ADVERTISEMENT

വീട് അലങ്കരിക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായ അഭിരുചികളും കാഴ്ചപ്പാടുകളുമുണ്ടാവും.  ചിലർക്ക് അലങ്കാരങ്ങൾ ഉൾപ്പെടുത്താത്ത അകത്തളമാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് കയ്യിൽ കിട്ടുന്ന വസ്തുക്കൾ ഒക്കെയും വീടിന്റെ മുക്കിലും മൂലയിലും നിറച്ച് വയ്ക്കുന്നതിലാണ് താല്പര്യം.  കാണുന്നവർക്ക് അഭിപ്രായങ്ങൾ പലതുണ്ടായാലും അലങ്കാരങ്ങളിലെ വ്യത്യസ്തത സാധാരണഗതിയിൽ മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല.  യുകെയിലെ കോൺവാൾ സ്വദേശിയായ ഒരു വ്യക്തിയുടെ വീട്ടലങ്കാരങ്ങളുടെ കാര്യം പക്ഷേ അങ്ങനെയായിരുന്നില്ല. വീട് മോടിയാക്കാൻ ഒരുപടി കടന്ന് ചിന്തിച്ച അദ്ദേഹത്തിന്റെ ഐഡിയ മൂലം മണിക്കൂറുകളാണ് ആ പ്രദേശമാകെ നിശ്ചലമായത്. 

സംഭവം ഇങ്ങനെ. വീട് മനോഹരമാക്കാൻ  തീരുമാനിച്ചതോടെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി ഒരു മാർഗവും കണ്ടെത്തി. മിലിട്ടറി സ്റ്റൈലിൽ വീട് നവീകരിക്കുക. അങ്ങനെ സൈന്യവുമായി ബന്ധപ്പെട്ട പല സാധനങ്ങളും കണ്ടെത്തി വീടിനുള്ളിൽ അണിനിരത്തി. കൂട്ടത്തിൽ അദ്ദേഹം ഒരുകൂട്ടം ഹാൻഡ് ഗ്രനൈഡുകളും സംഘടിപ്പിച്ചിരുന്നു. ഉപയോഗശൂന്യമായ ഗ്രനൈഡുകൾ വീടിന്റെ ലുക്ക് തന്നെ മാറ്റിയതോർത്ത് അഭിമാനിച്ചിരിക്കുന്നതിനിടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

പ്രദേശത്ത് പതിവ് പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായി കോൺവാൾ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലും എത്തി. വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഗ്രനൈഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അവ സജീവമാണെന്ന് കണ്ടെത്തുകയായിരുന്നു. അതായത് അബദ്ധത്തിൽ ഈ അലങ്കാരങ്ങൾ ഒന്ന് പൊട്ടിയിരുന്നെങ്കിൽ അടുത്തുള്ള വീടുകൾ അടക്കം ആ പ്രദേശമാകെ അപകടത്തിലാക്കുമായിരുന്നു എന്ന് ഉറപ്പ്. അപകട സാധ്യത മനസ്സിലാക്കിയ  ഉദ്യോഗസ്ഥർ ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ സ്ഥലത്ത് എത്തിച്ചു. നിമിഷങ്ങൾക്കുള്ള വൻ സുരക്ഷാ മുന്നൊരുക്കങ്ങളാണ് പ്രദേശത്ത് നടത്തിയത്.

ഈ മേഖലയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി തടഞ്ഞു. കരുതൽ എന്ന നിലയിൽ വീടിനോട് ചേർന്ന് നിൽക്കുന്ന വീടുകളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. വീടിന്റെ 50 മീറ്റർ ചുറ്റളവിലുള്ള പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. ഒടുവിൽ ബോംബ് സ്ക്വാഡിലെ വിദഗ്ധരുടെ ഇടപെടലിലൂടെ അപകടം കൂടാതെ ഗ്രനൈഡ് നീക്കം ചെയ്യാൻ സാധിച്ചു. ഗ്രനൈഡ് നിർവീര്യമാക്കിയ ശേഷമാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിച്ചത്. അപകടകരമായ ഗ്രനൈഡുകൾ അലങ്കാരത്തിനായി ഉപയോഗിച്ചതിന് വീട്ടുടമയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ അവ സജീവമാണെന്ന് അറിയാതെയാണ് അദ്ദേഹം വാങ്ങിയതെന്നും മറ്റ് ഗൂഢലക്ഷ്യങ്ങൾ ഒന്നുമില്ല എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ വീട്ടുടമയ്ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ല എന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary- Man Decorate House with Grenade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com