിരം രൂപ) എമ്മയ്ക്ക് തിരികെ ലഭിച്ചത്.

തന്റെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ല എന്നാണ് മുൻ ഉടമയുടെ വാദം. നിക്ഷേപത്തിൽ നിന്നും പണം ലഭിക്കുമെന്ന് നൽകിയ വാഗ്ദാനത്തെ തുടർന്ന് വില പൂർണമായും നൽകുന്നതിന് മുൻപേ വീടുവിട്ടു നൽകുകയും കരാർ കാലാവധി പലതവണ നീട്ടുകയും ചെയ്തിരുന്നു  എന്നും ഇവർ പറയുന്നു.

English Summary- Widow lose Lakhs in Real Estate Beach of Contract- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com