ADVERTISEMENT

അപൂർവമായി മാത്രം കണ്ടെത്താനാവുന്ന പഴയ വസ്തുക്കൾക്ക് പലപ്പോഴും ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ വിലമതിപ്പുണ്ടാവും. അതിനാൽ അത്തരത്തിൽ ഒന്ന് കയ്യിൽ കിട്ടിയാൽ സ്വന്തമാക്കാനുള്ള അവസരം അധികമാരും പാഴാക്കാറില്ല. ആരുടെയെങ്കിലും ശ്രദ്ധയിൽ പെടാത്ത സാഹചര്യത്തിലാണ് ഇത്തരം വസ്തുക്കൾ കൈവരുന്നതെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഓസ്ട്രേലിയയിലെ സിഡ്നി സ്വദേശിനിയായ ഷാർലറ്റ് ബൊസാങ്ക് എന്ന യുവതിയുടെ കാര്യം അങ്ങനെയല്ല. താൻ ജോലിക്ക് നിൽക്കുന്ന വീട്ടിൽനിന്നും ലഭിച്ച ലക്ഷങ്ങൾ വിലമതിപ്പുള്ള പഴയ നാണയം ഉടമയ്ക്കു തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഷാർലറ്റ്. 

ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് 20 കാരിയായ ഷാർലറ്റ്. വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ കാർപറ്റ് ഉയർത്തി നോക്കിയപ്പോഴാണ് പഴയ ഒരു നാണയം ഷാർലറ്റിന്റെ കണ്ണിൽപെട്ടത്. 1930ലെ നാണയമായിരുന്നു അത്. നാണയം കണ്ടെത്തുന്ന സമയത്ത് വീട്ടുടമസ്ഥർ അരികിൽ ഉണ്ടായിരുന്നില്ല. നാണയത്തെക്കുറിച്ച് ഇന്റർനെറ്റിന്റെ സഹായത്തോടെ ഏറെ പരതിയ ഷാർലറ്റ് അത്  ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ളതാണെന്നും ലക്ഷങ്ങൾ വിലമതിപ്പുണ്ട് എന്നും മനസ്സിലാക്കി. എന്നാൽ അത് തന്റെ ഉടമസ്ഥതയിലുള്ളതല്ലാത്തതിനാൽ  കൈവശം വയ്ക്കാതെ യഥാർത്ഥ ഉടമയ്ക്ക് തന്നെ തിരിച്ചു നൽകുകയായിരുന്നു യുവതി. 

നാണയത്തിന്റെ വിലമതിപ്പിനെ പറ്റി തിരഞ്ഞപ്പോൾ 21 ലക്ഷം രൂപയ്ക്കു മുകളിൽ ലഭിക്കുമെന്നാണ് കണ്ടെത്തിയത്. ഇത്രയും പഴക്കവും വിലമതിപ്പുമുള്ള ഒരു വസ്തു വീട്ടിലുണ്ടായിരുന്നു എന്ന് ഇക്കാലമത്രയും തിരിച്ചറിയാതെ പോയതിന്റെ അമ്പരപ്പിലാണ് വീട്ടുടമസ്ഥർ.1929 നും 1939 നുമിടയിലെ സാമ്പത്തിക മാന്ദ്യകാലത്ത് 1930 ൽ ഓസ്ട്രേലിയയിൽ ആകെ ഉണ്ടായിരുന്ന 1500 നാണയങ്ങളിൽ ഒന്നായിരുന്നു കാർപറ്റിനടിയിൽ നിന്നും ലഭിച്ചത്. നാണയത്തിന്റെ പ്രാധാന്യവും വിലപതിപ്പും കൂടാനുള്ള കാരണവും അതു തന്നെയാണ്.

ഇന്റർനെറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 1930ലെ ഒരു നാണയം കഴിഞ്ഞവർഷം 50 ലക്ഷം രൂപയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 2019 ലാകട്ടെ അത്തരം ഒന്ന് കൈമാറ്റം ചെയ്യപ്പെട്ടത് ഒൻപതര കോടി രൂപയ്ക്കാണ്. ജോലിക്ക് എത്തിയ വീട്ടിൽ നിന്നും ഇത്തരം ഒരു നാണയം കണ്ടെത്തിയ വിവരം ഷാർലറ്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി ലക്ഷങ്ങൾ കൈവരുമെന്ന് അറിഞ്ഞിട്ടും അത് സ്വന്തമാക്കാൻ ശ്രമിക്കാതെ ഉടമസ്ഥർക്ക് തിരിച്ചു നൽകാൻ ഷാർലറ്റ് കാണിച്ച മനസ്സിനെ അഭിനന്ദിച്ചുകൊണ്ടാണ് ആളുകളുടെ പ്രതികരണം.

English Summary- Lady Return Treasure Found during House cleaning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com