ADVERTISEMENT

വീട് നിർമ്മിക്കുമ്പോൾ അതിന്റെ വലുപ്പവും സ്ഥലവിസ്തൃതിയുമെല്ലാം സംബന്ധിച്ച് ഒട്ടേറെ നിബന്ധനകളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ അല്പം കൂടി കർശനമാണ്. ചിലപ്പോൾ നിസ്സാര കാര്യത്തിനു പോലും വൻ തുക പിഴ അടയ്ക്കേണ്ടി വന്നെന്നും വരാം. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് സ്വദേശിനിയായ മിറാൻഡ ഡിക്സൺ എന്ന വനിത. വീടിന്റെ വാതിൽ പിങ്ക് നിറത്തിൽ പെയിന്റ് ചെയ്തതിനെ തുടർന്നാണ് മിറാൻഡ നഗര കൗൺസിലിന്റെ എതിർപ്പ് നേരിടുന്നത്.

പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശത്താണ് പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. 2019 ലാണ് മിറാൻഡ ഈ വീട് സ്വന്തമാക്കിയത്.  രണ്ടുവർഷം ചെലവിട്ട് വീട് ഇഷ്ടപ്പെട്ട രീതിയിൽ നവീകരിക്കുകയും ചെയ്തു. ജോർജിയൻ വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച വീടാണിത്. നവീകരണങ്ങളെല്ലാം കഴിഞ്ഞതിനുശേഷം ഫിനിഷിങ് ടച്ച് എന്ന നിലയിലാണ് മുൻ വാതിൽ ഇളം പിങ്ക് നിറത്തിൽ പെയിന്റ് ചെയ്തത്. കാണുന്നവർക്കെല്ലാം ഈ വാതിൽ ഏറെ ആകർഷകമായി തോന്നിയിരുന്നു എന്ന് മിറാൻഡ പറയുന്നു.

വീടിനു മുന്നിൽ കൂടി കടന്നു പോകുന്നവർ വാതിൽ കാണാനായി മാത്രം വാഹനങ്ങൾ നിർത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.  എന്നാൽ ഇതിനിടെയാണ് തനിക്കെതിരെ പരാതി ലഭിച്ചു എന്ന കാരണത്താൽ വാതിലിന്റെ നിറം മാറ്റണം എന്ന നിർദ്ദേശം ഭരണകൂടം പുറപ്പെടുവിച്ചത്. പിങ്കിനു പകരം വെളുപ്പുനിറം പെയിന്റ് ചെയ്യണമെന്നാണ് നിർദ്ദേശം.

മിറാൻഡ ഈ നിർദ്ദേശം പാലിക്കാത്ത പക്ഷം 2000 പൗണ്ടാണ് ( ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരം രുപ) പിഴയായി അടക്കേണ്ടത്.  ഇതിനു പുറമേ വീട് ചരിത്രപ്രാധാന്യമുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ നിയമങ്ങൾ തെറ്റിക്കുന്നു എന്ന കുറ്റം ചുമത്തിയാൽ 20,000 പൗണ്ട് (19 ലക്ഷം രൂപ) പിഴ അടയ്ക്കേണ്ടി വരും. എന്നാൽ ഇതേ പ്രദേശത്തു തന്നെ ചുവപ്പ് അടക്കമുള്ള നിറങ്ങളിൽ വാതിലുകൾ പെയിന്റ് ചെയ്തിരിക്കുന്ന ധാരാളം വീടുകളുണ്ട് എന്നതാണ് മിറാൻഡയുടെ പക്ഷം. ജോർജിയൻ ശൈലിക്ക് ചേരുന്ന നിറം ഉപയോഗിച്ചാണ് താൻ വാതിൽ അലങ്കരിച്ചിരിക്കുന്നത്. തന്നോനോടുള്ള വൈരാഗ്യം മൂലമാണ് ഇത്തരമൊരു പരാതി ഉയർന്നു വന്നതെന്നും ഇവർ പറയുന്നു. 

കൃത്യമായി ഏതു നിറം വാതിലിൽ നൽകണം എന്ന് സംബന്ധിച്ച് നിർദ്ദേശങ്ങൾ ഇല്ല എന്നതാണ് മറ്റൊരു വാദം. എന്തായാലും കൗൺസിലിന്റെ നിർദേശം പാലിച്ചുകൊണ്ട് പിങ്ക് നിറം നീക്കം ചെയ്യാനും പകരം കടും ചുവപ്പുനിറം പെയിന്റ് ചെയ്യാനുമാണ് മിറാൻഡയുടെ തീരുമാനം. അതേസമയം വാതിലിന്റെ പിങ്ക് നിറം സ്ഥലത്തിന്റെ ചരിത്ര പശ്ചാത്തലത്തിനും വീടിന്റെ ആകൃതിക്കും യോജിക്കുന്നതല്ല എന്നതാണ് കൗൺസിലിന്റെ വിശദീകരണം. മിറാൻഡ നിർദേശം പാലിക്കാത്ത പക്ഷം ശക്തമായി നിയമം നടപ്പിലാക്കേണ്ടി വരുമെന്നും നഗര കൗൺസിൽ പറയുന്നു.

English Summary- Woman told to change door color or pay fine- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com