വീട്ടിൽ തുറസ്സായ 'പബ്ലിക്' ടോയ്‌ലറ്റ്! വിചിത്രമായ വീട് വിൽപനയ്ക്ക്
Mail This Article
സ്ഥലവിസ്തൃതിയുള്ള മുറികളും തടിയിൽ തീർത്ത ജനവാതിലുകളും ഒക്കെയായി മനോഹരമായ ഒരു വീട് ഉടമസ്ഥരെ കാത്ത് വിപണിയിൽ എത്തിയിരിക്കുകയാണ്. യുകെയിലെ മാഞ്ചസ്റ്ററിലാണ് കാഴ്ചയിൽ ആർക്കും ഇഷ്ടം തോന്നുന്ന ഈ ഇരുനില വീട് ഉള്ളത്. ഒറ്റനോട്ടത്തിൽ ഈ വീട് കണ്ട് ഇഷ്ടം തോന്നി വാങ്ങാനെത്തുന്നവർ പക്ഷേ ഇവിടുത്തെ ഒറ്റ ബാത്റൂം കണ്ടാൽ മനസ്സുമടുത്തു മടങ്ങിപ്പോകും. കാരണം ആർക്കും എത്തിനോക്കാവുന്ന വിധത്തിൽ തികച്ചും പബ്ലിക്കായാണ് ഈ ബാത്റൂം നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് ബെഡ്റൂമുകളുള്ള വീടിന്റെ താഴത്തെ നിലയിൽ പിൻഭാഗത്തുള്ള പോർച്ചിലാണ് തുറസായ മാതൃകയിൽ ടോയ്‌ലറ്റ് ഉൾപ്പെടുത്തിയ ബാത്റൂം ഉള്ളത്. താഴത്തെ നിലയിലുള്ള ഏക ബാത്റൂം ഇത് മാത്രമാണ്. പൂർണ്ണമായും ഭിത്തികെട്ടി മറയ്ക്കാതെ ഗ്ലാസ് ജനാലകളാണ് ബാത്റൂമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ബാത്റൂമിനുള്ളിൽ നിൽക്കുന്നവർക്ക് പുറംഭാഗവും പുറത്തു നിൽക്കുന്നവർക്ക് ബാത്റൂമിനുള്ളിലുള്ളവരെയും മറയില്ലാതെ വ്യക്തമായി തന്നെ കാണാനാവും. ഒരു കർട്ടൻ പോലും സ്ഥാപിച്ചിട്ടില്ല. ഇതിനെല്ലാം പുറമേ അങ്ങേയറ്റം വൃത്തിഹീനമായാണ് ടോയ്‌ലറ്റ് അവശേഷിക്കുന്നത്.
ഈ ടോയ്‌ലറ്റിന്റെ ചിത്രങ്ങൾ അടക്കമാണ് വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത് എന്നതാണ് രസകരമായ വസ്തുത. ബാത്റൂമുകൾ ഏറ്റവുമധികം സ്വകാര്യത വേണ്ട ഇടമാണെന്നിരിക്കെ ഇത്രയും സ്ഥല വിസ്തൃതിയുള്ള വീട്ടിൽ തുറസ്സായ മാതൃകയിൽ ഇത്തരത്തിൽ ഒരു ബാത്റൂം എന്തിന് നിർമിച്ചു എന്നതാണ് ചിത്രങ്ങൾ കണ്ട പലരുടെയും സംശയം. കഴിഞ്ഞ ഒക്ടോബറിലാണ് വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തിയത്. എന്നാൽ ഇതുവരെ പുതിയ ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം വീടിന്റെ ഫ്ലോർ പ്ലാനിൽ ഇത്തരത്തിൽ ഒരു ബാത്റൂം ഉൾപ്പെടുത്തിയിട്ടില്ല.
ഇഷ്ടിക കെട്ടിയ വീട് പുറമേ നിന്ന് നോക്കുമ്പോൾ തികച്ചും സാധാരണ രീതിയിലുള്ളതാണ്. 1,26,000 പൗണ്ടാണ് (ഒന്നേകാൽ കോടി രൂപ) വീടിന്റെ വില.
English Summary- Weird House with Open Bathroom for Sale- News