ADVERTISEMENT

വീട് ചെറുതോ വലുതോ ആകട്ടെ, അത് നിർമ്മിക്കാൻ ചെലവായ തുകയേക്കാൾ അൽപമെങ്കിലും ഉയർന്ന തുകയ്ക്ക് കൈമാറ്റം ചെയ്യാനാവും ഉടമസ്ഥർ ശ്രമിക്കുന്നത്. എന്നാൽ നിർമ്മാണ ചെലവിന്റെ മൂന്നിലൊന്ന് തുക പോലും ലഭിക്കാതെയാണ് അടുത്തയിടെ പെൻസിൽവാനിയയിലെ ഒരു ബംഗ്ലാവിന്റെ വിൽപന നടന്നത്. 35 മില്യൺ ഡോളർ (282 കോടി രൂപ) മുടക്കി നിർമ്മിച്ച ബംഗ്ലാവാണ് വെറും 9.26 മില്യൺ ഡോളറിന് (74 കോടി രൂപ) കൈമാറ്റം ചെയ്തത്.

loss-mansion-exterior

ഹെഡ്ജിന്റെ ഫണ്ട് മാനേജരായ ആൻഡ്രൂ ബറോവേയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവാണിത്. 2006 ൽ 12 മില്യൻ ഡോളർ (96 കോടി രൂപ) മുടക്കിയാണ് വീടുവയ്ക്കാനുള്ള സ്ഥലം ആൻഡ്രൂ സ്വന്തമാക്കിയത്. അവിടെ ഗോഥിക് റിവൈവൽ ശൈലിയിലുള്ള ബംഗ്ലാവ് നിർമ്മിച്ചെടുക്കുന്നതിനായി വർഷങ്ങൾ വേണ്ടിവന്നു. 13000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ ബംഗ്ലാവാണിത്. ആറ് കിടപ്പുമുറികൾ, ഒൻപത് ബാത്റൂമുകൾ, ഏഴ് കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഗ്യാരേജ്, ഇൻഡോർ സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്ട്, സിനിമാ തിയറ്റർ, വൈൻ നിലവറ, അഞ്ച് ഫയർ പ്ലേസുകൾ എന്നിവയ്ക്ക് പുറമെ അതിഥികൾക്കായി ഒരു പ്രത്യേക അപ്പാർട്ട്മെന്റ് വരെ ബംഗ്ലാവിനോട് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. 32 ഏക്കർ സ്ഥലത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

loss-mansion

ഏറെ ആഗ്രഹിച്ചു നിർമ്മിച്ച ബംഗ്ലാവാണിതെങ്കിലും വളരെ കുറച്ചു കാലം മാത്രമേ ആൻഡ്രൂ ഇവിടെ ജീവിച്ചുള്ളു. 2013 ൽ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുൻഭാര്യയും മക്കളും ഏറെക്കാലം ഇവിടെയാണ് താമസിച്ചിരുന്നത്. 2016 ലാണ് ആൻഡ്രൂ ബംഗ്ലാവ് ആദ്യമായി വിൽക്കാൻ തീരുമാനിച്ചത്. 28 മില്യൻ ഡോളർ (226 കോടി രൂപ) ആവശ്യപ്പെട്ട് പരസ്യപ്പെടുത്തിയെങ്കിലും വിൽപന നടന്നില്ല.  പിന്നീടങ്ങോട്ട് വില കുത്തനെ താഴ്ന്നുകൊണ്ടിരുന്നു.

loss-mansion-interior

ഒടുവിൽ 2019 ൽ 14.9 മില്യൻ ഡോളർ (120 കോടി രൂപ) അടിസ്ഥാന വിലയാക്കി വീട് ലേലത്തിന് വയ്ക്കാനും ശ്രമം നടന്നു. എന്നാൽ ആ ശ്രമവും പരാജയപ്പെട്ടതോടെ 2021ൽ വീട് വാടകയ്ക്കായി പരസ്യപ്പെടുത്തി. മാസം 40,000 ഡോളർ (32 ലക്ഷം രൂപ) ആയിരുന്നു വാടകയായി ആവശ്യപ്പെട്ടത്. താഡ്യൂസ് ബാർട്ട്കൗസ്കി എന്ന വ്യക്തി ബംഗ്ലാവ് വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഇപ്പോൾ താഡ്യൂസുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ട്രസ്റ്റാണ് 9.26 മില്യൻ ഡോളറിന് വീട് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ വില താരതമ്യേന കുറവാണെങ്കിലും വിൽപന നടപടികൾ പൂർത്തിയാക്കുന്നതിനായി ട്രസ്റ്റിനു വൻതുക ചെലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത് എത്രയാണെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

English Summary- Luxury Mansion Built for Crores Sold in Loss- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com