ADVERTISEMENT

ഡിസംബറായി കഴിഞ്ഞാൽ ലോകമെങ്ങും ക്രിസ്മസിനെ വരവേൽക്കാനായി അലങ്കാര ദീപങ്ങൾകൊണ്ട് നിറയും. പുൽക്കൂടും ട്രീയും എല്ലാമായാണ് ഓരോ വീടും ഒരുങ്ങുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇംഗ്ലണ്ടിലെ ടീസൈഡ് സ്വദേശിയായ ആൻഡ്രൂ വാൾട്ടേഴ്‌സ് എന്ന 32 കാരൻ വീട് അലങ്കരിക്കുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ്. വീടും  പരിസരവുമാകെ ആയിരക്കണക്കിന് ലൈറ്റുകൾ കൊണ്ട് മൂടിയാണ് അദ്ദേഹത്തിന്റെ അലങ്കാരങ്ങൾ.

എന്നാൽ ഇത് ഭംഗിക്കുവേണ്ടി മാത്രമല്ല. വ്യത്യസ്തമായ അലങ്കാരങ്ങൾ കാണാൻ എത്തുന്നവർ നൽകുന്ന സംഭാവന ചാരിറ്റിക്കായി ഉപയോഗിക്കുകയാണ് അദ്ദേഹം. ഇത്തവണ പതിനായിരം എൽഇഡി ബൾബുകൾ കൊണ്ടാണ് ആൻഡ്രു വീട് പ്രകാശിപ്പിച്ചത്. ആൻഡ്രുവിന്റെ ദീപാലങ്കാരങ്ങൾ പ്രദേശത്തുള്ളവർക്കാകെ ഉത്സവ പ്രതീതിയാണ് നൽകുന്നത്. ഓരോ വർഷവും ഈ ഒരുക്കങ്ങൾ കാണുന്നതിനായി മാത്രം ഈ പ്രദേശത്തുള്ളവർ കാത്തിരിക്കുന്നു.

xmas-home
©Andrew Walter

വീടിന്റെ മുകൾഭാഗം മുതൽ താഴെവരെയും പരിസരത്തുള്ള വൃക്ഷങ്ങളിലും ചെടികളിലും എല്ലാം ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി അഞ്ച് ആഴ്ച സമയമാണ് അദ്ദേഹത്തിന് വേണ്ടിവന്നത്. വൻതുക വൈദ്യുതി ചാർജായി നൽകേണ്ടിവരുമെന്നാണ് പലരും കരുതുന്നതെങ്കിലും അത് ശരിയല്ല എന്ന് ആൻഡ്രു പറയുന്നു. അധികവൈദ്യുതി ഉപഭോഗമുള്ള ലൈറ്റുകളല്ല അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. എല്ലാ ലൈറ്റുകളും പ്രകാശിപ്പിച്ചാൽ ഒരു രാത്രി 4.5 പൗണ്ട് (446 രൂപ)മാത്രമേ ചിലവാകുന്നുള്ളൂ. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിൽ വ്യത്യസ്തമായ ആകൃതികളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

അഞ്ചു വർഷങ്ങൾക്കു മുൻപാണ് ആൻഡ്രു വീട് ഇത്തരത്തിൽ അലങ്കരിക്കാൻ  ആരംഭിച്ചത്.  വീട് കാണാനായി മാത്രം ആളുകൾ എത്തിത്തുടങ്ങിയതോടെ രണ്ടുവർഷം മുൻപ് ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കാഴ്ചക്കാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് അത് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് കൈമാറുകയാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു കൊല്ലങ്ങളിലും വലിയ തുക കൈമാറാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇത്തവണത്തെ അലങ്കാരങ്ങൾ തന്റെ അയൽവാസിയായ 17കാരിക്കു വേണ്ടിയാണ്.

കുറച്ചുനാളുകൾക്കു മുൻപാണ് പെൺകുട്ടിക്ക് രക്താർബുദം ഉള്ളതായി സ്ഥിരീകരിച്ചത്. സംഭാവന കിട്ടുന്ന തുക ടീനേജ് ക്യാൻസർ ട്രസ്റ്റിനാണ് ഇത്തവണ കൈമാറുന്നത് എന്ന് ആൻഡ്രു അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്  കഴിഞ്ഞവർഷത്തേതിനേക്കാൾ അധികം തുക സംഭാവനയായി ലഭിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. 600 പൗണ്ടാണ് (59,552 രൂപ) ഇതിനോടകം ലഭിച്ചത്.

ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വാണിജ്യവൽക്കരിക്കപ്പെട്ടതിനാൽ കുട്ടികൾക്ക് ക്രിസ്മസിന്റെ യഥാർഥ മാജിക് എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ അലങ്കാരങ്ങളിലൂടെ ആൻഡ്രു ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കാനായി ഈ വർഷം സ്വിച്ച് ഓൺ കർമ്മത്തിന് ഒരു സാന്താക്ലോസിനെയും അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു.

English Summary- Man Covered House with Lights for a Noble Cause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com