സാമാന്യം ഭേദപ്പെട്ട ഒരു ജോലിയുണ്ടെങ്കിൽപോലും ജീവിത ചെലവ് അധികമായതുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഏറെയും. ശമ്പളത്തിൽ എന്തെങ്കിലും കുറവ് വന്നാൽ പോലും മാസബജറ്റ് ആകെ താളം തെറ്റി ചിലപ്പോൾ കടം വാങ്ങേണ്ടി വന്നെന്നും വരാം. എന്നാൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും അതിനൊപ്പം ജീവിത ചെലവ് കുറയ്ക്കുകയും ചെയ്യാനായാലോ. അസാധ്യമായ കാര്യം എന്ന് കരുതിയെങ്കിൽ ഇത്തരം ഒരു ജീവിതം സാധ്യമാണ് എന്ന് കാണിച്ചു തരികയാണ് റോബർട്ട് ബ്രെട്ടൺ എന്ന 35-കാരൻ.
വടക്കൻ കലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ ക്യാഷ്യറായി ജോലി ചെയ്തു വരികയായിരുന്നു റോബർട്ട്. ജീവിതം അങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഘട്ടത്തിൽ ഈ ജീവിതശൈലിയിൽ ഒരു മാറ്റം വേണമെന്ന് റോബർട്ട് തീരുമാനിച്ചു. അങ്ങനെ 2011 ൽ അമേരിക്കയിലുടനീളം സഞ്ചരിച്ച് ഒടുവിൽ തനിക്ക് ജീവിക്കാൻ സൗകര്യപ്രദമായ ഒരു ഇടം അദ്ദേഹം കണ്ടെത്തിയത് ഹവായിലെ ഒരു വനപ്രദേശത്താണ്. ഉൾപ്രദേശത്തുള്ള സ്ഥലം ആഗ്രഹിച്ച റോബർട്ട് രണ്ടാമതൊന്ന് ആലോചിക്കാതെ കാൽ ഏക്കർ സ്ഥലം സ്വന്തമാക്കി.
അതിനുശേഷം ഏറുമാടം പോലെ ഒരു വീട് നിർമിക്കാനായിരുന്നു അടുത്ത പദ്ധതി. അങ്ങനെ തറയിൽ നിന്നും അല്പം ഉയർത്തി തന്റെ വീടിന്റെ പണിയും ആരംഭിച്ചു. ലളിതമായ രീതിയിൽ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീടാണ് അദ്ദേഹം നിർമ്മിച്ചത്. സ്ഥലത്തിന്റെ വിലയും കെട്ടിട സാമഗ്രികളുടെ തുകയും എല്ലാം ചേർത്ത് 29,850 ഡോളറാണ് (24.6 ലക്ഷം ) റോബർട്ടിന് ആകെ ചെലവായത്. ഇവിടേക്ക് താമസം മാറിയത് മുതലിങ്ങോട്ട് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലി പിന്തുടരുകയാണ് റോബർട്ട്.

കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ വീടിന് ബിൽഡിങ് പെർമിറ്റ് എടുക്കേണ്ടി വന്നിട്ടില്ല. 200 ചതുരശ്ര അടി മാത്രമാണ് ഈ ചെറിയ വീടിന്റെ ആകെ വിസ്തീർണ്ണം. എന്നാൽ ലിവിങ് ഏരിയ, കിടപ്പുമുറി, അടുക്കള, ഷവർ സംവിധാനമുള്ള ബാത്റൂം എന്നിങ്ങനെ അത്യാവശ്യ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഇതിന് പുറമെ മധുരക്കിഴങ്ങും ഇലവർഗ്ഗങ്ങളുമൊക്കെ വളർത്താൻ പ്രത്യേക ഗ്രീൻ ഹൗസും സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമേയുള്ള ഭക്ഷണ ധാന്യങ്ങൾ വാങ്ങുന്നതിനായി അടുത്ത പട്ടണത്തിൽ എത്തണമെങ്കിൽ ഒരു മണിക്കൂർ ദൂരം നടക്കണം. തന്റെ പുതിയ ജീവിത രീതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ ധാരാളം ആരാധകരെയും അദ്ദേഹം നേടിയിട്ടുണ്ട്. പരസ്യങ്ങളിൽ നിന്നും ലഭിക്കുന്ന തുകയും സപ്ലിമെന്റ് ബിസിനസ്സിൽ നിന്ന് കിട്ടുന്ന ലാഭവുമാണ് നിലവിൽ അദ്ദേഹത്തിന്റെ വരുമാനം.
സൗരോർജത്തിൽ നിന്നുമുള്ള വൈദ്യുതിയിലാണ് വീട് പ്രവർത്തിക്കുന്നത്. അടുക്കളയിലേക്കും ബാത്റൂമിലേക്കുമുള്ള ആവശ്യത്തിനായി മഴവെള്ളം സംഭരിക്കുന്നു. കാണുന്നവർക്ക് ഏറെ ബുദ്ധിമുട്ടേറിയ ജീവിതരീതിയാണ് ഇതെന്ന് തോന്നുമെങ്കിലും പഴയ ജീവിതത്തിൽ നിന്നും എന്തെങ്കിലും മാറ്റം സംഭവിച്ചതായി തനിക്ക് തോന്നുന്നില്ല എന്നാണ് റോബർട്ടിന്റെ പക്ഷം. ഇന്റർനെറ്റ് ലഭ്യമാക്കാൻ പ്രതിമാസം 25 ഡോളർ (2000 രൂപ) ചിലവിടുന്നത് ഒഴിച്ചാൽ ഇവിടുത്തെ ജീവിതത്തിന് അധിക ചെലവ് ഒന്നുമില്ല. ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്യാനോ മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങളെ ആശ്രയിക്കാനോ ആവില്ല എന്നത് മാത്രമാണ് തുടക്കത്തിൽ റോബർട്ട് അനുഭവിച്ച ബുദ്ധിമുട്ട്. എന്നാൽ പ്രകൃതിയോട് തനിക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് മനസ്സിലാക്കി മാലിന്യം കമ്പോസ്റ്റ് ചെയ്തു തുടങ്ങിയതോടെ മാലിന്യപ്രശ്നത്തിനും പരിഹാരമായിട്ടുണ്ട്.
മനസ്സുവച്ചാൽ ആർക്കും പ്രകൃതിയോടിണങ്ങിയുള്ള ജീവിതം സാധ്യമാകും എന്നാണ് റോബർട്ട് തന്റെ അനുഭവത്തിലൂടെ കാണിച്ചു തരുന്നത്. ഭാവിയിലും സുസ്ഥിരത ഉറപ്പാക്കുന്ന ഇതേ ജീവിതശൈലി പിന്തുടരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
English Summary- Man Quit Job to Stay in Tree House- Sustainable Living