വീടിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ സങ്കല്പമാവും. ആരോഗ്യമുള്ള കാലത്ത് ആ സ്വപ്നം നടന്നില്ലെങ്കിൽ പിന്നീട് അതിനായി മുന്നിട്ടിറങ്ങാൻ അധികമാരും ശ്രമിച്ചുവെന്നുവരില്ല. എന്നാൽ 84-ആം വയസ്സിൽ തന്റെ സ്വപ്നഗൃഹം നിർമ്മിച്ചെടുത്ത് വ്യത്യസ്തനായിരിക്കുകയാണ് ബെൻ പെറൺ എന്ന ന്യൂയോർക്ക് സ്വദേശി. സാധാരണയിൽ നിന്നും ഏറെ വ്യത്യസ്തമായി നീണ്ട ത്രികോണാകൃതിയിലുള്ള ഒരു വീടാണ് ബെൻ നിർമ്മിച്ചിരിക്കുന്നത്.
ബഫല്ലോയിലാണ് കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 2018 ൽ നിർമ്മാണം ആരംഭിച്ചു. അന്ന് 84 വയസ്സായിരുന്നു ബെന്നിന്റെ പ്രായം. അതിനും ഏറെ വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു വീട് നിർമ്മിക്കണമെന്ന് ആഗ്രഹം തോന്നിയെങ്കിലും സാഹചര്യം ഒത്തുവന്നത് അപ്പോൾ മാത്രമാണെന്ന് ബെൻ പറയുന്നു. ത്രികോണാകൃതിയിൽ നിർമ്മിച്ചാൽ വീടിന് ഉറപ്പുണ്ടാവുമെന്ന ചിന്തയിൽ നിന്നുമാണ് അത്തരമൊരു രൂപകല്പന ഉരുത്തിരിഞ്ഞത്.

2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിൽ ഒരു കിടപ്പുമുറിയും മൂന്ന് ബാത്റൂമുകളുമാണ് ഉള്ളത്. പുറമേ നിന്ന് നോക്കുമ്പോൾ ആകൃതി വ്യത്യസ്തമായി തോന്നുമെങ്കിലും അകത്ത് വിശാലമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ബെൻ പെയിന്റ് ചെയ്തവയടക്കം നിരവധി പെയിന്റിങ്ങുകൾകൊണ്ടാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കത്തക്ക വിധത്തിൽ വലിയ ഭിത്തി ലഭിച്ചു എന്നതാണ് ഡിസൈനിന്റെ ഏറ്റവും വലിയ ഗുണമായി ബെൻ എടുത്തുപറയുന്നത്.

അകത്ത് എപ്പോഴും വെളിച്ചം നിറയുന്നതിനായി ധാരാളം ജനാലകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വീടിന്റെ ആകൃതിക്ക് ചേർന്ന വിധത്തിൽ ത്രികോണ മാതൃകയിലുള്ള ഡൈനിങ് ടേബിളാണ് അകത്തളത്തിലെ മറ്റൊരു പ്രധാന ആകർഷണം. മുറികളും ത്രികോണ മാതൃകയിൽ ഉള്ളവയായതിനാൽ ഏത് മൂലയിൽ നിന്ന് നോക്കിയാലും വിശാലമായി തോന്നും എന്നതാണ് പ്രത്യേകത. 38,000 ഡോളറിന് (31 ലക്ഷം രൂപ) സ്ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്. എന്നാൽ ഏറെ ആഗ്രഹിച്ചു നിർമ്മിച്ച ഈ വീട് ഇപ്പോൾ അദ്ദേഹം വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിട്ടുമുണ്ട്. 7,60,000 ഡോളറാണ് ( 6.21 കോടി രൂപ)വിലയായി ആവശ്യപ്പെടുന്നത്. അകത്തളത്തിലെ വസ്തുക്കൾ വാങ്ങണമെങ്കിൽ അധികത്തുക നൽകേണ്ടിവരും.

വിൽപന നടന്നാൽ ഇത്രയും മനോഹരമായ വീട് ഉപേക്ഷിച്ചു പോകുന്നതിൽ സങ്കടം ഉണ്ടെന്നും ബെൻ പറയുന്നു. എന്നാൽ ജീവിതത്തിന്റെ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനാൽ എല്ലാം ഒരിക്കൽ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്ന ചിന്തയാണ് ബെന്നിനെ നയിക്കുന്നത്. വില്പന നടന്ന ശേഷം സാധിക്കുമെങ്കിൽ ഇനിയുള്ള കാലം കഴിയാനായി ഒരു ചെറിയ വീട് നിർമ്മിക്കാനും പദ്ധതിയുണ്ട്.
English Summary- Man Designed Triangular Home at age 84