കാലം പിന്നിടുന്നതനുസരിച്ച് അണുകുടുംബങ്ങളുടെ എണ്ണവും വർധിച്ചുവരികയാണ്. അഞ്ചിലധികം കുടുംബാംഗങ്ങളുള്ള ഒരു വീട് കാണാനാവുന്നത് തന്നെ വിരളം. എന്നാൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് ബെർഗോൾട്ടിൽ പല കുടുംബങ്ങളിൽ നിന്നുള്ള 60 പേർ ഒരുമിച്ചു കഴിയുന്ന ഒരു വീടുണ്ട്. ഓൾഡ് ഹാൾ എന്നറിയപ്പെടുന്ന ബംഗ്ലാവിലാണ് പല കുടുംബങ്ങൾ ഒത്തുചേർന്ന് കൂട്ടുകുടുംബമായി കഴിയുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങളിലെ ജീവിതത്തിൽ നിന്നും വിപരീതമായി സ്വകാര്യത നഷ്ടപ്പെടുത്താതെ തന്നെ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും മാധുര്യം അറിഞ്ഞു ജീവിക്കുകയാണ് ഇവർ. യുകെയിൽ ജീവിത ചെലവ് വർദ്ധിക്കുന്നതു മൂലം ജനങ്ങൾ വലയുന്നതിനിടെ അതൊന്നും ബാധിക്കാതെയാണ് ഇവരുടെ ജീവിതം .

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഓൾഡ് ഹാൾ കോൺവെന്റായും ആശ്രമമായുമെല്ലാം പലകാലങ്ങളിലായി ഉപയോഗിച്ചിരുന്നു. 1974 ൽ 14 കുടുംബങ്ങൾ ഒന്നായി ചേർന്ന് ബംഗ്ലാവും അതിനു ചുറ്റുമുള്ള എസ്റ്റേറ്റും വാങ്ങിയതോടെയാണ് ഓൾഡ് ഹാൾ എന്ന കമ്മ്യൂണിറ്റി രൂപപ്പെട്ടത്. ഇവയിൽ ചില കുടുംബങ്ങൾ താമസം മാറിയെങ്കിലും പകരക്കാരായി എത്തിയവരും മുൻപുണ്ടായിരുന്നവരും ഇവരുടെ പിൻമുറക്കാരും ചേർന്ന് ഇപ്പോഴും ഇവിടെ സുഖമായി കഴിയുന്നു. 44 മുതിർന്നവരും 15 കുട്ടികളും വോളണ്ടിയർമാരായി എത്തുന്നവരും അതിഥികളുമെല്ലാം അടങ്ങുന്നതാണ് ഓൾഡ് ഹാളിലെ അംഗങ്ങൾ.
ആകെ 130 മുറികളാണ് ബംഗ്ലാവിൽ ഉള്ളത്. ഇവയിൽ ഒന്നോ അതിലധികമോ മുറികൾ ഓരോ കുടുംബത്തിനും സ്വന്തമായുണ്ട്. എന്നാൽ ബാത്റൂമുകൾ, വിശാലമായ അടുക്കള, ഡൈനിങ് റൂം, ലൈബ്രറി, ചാപ്പൽ, ബോൾ റൂം, വർക്ക് ഷോപ്പുകൾ എന്നിവയെല്ലാം താമസക്കാർക്ക് പൊതുവായി ഉപയോഗിക്കത്തക്ക വിധത്തിലുള്ളവയാണ്. ബംഗ്ലാവിലെ താമസക്കാർക്ക് എല്ലാവർക്കുമായി ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുന്നു. റൊട്ടേഷൻ അടിസ്ഥാനത്തിൽ കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ് അടുക്കള കൈകാര്യം ചെയ്യുന്നത്.
ആപ്പിൾ, പെയർ, പ്ലം തുടങ്ങിയവ വളർത്തുന്ന വിശാലമായ തോട്ടവും പശുക്കൾ, ചെമ്മരിയാടുകൾ, പന്നികൾ കോഴികൾ എന്നിവ ഉൾപ്പെടുന്ന ഫാമും എസ്റ്റേറ്റിൽ തന്നെ സ്ഥിതിചെയ്യുന്നു. വീടും പരിസരവും വൃത്തിയാക്കുന്നതും പൂന്തോട്ടവും ഫാമും പരിപാലിക്കുന്നതും പശുക്കറവയും എല്ലാം അംഗങ്ങളുടെ ചുമതലയാണ്. അംഗങ്ങൾക്ക് എല്ലാവർക്കും ആവശ്യമായ ബട്ടർ, ചീസ്, യോഗർട്ട്, ഗോതമ്പ് എന്നിവയെല്ലാം ഇവർ സ്വയം ഉല്പാദിപ്പിക്കുകയാണ്. വൈദ്യുതി ഉൽപാദനത്തിനായി സോളർ പാനലും വീട്ടാവശ്യത്തിനുള്ള വെള്ളത്തിനായി ബോർ ഹോളും സ്ഥാപിച്ചിട്ടുണ്ട്.

ഇത്തരത്തിൽ കൂട്ടായ്മയിൽ ജീവിക്കുന്നതു മൂലം എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളാണുള്ളത് എന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ഉദാഹരണത്തിന് താമസക്കാർക്കിടയിൽ കെട്ടിട നിർമ്മാതാക്കളും അഭിഭാഷകരും തുടങ്ങി ഇലക്ട്രീഷ്യന്മാരും പ്ലംബർമാരും വരെയുണ്ട്. അതായത് ഏതൊരു ബുദ്ധിമുട്ടും പരിഹരിക്കാൻ വീട്ടിൽ തന്നെ ആളുകൾ റെഡി. പ്രായമായവരോ ചെറിയ കുട്ടികളോ വീട്ടിലുള്ളവർക്ക് പുറത്തുപോയി ജോലി ചെയ്യേണ്ടി വരുമ്പോൾ അവർ വീട്ടിൽ തനിച്ചാകുമോ എന്ന ഭയം ഇല്ലേയില്ല. പല കുടുംബങ്ങളിലെ കുട്ടികൾ ഒന്നായി ചേർന്ന് സഹോദരങ്ങളെപോലെ പങ്കുവയ്ക്കലിന്റെ പാഠങ്ങൾ അറിഞ്ഞു വളരുന്നു.
ഭക്ഷണം പാചകം ചെയ്യുന്നതും വൈദ്യുതി ബില്ലും എല്ലാം കൂട്ടായി പങ്കിടുന്നതിനാൽ ജീവിത ചെലവ് വലിയ തോതിൽ കുറയ്ക്കാനാകും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. പുറത്ത് തനിച്ച് ഒരു വീടെടുത്ത് താമസിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ മെയിന്റനൻസ്, ഗ്യാസ്, ഇൻഷുറൻസ് എന്നിവയെല്ലാം ചേർത്ത് വളരെ ചെറിയ തുക മാത്രമേ കമ്മ്യൂണിറ്റിയിലെ ഓരോരുത്തർക്കും ചിലവാകുന്നുള്ളൂ. ലോക്ഡൗൺ കാലത്തുപോലും മറ്റുള്ളവരെ കാണാതെ ഒറ്റപ്പെട്ടു കഴിയുന്നത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
കമ്മ്യൂണിറ്റിയിലെ കാര്യങ്ങൾ ചർച്ച ചെയ്യാനായി എല്ലാ വെള്ളിയാഴ്ചകളിലും മീറ്റിങ്ങുകൾ നടത്താറുണ്ട്. കമ്മ്യൂണിറ്റിയിലെ ഒരാളോ ഒരു കുടുംബമോ താമസം മാറാൻ തീരുമാനിച്ചാൽ പകരമായി ഒരാളെ ഉടൻ തന്നെ കണ്ടെത്തും. എന്നാൽ ഈ ജീവിതരീതികളുമായി പൊരുത്തപ്പെട്ട് പോകാനാവുന്ന ആൾക്കാരെ മാത്രമേ ഇവർ തിരഞ്ഞെടുക്കൂ. പുതിയതായി എത്തുന്ന വ്യക്തി ബംഗ്ലാവിന്റെ ഒരു ഷെയർ പണം മുടക്കി വാങ്ങണം. ഈ പണം താമസം മാറുന്ന വ്യക്തിക്ക് കൈമാറും.
ജീവിതം ഇങ്ങനെയൊക്കെയാണെങ്കിലും കൂട്ടായ്മയിലെ അംഗങ്ങൾ തമ്മിലും അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമായും ഉടലെടുക്കാറുണ്ട്. എന്നാൽ അംഗങ്ങളെല്ലാം ചേർന്ന് ഇത്തരം പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓൾഡ് ഹാളിന് പുറത്തുള്ള ഒരു ജീവിതം ചിന്തിക്കാൻ പോലുമാവാത്തവരാണ് ഇന്ന് ഇവിടെ കഴിയുന്നവരിൽ ഭൂരിഭാഗവും. ലോകത്തുള്ള എല്ലാ മനുഷ്യരും ഇത്തരത്തിൽ പല കൂട്ടായ്മകളായി ഒരുമിച്ച് കഴിയേണ്ടവരാണെന്ന് വരെ ഇവർ അഭിപ്രായപ്പെടുന്നു.
English Summary- Joint Family in Modern Times- House with 60 people