സിനിമാപ്രേമികളുടെ പേടിസ്വപ്നമായി മാറിയ ആ വീടിന് ഇനി പുതിയ ഉടമ

Mail This Article
1979ൽ പുറത്തിറങ്ങിയ അമിറ്റിവിൽ ഹൊറർ എന്ന ചലച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ പേടിസ്വപ്നമായി മാറിയ പ്രേതവീടിന് ഇനി പുതിയ ഉടമ. കുടുംബാംഗങ്ങളായ ആറുപേരെ ആത്മാക്കളുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് അമിറ്റിവിൽ ഹൊറർ പറയുന്നത്. വെള്ളിത്തിരയിലൂടെ ഭീതി പടർത്തിയ വീട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഏറെ പ്രശസ്തമാണ്. എന്നാൽ പരസ്യത്തിൽ ആവശ്യപ്പെട്ട തുകയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വീട് കൈമാറ്റം ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ .
ന്യൂജേഴ്സിയിലാണ് നാല് കിടപ്പുമുറികളും അഞ്ചു ബാത്റൂമുകളുമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് 1.7 മില്യൻ ഡോളർ (14 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ട് ബംഗ്ലാവ് വില്പനയ്ക്കായി ആദ്യം പരസ്യപ്പെടുത്തിയത്. പരസ്യം പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിനുള്ളിൽ വീടിന്റെ വിൽപന ഉറപ്പിക്കുകയായിരുന്നു. എന്നാൽ ജനുവരി 24നാണ് വിൽപന സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. രേഖകൾ പ്രകാരം 1.46 മില്യൺ ഡോളറിനാണ് (12 കോടി രൂപ) വീടിന്റെ വിൽപന നടന്നിരിക്കുന്നത്.

ടോംസ് നദിക്ക് സമീപത്തായാണ് കാഴ്ചയ്ക്ക് അതിമനോഹരമായ ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.1920 ൽ നിർമ്മിക്കപ്പെട്ട വീട്ടിൽ ഒരു നൂറ്റാണ്ടിനിടെ ഒട്ടേറെ നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ആധുനിക രീതിയിൽ നവീകരിച്ച അടുക്കള, വെറ്റ് ബാർ, മൂവി തിയറ്റർ , മുകൾനിലയിലും താഴത്തെ നിലയിലുമായി രണ്ട് റിക്രിയേഷൻ ഏരിയകൾ, ലോൺട്രി റൂം, ഫോർമൽ ഡൈനിങ് റൂം, സൺ റൂം എന്നിവയെല്ലാം ഇവിടെയുണ്ട്. കാലപ്പഴക്കം തോന്നാത്ത രീതിയിലാണ് വീട് നവീകരിച്ചിരിക്കുന്നത്.

4000 ചതുരശ്രയടിക്ക് അടുത്താണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. ഭൂരിഭാഗം മുറികളിലും വ്യത്യസ്ത നിറങ്ങളിലുള്ള വുഡ് പാനലിംഗ് നൽകിയിരിക്കുന്നു. സ്ഥല വിസ്തൃതി ഉറപ്പാക്കികൊണ്ടാണ് മുറികൾ ഒരുക്കിയിരിക്കുന്നത്. വീടിനു മുന്നിലായി ഒരുക്കിയിരിക്കുന്ന വിശാലമായ പുൽത്തകിടിയാണ് മറ്റൊരാകർഷണം. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഗ്യാരേജ് വീടിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്നു. വിൽപ്പന നടന്നതായി സ്ഥിരീകരണമുണ്ടെങ്കിലും വീടിന്റെ പുതിയ ഉടമ ആരാണെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മാതാപിതാക്കളും സഹോദരങ്ങളും അടക്കം സ്വന്തം കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ റൊണാൾഡ് ഡിഫിയോ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് അമിറ്റിവിൽ ഹോറർ. കുറ്റവാളി എന്ന് കണ്ടെത്തിയ ഡിഫിയോ 2021 മാർച്ചിൽ ജയിലിൽ വച്ച് മരണപ്പെടുകയായിരുന്നു. യഥാർത്ഥ കൊലപാതകങ്ങൾ അരങ്ങേറിയ വീട് ലോങ്ങ് ഐലൻഡിലാണ് സ്ഥിതി ചെയ്യുന്നത്.
English Summary- Amityville Horror House got new Owner- News