ADVERTISEMENT

അത്യാവശ്യത്തിന് പണം വേണ്ടിവരുന്ന സാഹചര്യങ്ങളിൽ കിഡ്നി വിറ്റാലോ എന്ന് തമാശയായി പലരും പറയാറുണ്ട്. എന്നാൽ ബെംഗളൂരു  നഗരത്തിൽ ഒരു വീട് സ്വന്തമാക്കണമെങ്കിൽ യഥാർത്ഥത്തിൽ അവയവങ്ങൾ വില്പന ചെയ്യേണ്ട അവസ്ഥയാണെന്ന് പറയാതെ പറയുകയാണ് ഒരു പരസ്യം. വാടകയ്ക്ക് വീട് എടുക്കാനുള്ള സെക്യൂരിറ്റി തുക കണ്ടെത്തുന്നതിനായി കിഡ്നി വിൽക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്ററിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

ഇടതു കിഡ്നി വില്പനയ്ക്ക് ഉണ്ടെന്നതാണ് പരസ്യത്തിന്റെ തലവാചകം. വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന സെക്യൂരിറ്റി തുക നൽകാനായി പണം ആവശ്യമുണ്ടെന്നും പോസ്റ്ററിൽ വിശദീകരിക്കുന്നു. എന്നാൽ കിഡ്നി വിൽക്കാനുണ്ടെന്ന് തമാശയായി പറഞ്ഞതാണെന്നും ഇന്ദിരാനഗറിൽ ഒരു വീട് വേണം എന്നതാണ് കാര്യമെന്നും പറഞ്ഞുകൊണ്ടാണ് പരസ്യം അവസാനിക്കുന്നത്. വാടകയ്ക്ക് വീട് നൽകാൻ ആഗ്രഹിക്കുന്നവർക്ക് പരസ്യത്തിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി പ്രൊഫൈലിന്റെ ക്യു ആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റർ കണ്ടാൽ രസകരമായി തോന്നുമെങ്കിലും ബംഗളൂരുവിൽ ഒരു വീട് കണ്ടെത്തുന്നത് എത്രത്തോളം ശ്രമകരമാണെന്നത് ഇതിൽ നിന്നും വ്യക്തമാണ്. കൊക്കിലൊതുങ്ങാത്ത വാടകയ്ക്ക് പുറമേ വൻതുക സെക്യൂരിറ്റിയായി കെട്ടിവയ്ക്കേണ്ട അവസ്ഥയാണ്. ലിങ്ക്ഡ് ഇന്നിൽ പങ്കുവയ്ക്കപ്പെട്ടതോടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ബംഗളൂരുവിൽ ഒരു വീട് കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ച ധാരാളം ആളുകൾ പ്രതികരണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു.

ആഗ്രഹിക്കുന്നത് പോലെ ഒരു വീട് ഇന്ദിരാനഗറിൽ കണ്ടെത്താനായി ഒന്നല്ല രണ്ടു കിഡ്നികളും വിൽക്കേണ്ടി വരുമെന്നാണ് ഒരാളുടെ പ്രതികരണം. എന്നാൽ വീട് കണ്ടെത്താൻ പണം മാത്രമല്ല തടസ്സമായി നിൽക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്. വാടകക്കാരായി എത്തുന്നവരുടെ വിദ്യാഭ്യാസവും തൊഴിൽ മേഖലയിലെ പദവിയും എന്തിനേറെ ലിങ്കിഡ് ഇൻ പ്രൊഫൈൽ വരെ വീട് നൽകുന്നതിനുള്ള മാനദണ്ഡങ്ങളാക്കുന്നവരുണ്ട്.

ഐ ഐ എമ്മിൽ നിന്നോ ഐ ഐ ടിയിൽ നിന്നോ ഡിഗ്രി എടുത്തില്ല എന്ന കാരണത്താൽ വാടകയ്ക്ക് വിട്ടു നൽകാൻ ബെംഗളൂരുവിലെ ഒരു വീട്ടുടമ വിസമ്മതിച്ചതായുള്ള വാർത്ത അടുത്തയിടെ പുറത്ത് വന്നിരുന്നു. വസ്തു വാങ്ങാനും വിൽക്കാനും വാടകയ്ക്ക് കണ്ടെത്താനും സഹായിക്കുന്ന പോർട്ടലായ നോ ബ്രോക്കർ കഴിഞ്ഞവർഷം നടത്തിയ സർവ്വേ പ്രകാരം രാജ്യത്തെ മെട്രോ നഗരങ്ങളിലെ വാടക തുക 12 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ. എന്നാൽ ബംഗളൂരുവിൽ മാത്രം 16.7 ശതമാനം വർദ്ധനവാണ് വാടക തുകയിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടർന്നിരുന്ന പലരും തിരികെ ഓഫിസുകളിലേക്ക് എത്തി തുടങ്ങിയതാണ് വാടകയിൽ വർദ്ധനവ് ഉണ്ടാകാനുള്ള കാരണം.

English Summary- Kidney for Sale- Funny Ad mocking Rent Hike in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com