ഗ്ലാസ് ഒനിയൻ സിനിമയിലെ ആ വമ്പൻ റിസോർട്ട് സെറ്റിട്ടതല്ല; ഒരുദിവസം താമസിക്കാൻ ലക്ഷങ്ങൾ മുടക്കണം!

glass-onion-resort
©Aman Resorts
SHARE

ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഗ്ലാസ് ഒനിയൻ: എ നൈവ്‌സ് ഔട്ട് എന്ന മിസ്റ്ററി-ത്രില്ലർ ചിത്രത്തിലെ മൈൽസ് ബ്രോണിന്റെ ഹൈടെക് ആഡംബര കൊട്ടാരം അത്ര എളുപ്പത്തിൽ ആരും മറക്കാൻ ഇടയില്ല. കാണുമ്പോൾ ഇത്തരമൊന്ന് ലോകത്തിലുണ്ടോ എന്ന് ചിന്തിച്ചു പോകത്തക്ക പ്രൗഢിയാണ് ബംഗ്ലാവിനുള്ളത്. യഥാർത്ഥത്തിൽ ഗ്രീസിലെ പോർട്ടോ ഹേലിയിൽ സ്ഥിതി ചെയ്യുന്ന അമൻസോ എന്ന ആഡംബര റിസോർട്ടാണിത്. 

glass-onion-netflix
screengrab©Netflix

റിസോർട്ടിലെ വില്ല 20 ആണ് ഗ്ലാസ് ഒനിയന്റെ പ്രധാന ലൊക്കേഷൻ. ഗ്രീക്ക് വാസ്തുവിദ്യാ ശൈലിയും ആധുനികതയും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ടാണ് റിസോർട്ടിന്റെ രൂപകല്പന. ഓരോ വില്ലയ്ക്കും പ്രൈവറ്റ് പൂളുകളുണ്ട്. പ്രൈവറ്റ് ബീച്ചും സ്പീഡ് ബോട്ട് സൗകര്യവും വരെ അതിഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയിൽ കാണുന്ന ഗ്ലാസ് കൊണ്ട് നിർമിച്ച 'ഒനിയൻ' ചട്ടക്കൂട് സെറ്റിട്ടതാണ്.

38 സ്യൂട്ടുകളാണ് റിസോർട്ടിൽ ഒരുക്കിയിട്ടുള്ളത്. ഒന്നോ രണ്ടോ പേർ അടങ്ങുന്ന കുടുംബത്തിനും ഏറെ ആളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. വില്ല 20ന് മാത്രമായി പ്രത്യേക സ്പാ, ഒന്നിലധികം ഡൈനിങ് ഏരിയകൾ, പൂളുകൾ, ബാർബെക്യു ഏരിയ തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. ജിം, വിശാലമായ പൂന്തോട്ടം വിനോദത്തിനായി നീക്കിവച്ചിരിക്കുന്ന പ്രത്യേക ഇടങ്ങൾ തുടങ്ങി റിസോർട്ടിൽ താമസത്തിന് എത്തുന്നവർക്ക് രാജകീയ ജീവിതം ഉറപ്പാക്കുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്.കാഴ്ചയിൽ മുതിർന്നവർക്കു മാത്രം അനുയോജ്യമായ ഇടമാണെന്ന് തോന്നുമെങ്കിലും പ്രൈവറ്റ് പൂളുകൾ അടക്കം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നവയാണ്. 

glass-onion-villa
©Aman Resorts

പ്രശസ്തി കൊണ്ടും പ്രൗഢികൊണ്ടും ഒട്ടേറെ സവിശേഷതകളുള്ള റിസോർട്ടിൽ താമസിക്കാൻ അതിനുതക്ക പണവും മുടക്കേണ്ടി വരും.  റിസോർട്ടിലെ ഏറ്റവും ചെറിയ വില്ല വാടകയ്ക്ക് എടുക്കണമെങ്കിൽ ഒരു രാത്രിക്ക് 1,784 ഡോളറാണ് (1.45 ലക്ഷം രൂപ) ഈടാക്കുന്നത്. അപ്പോൾ വലിയ വില്ലയുടെ ചെലവ് ആലോചിച്ചുനോക്കൂ. ഏകദേശം 20-25 ലക്ഷം രൂപയെങ്കിലുമാകും ഒരുദിവസത്തെ വാടക. റിസോർട്ടിലെ സൗകര്യങ്ങൾ ആസ്വദിക്കാനും സമീപപ്രദേശത്തെ കാഴ്ചകൾ കാണാനും ഒരു ദിവസത്തെ താമസം മതിയാകില്ല താനും. എന്നാൽ ഇവിടെ എത്തുന്ന ഓരോരുത്തർക്കും തങ്ങൾ ഗ്ലാസ് ഒനിയനിലെ കഥാപാത്രങ്ങളാണെന്ന് തോന്നിപ്പോകുമെന്ന് ഉറപ്പ്.

വീട് വിഡിയോസ് കാണാം...

English Summary- Amanzoe Resort Greece- Where Glass Onion was filmed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA