വൈദ്യുതി ബില്ലും വെള്ളത്തിന്റെ ബില്ലുമൊക്കെ പ്രതീക്ഷിക്കുന്നതിന് മുകളിലാവുമോ എന്നത് ഏവരുടെയും പേടിസ്വപ്നമാണ്. സാധാരണ വരുന്ന തുകയേക്കാൾ നൂറോ ഇരുനൂറോ രൂപ ഒരു മാസം കൂടിയാൽ തന്നെ അടുത്തമാസം ഉപയോഗം പരമാവധി കുറയ്ക്കാനുള്ള മാർഗങ്ങളും നോക്കും. എന്നാൽ വെയ്ൽസ് സ്വദേശിനിയായ ക്ലെയർ ഫിട്സ്പാട്രിക് എന്ന വനിതയ്ക്ക് ലഭിച്ച വാട്ടർ ബില്ല് പോലെ ഒന്ന് അധികമാർക്കും ലഭിച്ചിട്ടുണ്ടാവില്ല. ഓർക്കാപ്പുറത്ത് ഇരുട്ടടി പോലെ 15 ലക്ഷത്തിന്റെ വാട്ടർ ബില്ലാണ് ഇവർക്ക് ലഭിച്ചത്.
കഴിഞ്ഞവർഷം ആദ്യമാണ് ക്ലെയർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അൽപനാളുകൾക്കുശേഷം അവധിക്കാലം ആസ്വദിക്കാനായി ഇവർ യാത്രയാവുകയും ചെയ്തു. ഇതിനിടെയാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബില്ലുകൾക്കായി അധിക തുക നഷ്ടപ്പെടുന്നുണ്ടെന്ന് ക്ലെയർ തിരിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അവർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു. പരാതി ഉന്നയിച്ചതോടെ എൻജിനീയർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അപ്പോഴാണ് വീടിന്റെ ഏതോ ഭാഗത്ത് ലീക്കേജ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
കൃത്യമായ സ്ഥലം കണ്ടെത്തണമെങ്കിൽ വീട്ടിലേക്കുള്ള ഡ്രൈവ് വേ പൊളിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ അവധി ആഘോഷിച്ച ശേഷം ഓഗസ്റ്റ് മാസത്തിൽ തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ തന്റെ പുരയിടത്തിന്റെ അവസ്ഥ കണ്ട് ക്ലെയറിന് വിശ്വസിക്കാനായില്ല. വീടിന്റെ മുൻഭാഗത്തായി ഏറെ വലുപ്പത്തിലും ആഴത്തിലുമുള്ള ഒരു കുഴി കുഴിച്ച നിലയിലായിരുന്നു. എന്നാൽ ഇത്രയും കുഴിച്ചുനോക്കിയിട്ടും ലീക്കുള്ളത് എവിടെയാണെന്ന് കണ്ടെത്താൻ വാട്ടർ അതോറിറ്റിക്ക് സാധിച്ചിരുന്നുമില്ല.
കാര്യങ്ങൾ ഇങ്ങനെ നടപടിയില്ലാതെ തുടരുന്നതിനിടെയാണ് ആറുമാസത്തെ വാട്ടർ ചാർജായി 16000 പൗണ്ടിന്റെ (15. 81 ലക്ഷം രൂപ) ബില്ല് ലഭിക്കുന്നത്. ബിൽ തുക കണ്ട് താൻ വീട്ടുമുറ്റത്ത് വാട്ടർ പാർക്കോ മറ്റോ നടത്തുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചിരുന്നെങ്കിൽ പോലും തെറ്റ് പറയാനാവില്ല എന്ന് ക്ലെയർ പറയുന്നു.
ലീക്കുണ്ടായിരിക്കുന്നത് എവിടെയാണെന്ന് അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ലെങ്കിൽ ഒരു സ്വകാര്യ കരാറുകാരനെ സ്വന്തം ചെലവിൽ ഏർപ്പാടാക്കേണ്ടി വരും എന്നും അധികൃതർ ക്ലെയറിനെ അറിയിച്ചിരുന്നു. പക്ഷേ ബിൽ തുക പോലും അടയ്ക്കാനുള്ള സ്ഥിതിയില്ലാത്തതിനാൽ കൃത്യമായ പരിഹാരം ഉണ്ടാകുന്നത് വരെ തൽക്കാലം ക്ലെയറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.
എന്നാൽ തങ്ങളുടെ പൈപ്പ് വർക്കിലുള്ള പിഴവല്ല ലീക്കേജിന് കാരണം എന്നാണ് വാട്ടർ അതോറിറ്റിയുടെ മറുപടി. ക്ലെയറിന്റെ വീട്ടിലെ പൈപ്പ് ലൈനിലാണ് തകരാറുള്ളത്. തങ്ങൾ ക്ലെയറിനെ സഹായിക്കാൻ മാത്രമാണ് ശ്രമിച്ചത് എന്നും ലീക്കേജുമൂലമുള്ള പണനഷ്ടത്തിന് ഉത്തരവാദി ഉടമ മാത്രമാണെന്നും അധികൃതർ അറിയിക്കുന്നു. പ്രശ്നം പരിഹാരിക്കാനുള്ള ഉപദേശങ്ങൾ ഇപ്പോഴും അധികൃതർ ക്ലെയറിന് നൽകുന്നുണ്ട്. ലീക്കേജിന് ശാശ്വതമായി പരിഹാരം കണ്ടെത്തി കഴിഞ്ഞാൽ ബിൽ തുകയിൽ എന്തെങ്കിലും ഇളവുകൾ നൽകി അത് അക്കൗണ്ടിലേക്ക് എത്തിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.
English Summary- Woman Gets 15 Lakh as Water Bill due to Leakage