ADVERTISEMENT

ഒരു അവസരം കിട്ടിയാൽ ഇറ്റലി ഒന്ന് കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ ഇറ്റലി വെറുതെ കണ്ടുപോരുന്നതിനു പകരം അവിടെ ഒരു വീട് സ്വന്തമാക്കാൻ സാധിച്ചാലോ? അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാക്കി തരാൻ തയ്യാറെടുത്തിരിക്കുകയാണ് ഇറ്റലിയിലെ പ്രസിസ് (Presicce) എന്ന നഗരത്തിന്റെ ചുമതലയുള്ള ഭരണകൂടം. ശാന്തസുന്ദരമായ ഈ നഗരത്തിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുപ്പതിനായിരം ഡോളർ (24.5 ലക്ഷം രൂപ) ഭരണകൂടം കൈമാറും എന്നാണ് ഓഫർ.

നഗരത്തിലെ ആൾപ്പാർപ്പിലാതെ കിടക്കുന്ന ഒരു വീട് ഈ തുക ഉപയോഗിച്ച്  സ്വന്തമാക്കാം. താല്പര്യമുള്ളവർക്കായി ചില നിബന്ധനകളും ഭരണകൂടം മുന്നോട്ട് വച്ചിട്ടുണ്ട്. വീട് സ്വന്തമാക്കുന്നവർ ഉറപ്പായും ഇവിടേക്ക് താമസം മാറ്റണം എന്നതാണ് അതിൽ പ്രധാനം. എന്നാൽ ഒഴിഞ്ഞു കിടക്കുന്ന എല്ലാ വീടുകളും ഇത്തരത്തിൽ വാങ്ങാനാവില്ല . 1991 ന് മുൻപ് നിർമ്മിക്കപ്പെട്ട ചില വീടുകൾ ഭരണകൂടം തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ധനസഹായം ലഭിക്കു.

precisse2
istock©milla1974

എന്ന് കരുതി ഈ വീടുകൾ അത്ര മോശമാണെന്ന് കരുതണ്ട. മനോഹരമായ ബീച്ചുകളുള്ള തീരദേശ നഗരത്തിലെ പ്രധാന മേഖലയിൽ തന്നെ സ്ഥിതിചെയ്യുന്ന വീടുകളാണ് ഇവ. ഭരണകൂടം വാഗ്ദാനം ചെയ്ത തുക ലഭിച്ചാലും വീണ്ടും വലിയ സംഖ്യ വീടിനായി നൽകേണ്ടി വരുമോ എന്ന സംശയവും വേണ്ട. 500 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഒരു വീട് ഏകദേശം 25,000 യൂറോ ( 21 ലക്ഷം രൂപ) മുടക്കിയാൽ സ്വന്തമാക്കാൻ സാധിക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇറ്റലിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കാവുന്ന വീടുകളാണ് നഗരത്തിൽ പുതിയ താമസക്കാർക്കായി ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്.

യഥാർത്ഥ ഉടമകൾ ഉപയോഗിക്കാതിരിക്കുന്നതിനാൽ കാലങ്ങളായി ആൾതാമസം ഇല്ലാതെ തുടരുന്ന വീടുകളാണിത്. മാത്രമല്ല, ഇവിടെയുള്ള പുതുതലമുറ കൂട്ടമായി മെച്ചപ്പെട്ട ജീവിതത്തിനായി നാടുവിടുകയും തിരികെയെത്താൻ താൽപര്യം കാണിക്കുകയും ചെയ്യുന്നില്ല. അതിനാൽ പലകെട്ടിടങ്ങളും ആൾപാർപ്പില്ലാതെ ക്ഷയോന്മുഖം ആവുകയും നഗരത്തിലെ ജനസംഖ്യയും ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടേയക്ക് താമസം മാറ്റാൻ ധനസഹായം നൽകുന്ന പദ്ധതി വിജയകരമായാൽ നഗരത്തിന് പുതുജീവൻ നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ധനസഹായം കൊണ്ടുമാത്രം തീർന്നിട്ടില്ല. താമസക്കാരെ ആകർഷിക്കുന്നതിനായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങളും കുട്ടികളുള്ളവർക്ക് ബേബി ബോണസും ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

വരുന്ന ആഴ്ചകളിൽ അപേക്ഷകൾ പ്രസിദ്ധീകരിച്ചു തുടങ്ങുമെന്നാണ് വിവരം. ഓഫർ സംബന്ധിച്ച വിശദവിവരങ്ങൾ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാവും പുറത്തു വിടുക. വീടുകൾ സ്വന്തമാക്കുന്നവർക്ക് അവിടെ അല്പം അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. എന്നാൽ ഇതിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് ഭരണകൂടം 24.5 ലക്ഷം രൂപ കൈമാറുന്നത്.

Source- CNN, nypost

English Summary- Presicce in Italy Offers lakhs for Incoming Migrants- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com