ADVERTISEMENT

ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വിരസത തോന്നിയാൽ അതിനെ മറികടക്കാൻ മനുഷ്യനു മുന്നിൽ നൂറു മാർഗ്ഗങ്ങൾ ഉണ്ടാവും. ഏറ്റവും ലളിതമായ വഴികൾ മുതൽ ജീവൻ പണയംവച്ചുള്ള സാഹസികതകൾ വരെ ഈ കൂട്ടത്തിൽ പെട്ടെന്നുവരാം. എന്നാൽ തന്റെ ബോറടി മാറ്റാനായി ബ്രിട്ടീഷ് സ്വദേശിയായ ഡാനിയൽ എമിലിൻ ജോനസ് എന്ന വ്യക്തി കണ്ടുപിടിച്ച മാർഗ്ഗം ഇതിൽ നിന്നെതെല്ലാം വ്യത്യസ്തവും ഏറെ വിചിത്രവുമാണ്. വീട്ടിലെ പൂന്തോട്ടത്തിൽ ലോകത്തിലെ ഏറ്റവും അപകടകാരി എന്ന വിശേഷണമുള്ള ചെടി നട്ടുപിടിപ്പിച്ചാണ് ഡാനിയൽ തന്റെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്.

ജിംപി - ജിംപി എന്നാണ് ഈ ഭീകര ചെടിയുടെ വിളിപ്പേര്. കൊടിത്തൂവയോട് (ചൊറിതനം) ഏറെ സാമ്യമുള്ള ഈ ചെടി ശരീരത്തിൽ മുട്ടിയാൽ ആസിഡ് വീണ പോലെ പൊള്ളുകയും ഷോക്ക് ഏൽക്കുകയും ചെയ്ത പ്രതീതി ഒരേസമയത്ത് ഉണ്ടാകും. മാത്രമല്ല ഈ വേദന ആഴ്ചകളും ചിലപ്പോൾ മാസങ്ങളും അനുഭവിക്കേണ്ടിവന്നു എന്നുംവരാം. ചിന്തിച്ചു നോക്കാൻ പോലും ആവാത്ത അനുഭവം എന്നാണ് ചെടി ശരീരത്തിൽ തട്ടി വേദന അനുഭവിക്കേണ്ടി വന്നവർ വിശദീകരിക്കുന്നത്. ഇത്രയും ഭീകരതയുള്ള ഒരു ചെടിയെ ഡാനിയൽ നട്ടുപിടിപ്പിച്ചതിന് ഒരു കാരണമുണ്ട്.

danger-plant

ചെടി വളർത്തൽ ഏറെ ഇഷ്ടപ്പെടുന്ന ഡാനിയൽ വീട്ടിൽ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം ഏറെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന അദ്ദേഹത്തിന് കുറച്ചു കഴിഞ്ഞപ്പോൾ ഒരേതരം ചെടികൾ കണ്ട്  വല്ലാതെ മടുപ്പ് തോന്നിത്തുടങ്ങി. എന്നാൽ പിന്നെ പൂന്തോട്ടം ഒരുക്കുന്നതിൽ അല്പം നാടകീയത ഉൾപ്പെടുത്തിയേക്കാം എന്ന് കരുതിയാണ് അദ്ദേഹം ജിംപി - ജിംപിയുടെ വിത്തുകൾ വാങ്ങിയത്. അറുപത് ഓസ്ട്രേലിയയിൽ ഡോളർ (3000 രൂപ) ആയിരുന്നു വില. ശ്രദ്ധ ചെല്ലാത്തിടത്ത് ഇവയുടെ വിത്തുകൾ വീണ് വളർന്നാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്ത്  വീടിന്റെ ഏറ്റവും മുൻഭാഗത്തുള്ള മുറിയിൽ ഒരു ചെടിച്ചട്ടിയിൽ തന്നെ ചെടി സ്ഥാപിക്കുകയും ചെയ്തു.

വീട്ടിലെത്തുന്ന അതിഥികൾക്ക് അപകടം  ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ എന്നോണം ഒരു കൂടിനുള്ളിലാണ് ചെടിച്ചട്ടി വച്ചിരിക്കുന്നത്. ഇതിനു പുറത്ത് ഡെയ്ഞ്ചർ സൈനും സ്ഥാപിച്ചിട്ടുണ്ട്. എന്തായാലും ചെടിയുടെ വരവോടെ ഡാനിയലിന്റെ ബോറടി മാറി എന്നുമാത്രമല്ല ഇപ്പോൾ വീട്ടിലേക്ക് വരുന്നവർക്കും വീട്ടിലുള്ളവർക്കും ചെടിമൂലം അപകടം ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട പുതിയൊരു ജോലി കൂടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

English Summary- Man Grows Dangerous Plant out of Boredom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com