ADVERTISEMENT

ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തി ജീവിക്കുന്ന ഇടമാണ് ബെംഗളൂരു. ഇവിടെ സ്ഥിരതാമസക്കാരെക്കാൾ കൂടുതൽ ജോലിക്കും പഠനത്തിനുമൊക്കെയായി വാടകവീട് തേടിയിറങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ ബെംഗളൂരുവിൽ താമസിക്കാൻ അനുയോജ്യമായ വീട് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഇനി വീട് കണ്ടെത്തിയാലും ചിലപ്പോൾ വീട്ടുടമസ്ഥരുടെ വിചിത്രമായ ആവശ്യങ്ങളും ഡിമാന്റുകളും കേട്ട് അമ്പരന്നു പോയെന്നും വരാം. അത്തരമൊരു അനുഭവമാണ് പ്രിയാൻഷ് ജെയിൻ എന്ന വ്യക്തി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

താൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റ കാരണത്താലാണ് ഒരു വീട്ടുടമ പ്രിയാൻഷിന് വീട് വാടകയ്ക്കുനൽകാൻ  തയ്യാറാകാഞ്ഞത്. വാടകക്കായി വീട് പരസ്യപ്പെടുത്തിയിരിക്കുന്ന ബ്രോക്കറുമായി ഇതേക്കുറിച്ച് സംസാരിച്ചതിന്റെ സ്ക്രീൻഷോട്ടുകളും പ്രിയാൻഷ് പങ്കുവച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ടാണ് അദ്ദേഹം ബ്രോക്കറുമായി ബന്ധപ്പെട്ടത്. എന്നാൽ ലിങ്ക്ഡ് ഇൻ  പ്രൊഫൈലിന്റെ ലിങ്ക് നൽകാനായിരുന്നു ലഭിച്ച മറുപടി. പിന്നീട് പ്രിയാൻഷിന്റെ ചുറ്റുപാടുകളും അന്വേഷിച്ചു.

വീട്ടുടമയ്ക്ക് വാടകക്കാരെ സംബന്ധിച്ച് ചില നിബന്ധനകൾ ഉണ്ടെന്നും അതിനാലാണ് തൊഴിലിടത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും അന്വേഷിക്കുന്നതെന്നും ബ്രോക്കർ എടുത്തു പറഞ്ഞിരുന്നു. താൻ സസ്യഭുക്കാണെന്നും ഒരു ഓസ്ട്രേലിയൻ സോഫ്റ്റ്‌വെയർ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നും പ്രിയാൻഷ് മറുപടിയും നൽകി. പിന്നീടാണ് പഠിച്ച സ്ഥാപനത്തിന്റ പേര് ചോദിച്ചു കൊണ്ടുള്ള മെസ്സേജ് ലഭിച്ചത്. ഇത് അറിയിച്ചതോടെ പ്രിയാൻഷിന്റെ പ്രൊഫൈൽ പരസ്യത്തിന് യോജിച്ചതല്ല എന്ന് ബ്രോക്കർ മറുപടി നൽകുകയായിരുന്നു.

ഐഐടി, ഐഐഎം, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് എന്നിടവങ്ങളിൽ പഠിച്ചവർക്ക് മാത്രമേ വീട് നൽകൂ എന്നതാണ് വീട്ടുടമയുടെ നിലപാട് എന്നും ബ്രോക്കർ പ്രിയാൻഷിനെ അറിയിച്ചു. ഇതുകണ്ട് മനസ്സുമടുത്തതോടെയാണ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബെംഗളൂരുവിലെ വീട്ടുടമകൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. വീട്ടുടമയുടെ വിചിത്രമായ ആവശ്യങ്ങൾ കണ്ട് വിശ്വസിക്കാനാവാതെയാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്.

ഇക്കാരണങ്ങൾകൊണ്ട് ഒരിക്കലും വീട് നിഷേധിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല എന്ന് ഒരാൾ പ്രതികരിക്കുന്നു. താമസിക്കാൻ ഒരു വീട് കണ്ടെത്തണമെങ്കിൽ വീട്ടുടമയുമായുള്ള ഇന്റർവ്യൂ കടന്നുകൂടാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട അവസ്ഥയാണെന്ന് പറയുന്നവരുമുണ്ട്. ഉടമകളെ തൃപ്തിപ്പെടുത്താനായി  പ്രൊഫൈലുകൾ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന കോഴ്സുകൾ ആരംഭിക്കേണ്ടി വരുമെന്നാണ് മറ്റു ചിലരുടെ രസകരമായ പ്രതികരണം.

English Summary- Owner Ask Linkedin Profiles to rentout flat in Bengaluru-News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com