ADVERTISEMENT

പഴയ കവണാറിന്റെ (മീനച്ചിലാർ) വടക്കേ തീരത്ത് നാലുകെട്ടിന്റെ തനിമയിലും പ്രൗഢിയിലും സൂര്യകാലടിയിൽ പുതിയ മന ഉയർന്നു. നട്ടാശേരിയിലെ പഴയ സൂര്യകാലടിമനയോടു തൊട്ടുചേർന്നാണ് പുതിയ മന. പഴയ മനയിൽ തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടും കുടുംബവുമാണ് താമസം. സഹോദരനും തന്ത്രിയുമായ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും കുടുംബവുമാണ് പുതിയ നാലുകെട്ടിൽ. ജയസൂര്യന്റെ അറുപതാം പിറന്നാളാഘോഷവും പാലുകാച്ചൽ ചടങ്ങും കഴിഞ്ഞ ദിവസം നടന്നു.

പുതിയ മനയുടെ നിർമാണത്തിന്റെ കണക്കുകൾ വാസ്തുശാസ്ത്ര പണ്ഡിതൻ പരേതനായ വേഴപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റേതാണ്. നട്ടാശേരി ശ്രീജിത്ത് ആചാരിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. നടുമുറ്റത്തിനു ചുറ്റും തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയുള്ള കെട്ടുകൾ ചേർന്നതാണ് നാലുകെട്ട്. കിഴക്കിനിയിലാണ് തേവാരപ്പുര (പൂജാമുറി). നടുമുറ്റമുള്ള വീടുകളും നാലുകെട്ടും വ്യത്യാസമുണ്ട്. നാലുവശവുമുള്ള കെട്ടുകളുടെ (മുറികൾ) വാതിലുകൾ നടുമുറ്റത്തേക്ക് (ബ്രഹ്മസ്ഥാനം) തുറന്നിരിക്കണമെന്നാണ് നാലുകെട്ടിന്റെ വാസ്തുശാസ്ത്രം. നടുമുറ്റത്തിന്റെ ചുറ്റുമുള്ള വരാന്തയുടെ തറനിരപ്പിൽ നിന്നു താഴ്ന്നായിരിക്കും പൂമുഖത്തിന്റെയും മുറികളുടെയും അടുക്കളയുടെയും തറനിരപ്പ്. നടുമുറ്റത്തിന്റെ വലുപ്പത്തിന് ആനുപാതികമായിട്ടാകും വീടിനുള്ളിലെ നാലു വശത്തെയും നിർമിതികൾ. ഇത്തരത്തിൽ വാസ്തുപരമായ ചിട്ടകൾ അനുസരിച്ചും കാലോചിതമായ പരിഷ്കാരങ്ങൾ കൂട്ടിച്ചേർത്തുമാണ് പുതിയ മനയുടെ നിർമാണം.

surya-kaladi-interiors

ഐതിഹ്യമുറങ്ങുന്ന സൂര്യകാലടിമന കവണാറിന്റെ വടക്കു തീരത്താക്കിയത് ഉപാസനാ മൂർത്തിയായ ഗണപതിയാണെന്നാണ് ഐതിഹ്യം. സാമൂതിരി രാജാവിന്റെ ഭരണകാലത്ത് കോഴിക്കോട്ടു നടത്തിയ രേവതി പട്ടത്താനത്തിനു സൂര്യകാലടിമനയിലെ ഭട്ടതിരിപ്പാടിനെ പങ്കെടുപ്പിക്കുന്നതിനെപ്പറ്റി തർക്കം ഉണ്ടായി. കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്കും തിരുവിതാംകൂർ കവണാറിനും മധ്യേയുള്ള ബ്രാഹ്മണർക്കു മാത്രമായിരുന്നു പണ്ഡ‍ിത സദസ്സായ പട്ടത്താനത്തിൽ പങ്കെടുക്കാനുള്ള യോഗ്യത. അക്കാലത്ത് സൂര്യകാലടിമന മീനച്ചിലാറിന്റെ തെക്കുഭാഗത്തായിരുന്നു. അയോഗ്യനായി മടങ്ങാനുള്ള ജാള്യം കൊണ്ടു സൂര്യകാലടി ഭട്ടതിരിപ്പാട് തന്റെ മന പുഴയുടെ വടക്കാണെന്നു കള്ളം പറഞ്ഞെന്നാണ് കഥ. സത്യം അന്വേഷിക്കാൻ എത്തിയ സാമൂതിരിയുടെ ദൂതന്മാർ കണ്ടത് പുഴയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മനയാണ്. ഗണപതി കവണാറിന്റെ ഗതിമാറ്റിയൊഴുക്കിയെന്നു വിശ്വാസം. 

സ്വാതി തിരുനാൾ മഹാരാജാവാണ് പഴയ സൂര്യകാലടിമന പണികഴിപ്പിച്ചതെന്നാണ് ചരിത്രം. തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയതിനാൽ സൂര്യഭഗവാൻ പ്രത്യക്ഷപ്പെട്ട് മന്ത്രതന്ത്രങ്ങളുടെ താളിയോലകൾ ഭട്ടതിരിപ്പാടിനു കൈമാറിയെന്നും അന്നുമുതൽ മനയിലെ പുരുഷന്മാരുടെ പേരിനൊപ്പം ‘സൂര്യൻ’ എന്നു ചേർത്തു തുടങ്ങിയെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിൽ പറയുന്നു.

English Summary- Surya Kaladi Mana- Traditional Architecture Marvel of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com