രണ്ടുകോടിയുടെ വീട് ഉടമയറിയാതെ 22 ലക്ഷത്തിന് വിറ്റു; പെരുവഴിയിലായി അമ്മയും മകനും

house-debt
©SWNS
SHARE

നികുതിയിനത്തിൽ കടമുണ്ടെന്ന കാരണത്താൽ ഉടമയുടെ അറിവില്ലാതെ വീട് നിസ്സാര വിലയ്ക്ക് നഗരഭരണകൂടം കൈമാറ്റം ചെയ്തതിനെ തുടർന്ന് പെരുവഴിയിലായിരിക്കുകയാണ് ഒരു അമ്മയും മകനും. ബ്രിട്ടീഷ് സ്വദേശിനിയായ വിക്ടോറിയ ജെങ്കിൻസ് എന്ന വനിതയും 13 കാരനായ മകൻ സാമുമാണ് ഒരു വർഷമായി എല്ലാം നഷ്ടപ്പെട്ട് സ്വന്തമായി പാർക്കാൻ ഇടമില്ലാതെ കഴിയുന്നത്. സ്പെയിനിലെ മാർബെല്ല നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഇവരുടെ വീടാണ് ഭരണകൂടം വിറ്റത്. 

1141985479
representative shutterstock image

വിക്ടോറിയയും  മുൻ ഭർത്താവും ചേർന്ന് ഇരുപത്തിരണ്ട് വർഷം മുൻപാണ് രണ്ട് ബെഡ്റൂമുകളുള്ള ഫ്ലാറ്റ് സ്വന്തമാക്കിയത്.  വസ്തുവിൻമേൽ പണയമോ മറ്റു കടങ്ങളോ ഉണ്ടായിരുന്നില്ല. ഭർത്താവുമായി ബന്ധം പിരിഞ്ഞ ശേഷവും വിക്ടോറിയയും മകനും ഇവിടെ  താമസിച്ചുവരികയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം വീട് ഒഴിയണമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് ലഭിച്ചപ്പോഴാണ് ഭരണകൂടത്തിന്റെ നീക്കങ്ങൾ വിക്ടോറിയ ആദ്യമായി അറിയുന്നത്. 

നികുതിയിനത്തിൽ മുൻ ഭർത്താവ് 3500 പൗണ്ട് (മൂന്ന് ലക്ഷം രൂപ) അടയ്ക്കാനുണ്ടെന്നും ഇത് തിരികെ പിടിക്കുന്നതിനായി വീട് വില്പന ചെയ്തെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. നികുതി അടയ്ക്കാനുണ്ടെന്നുള്ള അറിയിപ്പ് പോലും വിക്ടോറിയയ്ക്ക് ലഭിച്ചിരുന്നില്ല. 2,80,000 പൗണ്ട് (രണ്ടുകോടി 67 ലക്ഷം രൂപ) വിലമതിപ്പുള്ള വീട് കേവലം 24,000 പൗണ്ടിനാണ് (22 ലക്ഷം രൂപ) പ്രാദേശിക ഭരണകൂടം കൈമാറ്റം ചെയ്തത്. വീട് ഒഴിയണമെന്ന ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് വിക്ടോറിയ നിയമസഹായം തേടിയിരുന്നു. നികുതി അടവ് സംബന്ധിച്ച് തനിക്ക് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് ഇവർ പറഞ്ഞത് പ്രകാരം നടത്തിയ അന്വേഷണത്തിൽ  നോട്ടീസുകളും കത്തുകളും തെറ്റായ വിലാസത്തിലേക്കാണ് അയച്ചിരുന്നതെന്ന് കണ്ടെത്തി. സ്പെയ്നിൽ താമസം ആരംഭിച്ച ശേഷം തന്റെ വിലാസത്തിലോ ഇ-മെയിൽ ഐഡിയിലോ ഫോൺനമ്പറിലോ മാറ്റം വരാത്ത സ്ഥിതിക്ക് ഇല്ലാത്ത വിലാസത്തിലേക്ക് കത്തയച്ചത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് വിക്ടോറിയയുടെ വാദം.

എന്നാൽ കോടതി ഭരണകൂടത്തിന് അനുകൂലമായി വിധിയെഴുതിയതോടെ വിക്ടോറിയയ്ക്ക് മകനുമൊത്ത് വീടുവിട്ടിറങ്ങേണ്ടി വന്നു. വീട് വില്പന ചെയ്തതിൽ നിന്നും ലഭിച്ച തുകയിൽ 3500 പൗണ്ട് പിടിച്ചെടുത്ത ശേഷം ബാക്കിയുള്ള പണവും നടപടിക്രമങ്ങൾക്കുള്ള ഫീസ് എന്ന നിലയിൽ പ്രാദേശിക ഭരണകൂടം തന്നെ കൈപ്പറ്റുകയായിരുന്നു. ഇതോടെ വീടും പണവും ഇല്ലാതെ വിക്ടോറിയ മകനുമൊത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഒരു വർഷമായി നീതി ലഭിക്കുന്നതിനായുള്ള പോരാട്ടങ്ങളുമായി തുടരുകയാണ് ഇവർ. അതേസമയം വിക്ടോറിയയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് വിവരം. ഇത്തരത്തിൽ ഭരണകൂടം തങ്ങളുടെ സ്ഥലം പിടിച്ചെടുത്തു എന്ന ആരോപണവുമായി നിരവധി ആളുകൾ ഇതേ പ്രദേശത്തു നിന്ന് തന്നെ രംഗത്തുവരുന്നുണ്ട്. 

English Summary- Mother son homeless after officials secretely sell their Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS