ADVERTISEMENT

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയത് പണിതുയർത്തുക എന്നത് ഇന്ന് അത്ര പ്രയാസകരമായ കാര്യമല്ല. മുൻകാലങ്ങളിൽ പത്തോ ഇരുപതോ നിലകളുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനായി മാത്രം ആഴ്ചകളോ മാസങ്ങളോ വേണ്ടി വന്നിരുന്നെങ്കിൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ എത്ര വമ്പൻ സൗധങ്ങളും ഇന്ന് നിലം പൊത്തും. എന്നാൽ ഇതൊന്നുമല്ലാതെ നിന്ന നിൽപ്പിൽ രൂപംമാറി ശ്രദ്ധ നേടുകയാണ് ഒരുകാലത്ത് സിഡ്നിയിലെ ഏറ്റവും ഉയരമുള്ള  കെട്ടിടമായിരുന്ന എഎംപി സെന്റർ.

ലോകത്തിലെ ആദ്യത്തെ അപ്സൈക്കിൾഡ് ടവർ എന്നാണ് നിലവിൽ കെട്ടിടം വിശേഷിപ്പിക്കപ്പെടുന്നത്. ഈ വർഷമാദ്യം പ്രവർത്തനസജ്ജമായ കെട്ടിടത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് 'വേൾഡ് ബിൽഡിങ് ഓഫ് ദ ഇയർ' എന്ന ബഹുമതിയും ലഭിച്ചു. 676 അടിയാണ് 49 നിലകളുള്ള കെട്ടിടത്തിന്റെ നിലവിലെ ഉയരം. ക്വേ ക്വാർട്ടർ ടവർ എന്നാണ് നിർമിതിയുടെ പുതിയ പേര്.  

1970ൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം ചെന്നതോടെ പൊളിച്ചു മാറ്റേണ്ട നിലയിൽ എത്തിയിരുന്നു. പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് അല്പം കൂടി മികച്ചതും ഉയരമേറിയയും ഊർജ്ജക്ഷമതയുള്ളതുമായ പുതിയ ടവർ നിർമ്മിക്കണമെന്നതായിരുന്നു ഉമസ്ഥരായ എഎംപി ക്യാപിറ്റലിന്റെ ആഗ്രഹം. കെട്ടിടം നിമിഷനേരംകൊണ്ട് തകർക്കാമെങ്കിലും അതുമൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം അത്ര നിസ്സാരമല്ല. കെട്ടിടാവശിഷ്ടങ്ങൾ മുതൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺ ഡയോക്സൈഡ് വരെ പ്രകൃതിക്ക് ദോഷമാകും എന്നതിനാൽ ആ വഴി സ്വീകരിക്കാനും ഉടമകൾ തയ്യാറായിരുന്നില്ല.  

അങ്ങനെ ഒടുവിൽ 2014 ലാണ് പഴയ കെട്ടിടം പൊളിച്ചു നീക്കാതെതന്നെ അതേസ്ഥാനത്ത് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മറ്റൊരു ടവർ നിർമ്മിക്കുക എന്ന തീരുമാനത്തിലെത്തിയത്. ഡെന്മാർക്കിലെ 3 എക്സ് എൻ എന്ന ആർക്കിടെക്ചറൽ കമ്പനിയാണ് പുതിയ ടവറിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. കെട്ടിടത്തിന് കാലപ്പഴക്കമുണ്ടെങ്കിലും അതിന്റെ അടിസ്ഥാന ഘടന ഇനിയും ഏറെക്കാലം നീണ്ടുനിൽക്കും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അത് ഉപയോഗിച്ച് മറ്റൊന്ന് നിർമ്മിക്കാൻ തീരുമാനിച്ചത് എന്ന് കമ്പനി പറയുന്നു.

quay-quarter-town-inside
©3XN

നീക്കം ചെയ്യേണ്ടുന്ന ഭാഗങ്ങൾ മാത്രം പഴയ ടവറിൽ നിന്നും മാറ്റിയശേഷം അതിനോട് ചേർന്ന് മറ്റൊരു ടവർ നിർമ്മിക്കുകയായിരുന്നു ആദ്യപടി. പഴയ കെട്ടിടത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നിലനിർത്തിക്കൊണ്ട് പുനർനിർമാണം നടത്തിയ ശേഷം പുതിയ ടവറുമായി കൂട്ടിച്ചേർത്ത് ഒറ്റ കെട്ടിടമാക്കി  മാറ്റി. ഗ്ലാസ് കൊണ്ടുള്ള ഫസാഡ് കൂടി നൽകിയതോടെ ടവർ അടിമുടി പുതിയതായി മാറുകയായിരുന്നു. പഴയ കെട്ടിടത്തെക്കാൾ ഇരട്ടി സ്ഥലവിസ്തൃതിയാണ് പുതിയതിന് ഉള്ളത്. 4500 പേരെ ഉൾക്കൊള്ളാനാകുമായിരുന്ന കെട്ടിടത്തിൽ നിലവിൽ 9000 ആളുകൾക്ക് വേണ്ടത്ര ഇടമുണ്ട്.

ഈ പുനർനിർമ്മാണ രീതി അവലംബിച്ചതിലൂടെ വൻ തോതിൽ കാർബൺ ബഹിർഗമനം തടയാനും കോൺക്രീറ്റിന്റെ ഉപഭോഗം കുറയ്ക്കാനും നിർമ്മാണസമയം ലാഭിക്കാനുമായി എന്ന്  നിർമാതാക്കൾ പറയുന്നു. കെട്ടിടത്തിന്റെ ഉടമകൾക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.

പഴയ കെട്ടിടങ്ങൾ കാലപ്പഴക്കത്തിൽ ചുരുങ്ങുന്നത് സാധാരണമായതിനാൽ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കണക്കുകൂട്ടലുകൾ തെറ്റുമോ എന്നത് മാത്രമായിരുന്നു ആശങ്ക. ഇത് പരിഹരിക്കാനായി നൂറുകണക്കിന് സെൻസറുകൾ ഘടിപ്പിച്ച് കെട്ടിടത്തിന്റെ ഓരോ മാറ്റവും വിശദമായി നിരീക്ഷിച്ചുവരികയായിരുന്നു. റീറ്റെയിൽ സ്പേസുകളും ഓഫീസുകളും റൂഫ് ടോപ്പ് ടെറസുകളുമെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ട്.

English Summary- Worlds first Upcyled Building in Sydney Crowned Building of the Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com