ADVERTISEMENT

പഴയതാണെങ്കിലും ഒരു വീട് സ്വന്തമാക്കാനാവുന്നത് തന്നെ ഭാഗ്യമാണ്. എന്നാൽ സ്പെയിനിൽ താൻ സ്വന്തമാക്കിയ വീട് നവീകരിക്കുന്നതിനിടെ ടോണോ പിനെയ്റോ എന്ന ബിൽഡറെ കാത്തിരുന്നത് അത്യപൂർവ്വമായ മറ്റൊരു ഭാഗ്യം കൂടിയാണ്. വീടിന്റെ ഭിത്തിക്കുള്ളിൽ ക്യാനുകളിൽ നിറച്ച നിലയിൽ നിറയെ നോട്ടുകെട്ടുകൾ. ഒന്നും രണ്ടുമല്ല  47000 പൗണ്ടിനു മുകളിൽ (46 ലക്ഷം രൂപ) വിലമതിപ്പുള്ള നോട്ടുകളാണ് പല ഭിത്തികളിൽ നിന്നായി അദ്ദേഹത്തിനു ലഭിച്ചത്.

റിട്ടയർമെന്റ് കാലത്ത് ജീവിക്കാനായാണ് സ്പെയിനിലെ ഗലിസിയ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട് ടോണോ സ്വന്തമാക്കിയത്. നാലു പതിറ്റാണ്ടുകളായി ആൾപാർപ്പില്ലാതെ കിടക്കുകയായിരുന്നു വീട്. നവീകരണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തപ്പോഴാണ് ആദ്യത്തെ രണ്ട് ക്യാനുകൾ ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് നോക്കിയപ്പോൾ കണ്ടതാകട്ടെ തേച്ച് വടിവാക്കിയ നിലയിലുള്ള നോട്ടുകെട്ടുകളും. സ്പെയ്നിലെ പഴയ കറൻസിയായ പസെയ്റ്റകളായിരുന്നു ക്യാനിൽ ഉള്ളത്.

എന്നാൽ പിന്നീട് വീടിന്റെ പല ഭാഗങ്ങളിൽ നിന്നായി ആകെ ആറ് ക്യാനുകൾ  കണ്ടെടുത്തു. അവയെല്ലാം ചേർത്ത് ഒൻപത് ദശലക്ഷത്തിന്റെ പെസറ്റകളായിരുന്നു ഉണ്ടായിരുന്നത്.  ഇന്നത്തെ കണക്കനുസരിച്ച് നോക്കിയാൽ 47000 പൗണ്ടിനു മുകളിൽ വിലമതിപ്പുള്ള നോട്ടുകൾ. തനിക്കു ലഭിച്ച അത്യപൂർവ്വ ഭാഗ്യം കണ്ട് കണ്ണുമഞ്ഞളിച്ചെങ്കിലും പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. നോട്ടുകൾ മാറാനായി ബാങ്കിൽ ചെന്നപ്പോഴാണ് അവയിൽ പകുതിയോളവും മാറ്റിയെടുക്കാൻ ആവാത്ത വിധം കാലപ്പഴക്കം ചെന്നതാണെന്ന് തിരിച്ചറിഞ്ഞത്.

പഴയ നോട്ടുകെട്ടുകൾ മാറാൻ സ്പെയിനിലെ ബാങ്ക് നിശ്ചയിച്ചിരുന്നു അവസാന തീയതി പിന്നിട്ടിട്ട് കാലമേറെ കഴിഞ്ഞിരുന്നതിനാൽ നോട്ടുകൾ പൂർണ്ണമായും മാറ്റിവാങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല. കണ്ടെത്തിയ നോട്ടുകെട്ടുകളിൽ ചിലതുമാത്രം  മാറ്റിയെടുക്കാനുള്ള കാലാവധി കഴിഞ്ഞിരുന്നില്ല. അങ്ങനെ 30,000 യൂറോ (26 ലക്ഷം രൂപ) വിലമതിപ്പുള്ള നോട്ടുകൾ മാറ്റി പണമാക്കി.

പ്രതീക്ഷിച്ചതിലും പകുതി പണമേ ലഭിച്ചുള്ളൂ എങ്കിലും ബാക്കി അങ്ങനെയങ്ങ് കളയാൻ ടോണോയ്ക്ക് മനസ്സ് വന്നില്ല. അവയിൽ ഏറെയും സ്മാരകങ്ങളായി സൂക്ഷിച്ചുവയ്ക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. പഴയ നോട്ടുകൾ ശേഖരിക്കുന്ന  ശീലമുള്ളവർക്ക് നോട്ടുകളിൽ ചിലത് വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. നോട്ടുകൾ മാറ്റിയെടുത്ത പണം വീടിന്റെ മേൽക്കൂര പുതുക്കിപ്പണിയാനാണ് ഉപയോഗിക്കുന്നത്. കന്നുകാലി കച്ചവടക്കാരനും ഇഷ്ടിക ഫാക്ടറിയിലെ ജോലിക്കാരനുമായിരുന്ന മാനുവൽ ഡോ സെന്റസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടാണിതെന്ന് അയൽക്കാർ പറയുന്നു. അവകാശികൾ ഇല്ലാതിരുന്നതിനാൽ അദ്ദേഹം പണം ഇത്തരത്തിൽ സൂക്ഷിച്ചുവച്ചതാകാം എന്നാണ് ഇവരുടെ നിഗമനം.

English Summary- Man find treasure worth lakhs while Renovating old House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT