വാടകയ്ക്ക് വീടുകൾ വിട്ടുനൽകുമ്പോൾ ഉടമസ്ഥർ പല നിയന്ത്രണങ്ങളും വയ്ക്കാറുണ്ട്. വളർത്തുമൃഗങ്ങളുടെ കാര്യത്തിലാണെങ്കിൽ പല വീട്ടുടമകളും താമസത്തിന് എത്തുന്നതിനു മുൻപേ കൃത്യമായ നിബന്ധനകൾ വയ്ക്കുന്നതും പതിവാണ്. ചിലരാവട്ടെ വളർത്തു മൃഗങ്ങളുള്ളവർക്ക് വീട് തന്നെ വിട്ടുനൽകാൻ തയ്യാറാവില്ല. പൊതുവേ ഇക്കാര്യങ്ങൾ ബാധകമാകുന്നത് നായകളെയും പൂച്ചകളെയും വീടിനുള്ളിൽ വളർത്തുന്ന വ്യക്തികൾക്കാണ്. എന്നാൽ അക്വേറിയത്തിനുള്ളിൽ വളർത്തുന്ന മീനിന്റെ പേരിൽ വാടകക്കാരിയിൽ നിന്നും അധിക തുക ഈടാക്കിരിക്കുകയാണ് അമേരിക്കയിലെ കാൻസാസ് സിറ്റിയിലുള്ള ഒരു വീട്ടുടമ.
സംഭവം വിവരിച്ചുകൊണ്ട് വാടകക്കാരിയായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താൻ വളർത്തുന്ന ഗോൾഡ് ഫിഷിന്റെ പേരിൽ ഉടമ അധിക തുക ഈടാക്കിയതുകണ്ട് സ്തബ്‌ധിച്ചു പോയതായി നിക്കോൾ എന്ന യുവതി പറയുന്നു. മാസവാടകയുടെ ബില്ലിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് യുവതി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താമസക്കാരിക്ക് ഒരു വളർത്തുമീനുള്ളതിനാൽ അതിനുള്ള അധിക ചാർജായി 200 ഡോളർ (16000 രൂപ) ഒറ്റത്തവണ നൽകണമെന്ന് ബില്ലിൽ പറയുന്നു.
അതുകൊണ്ടും തീർന്നില്ല. വളർത്തുമൃഗത്തിന്റെ വാടക തുകയായി മാസവാടകയിൽ 15 ഡോളർ (1200 രൂപ) അധികമായി നൽകണമെന്നും ബില്ലിലുണ്ട്. ഈ അധിക തുക എല്ലാ മാസങ്ങളിലും ബാധകമാണ് താനും. അതേസമയം വളർത്തു മീനിനെ പാർപ്പിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ അക്രമകാരികളായ മൃഗങ്ങളെ വളർത്താനാവില്ലെന്നും ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു വളർത്തു മീനിന് ഇത്തരത്തിൽ ചാർജ് ഈടാക്കുന്നത് അവിശ്വസനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് യുവതി ബില്ലിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ഉടമയുടെ വിചിത്രമായ നിബന്ധനകൾ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടിനുള്ളിൽ ചെറിയ ടാങ്കിൽ വളർത്തുന്ന ഒരു മീനിന് അധികവാടക നൽകേണ്ടി വരുന്നത് തികച്ചും അപഹാസ്യമാണെന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്. അധിക തുക നൽകുന്നതു പോയിട്ട് ഒരു മീനിനെ വളർത്താൻ അനുമതി തേടേണ്ടകാര്യം പോലുമില്ല എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
സമാനമായ രീതിയിൽ അപ്പാർട്ട്മെന്റ് ഉടമകൾ വിചിത്രമായ കാര്യങ്ങൾക്കുവേണ്ടി വാടകക്കാരിൽ നിന്നും പണം ഈടാക്കുന്നതിന്റെ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടിയാണ് കമന്റ് ബോക്സിലെ പ്രതികരണങ്ങളിൽ ഏറെയും. അതേസമയം വളർത്തു മൃഗങ്ങളെ ബാധ്യതയായി കാണാതെ അവയെ വളർത്താൻ അനുമതി നൽകുന്ന ചുരുക്കം ചില വീട്ടുടമകളെ അഭിനന്ദിക്കുന്നവരും കുറവല്ല.
English Summary- Landlord Charges rent for Fish in Aquarium