ഡിവോഴ്സിന് ശേഷവും ജീവിതമുണ്ട്: നാല് വനിതകൾ ഒന്നായി ജീവിക്കുന്ന വീട്! ഒറ്റപ്പെടുന്നവർക്ക് മാതൃക

women-house
©Holly Harper
SHARE

വിവാഹബന്ധം വേർപ്പെടുത്തി മക്കളുടെ കാര്യങ്ങൾ തനിച്ച് നോക്കിനടത്തേണ്ടിവരുന്ന സാഹചര്യം പല സ്ത്രീകൾക്കും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമാണ്. സാമ്പത്തികമായും മാനസികമായും തകർന്ന് എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ തനിച്ച് പൊരുതേണ്ട അവസ്ഥ. അത്തരം ജീവിതസാഹചര്യത്തെക്കുറിച്ച് പരസ്പരം പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടെ അമേരിക്കൻ സ്വദേശിനികളായ ഹോളി ഹാർപ്പറിന്റെയും ഹെറിൻ ഹോപ്പറിന്റെയും മനസ്സിലുദിച്ച ഒരാശയം ഇന്ന് ഇവർക്ക് മാത്രമല്ല തനിച്ച് ജീവിതം നയിക്കുന്ന മറ്റ് രണ്ട് വനിതകൾക്ക് കൂടി പുതുവെളിച്ചം നൽകിയിരിക്കുകയാണ്.

2020 ലാണ് ഹോളിയും ഹെറിനും തങ്ങളുടെ വിവാഹബന്ധം ഏർപ്പെടുത്തിയത്. 9 വയസ്സുകാരി മകളുമായി തനിച്ചു ജീവിക്കുന്ന ഹോളിയും  13, 9 വയസ്സ് വീതം പ്രായമുള്ള രണ്ട് മക്കളുമായി ജീവിക്കുന്ന ഹെറിനും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പരസ്പരം വിളിച്ച് പങ്കുവയ്ക്കുന്നത് പതിവായിരുന്നു. ഒറ്റപ്പെട്ടു പോയതിന്റെ മാനസിക വ്യഥയ്ക്ക് പുറമേ വീട്ടുവാടുകയും ചിലവുകളും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകളുമെല്ലാം ഇവരുടെ സംഭാഷണങ്ങളിൽ നിറഞ്ഞു. കോവിഡ് മഹാമാരി വന്നതോടെ പ്രതിസന്ധികളെ കുറിച്ചുള്ള സംഭാഷണത്തിനിടെ യാദൃശ്ചികമായാണ് മൂന്ന് കുട്ടികളുമായി രണ്ടുപേർക്കും ഒരുമിച്ച് ഒരു വീടെടുത്തു താമസിക്കാം എന്ന് വെറുതെ പറഞ്ഞത്. 

woman-family
©Holly Harper

എന്നാൽ ഈ ചിന്തയിൽ തെറ്റില്ല എന്ന് പെട്ടെന്ന് തന്നെ ഇരുവർക്കും മനസ്സിലാവുകയും കളിയായി പറഞ്ഞ കാര്യം മണിക്കൂറുകൾക്കുള്ളിൽ ശക്തമായ തീരുമാനമായി മാറുകയും ചെയ്തു. വീടിന്റെ ചെലവ് ഇരുവരും ചേർന്ന് വഹിക്കുന്നത് വലിയ ആശ്വാസമാകും എന്നതായിരുന്നു ഇവരുടെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. തങ്ങൾക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല എന്ന് തോന്നിയതോടെ വീടിനായി അന്വേഷണവും ആരംഭിച്ചു. ഒടുവിൽ ടക്കോമ പാർക്കിൽ നാല് യൂണിറ്റുകളുള്ള ഒരു വീടാണ് ഇരുവർക്കും ഒരേപോലെ ഇഷ്ടപ്പെട്ടത്. ജൂൺ മാസത്തിൽ തന്നെ വീട് ഇവർ സ്വന്തമാക്കുകയും ചെയ്തു.

women-home
©Holly Harper

മിച്ചമുള്ള രണ്ട് യൂണിറ്റുകൾക്കായി വാടകക്കാരെ തേടുന്നതിനിടെയാണ് സമാനമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന  ലിയാൻഡ്ര  ഇവരെ ബന്ധപ്പെടുന്നത്. വീടിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തനിക്ക് ഏറ്റവും അനുയോജ്യമായതാണെന്ന് മനസ്സിലാക്കി 9,12  വീതം വയസ്സുള്ള മക്കളുമായി ലിയാൻഡ്രയും ഇവർക്കൊപ്പം കൂടി. ഈ പുതിയ ജീവിതത്തിനോട് ചേർന്നു പോകുന്ന വ്യക്തിയാവണം രണ്ടാമത്തെ വാടകക്കാരി എന്ന് ഹോളിയും ഹെറിനും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് മക്കളില്ലാതെ തനിച്ചു കഴിയുന്ന ജെൻ ജേക്കബ്സിനെ ഇവർ വീട്ടിലേക്ക് ക്ഷണിക്കുന്നത്. 

നാലുപേരും ഒന്നിച്ച് ഒരു കൂരയ്ക്ക് കീഴിൽ എത്തിയതോടെ ഇവരുടെ ജീവിതം സുഗമമായി. അഞ്ചുകുട്ടികളെ നാലുപേരും ചേർന്നാണ് വളർത്തുന്നത്. കുട്ടികളുടെ പരിപാലനത്തിൽ മാത്രമല്ല എന്തുകാര്യത്തിലും ഇവർ പരസ്പരം താങ്ങും തണലുമായുണ്ട് . ഓരോ യൂണിറ്റിലും പ്രത്യേകം അടുക്കളയും മുറികളും ഉണ്ടെങ്കിലും പരമാവധി സമയം ഒന്നിച്ച് ചിലവിടാൻ ഇവർ ശ്രദ്ധിക്കുന്നു. വീടു വാങ്ങുന്നതിന് ഡൗൺ പേമെന്റായി നൽകിയ തുകയുടെ ഒരു ഭാഗം ഹോളിക്കും ഹെറിനും ലിയാൻഡ്രയും ജെന്നും നൽകി തുടങ്ങിയതോടെ ഇപ്പോൾ വീട് നാല് പേരുടെയും ഉടമസ്ഥതയിലാണ്. പാതിസ്ത്രീയുടെ ശരീരവും പാതി പക്ഷിയുമായ സൈറൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ പേരാണ് ഇവർ വീടിന് നൽകിയിരിക്കുന്നത്.

സൈറൺ ഹൗസിൽ എത്തിയതിൽ പിന്നെ ജീവിതത്തിൽ തനിച്ചാണെന്ന തോന്നൽ തങ്ങൾക്കില്ല എന്നും കുട്ടികളും സഹോദരങ്ങളെ പോലെയാണ് വളരുന്നത് എന്നും നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ വീടിനുള്ളിൽ മാത്രമല്ല നാലുപേരുടെയും തൊഴിൽമേഖലയിലും പരസ്പരം ഇവർ താങ്ങാവുന്നുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർ തങ്ങളുടെ ജീവിതം കണ്ട് പ്രചോദനം ഉൾക്കൊണ്ട് ഇത്തരമൊരു മാർഗ്ഗം അവലംബിക്കണം എന്നാണ് ഇവരുടെ അഭിപ്രായം.

നാട്ടിലെ വീട് വിഡിയോസ് കാണാം...

English Summary- Divorced Women Living under Single Roof with Family- Model

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA