പഠനത്തിനും ജോലിക്കുമായി യുകെയിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കുതിച്ചുയർന്നിട്ടുണ്ട്. എന്നാൽ അതുമാത്രമല്ല ലണ്ടനിൽ ഏറ്റവും അധികം പ്രോപ്പർട്ടികൾ വാങ്ങുന്നവരുടെ പട്ടികയിൽ അതിസമ്പന്നരായ ഇന്ത്യക്കാർ മുൻനിരയിൽതന്നെയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി (Sotheby's). ലണ്ടനിൽ കഴിഞ്ഞവർഷത്തെ റിയൽഎസ്റ്റേറ്റ് വ്യാപാരങ്ങളുടെ കണക്കെടുത്തപ്പോഴാണ് ഇത് വ്യക്തമാകുന്നത്.
ലണ്ടനിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയ ഇന്ത്യക്കാരിൽ തലമുറകളായി അവിടെ ജീവിക്കുന്നവരും മറ്റു വിദേശരാജ്യങ്ങളിൽ താമസമാക്കിയവരും വിദ്യാഭ്യാസ- ജോലി ആവശ്യങ്ങൾക്കായി യുകെയിലേയ്ക്ക് എത്തുന്നവരും നിക്ഷേപകരും എല്ലാം ഉൾപ്പെടും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കിടപ്പുമുറികളുടെ എണ്ണം അനുസരിച്ച് 290,000 പൗണ്ട് മുതൽ 450,000 പൗണ്ട് വരെയാണ് (മൂന്ന് കോടി രൂപ മുതൽ 4.66 കോടി രൂപ വരെ) അപ്പാർട്ട്മെന്റുകൾക്കായി ഇന്ത്യക്കാർ ലണ്ടനിൽ ചെലവാക്കുന്നത്. വിദേശരാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ അതിസമ്പന്നരുടെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ് ലണ്ടൻ.
യുകെയിൽ മെയ്ഫെയർ, മാരിൽബൺ, ഓക്സ്ഫോർഡ് സർക്കസ് എന്നിവിടങ്ങളാണ് വീടും സ്ഥലവും/ ഫ്ലാറ്റ് സ്വന്തമാക്കാനായി ഇന്ത്യക്കാർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 2022 ൽ ഇന്ത്യൻ അതിസമ്പന്നരിൽ 35 ശതമാനത്തോളം പേരുടെയും സമ്പത്ത് പത്തു ശതമാനത്തിലധികം വർദ്ധിച്ചു എന്നതും വിദേശരാജ്യങ്ങളിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കുന്ന ട്രെൻഡുമായി ചേർത്ത് വായിക്കാം. നൈറ്റ് ഫ്രാങ്ക് എന്ന റിയൽഎസ്റ്റേറ്റ് കമ്പനിയാണ് ഇന്ത്യൻ അതിസമ്പന്നരിൽ പത്തിൽ ഒമ്പത് പേരുടെയും സമ്പത്തിൽ വർദ്ധനയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. അതിസമ്പന്നരായ ഇന്ത്യക്കാർ സ്വന്തമാക്കുന്ന വീടുകളുടെ ശരാശരി കണക്ക് 5.1 എന്ന നിലയിലാണ്. ആഗോളതലത്തിൽ അതിസമ്പന്നർ സ്വന്തമാക്കുന്ന വീടുകളുടെ ശരാശരിയെക്കാൾ മുകളിലാണിത്.
പ്രൈമറി, സെക്കൻഡറി വീടുകൾക്കായി 37 ശതമാനം സമ്പാദ്യവും അതിസമ്പന്നരായ ഇന്ത്യക്കാർ നീക്കിവയ്ക്കുന്നുണ്ട്. ഈ കണക്കിലും ഇവർ ആഗോള ശരാശരിയെക്കാൾ മുന്നിലാണ്. ഇനി വ്യക്തിഗതമായി സ്വന്തമാക്കുന്ന വീടുകളുടെ കണക്കെടുത്താൽ ഒരാൾക്ക് ചുരുങ്ങിയത് അഞ്ചു വീടെങ്കിലും സ്വന്തം ഉടമസ്ഥതയിൽ ഉണ്ട്. സ്വകാര്യ വസതികൾ സ്വന്തമാക്കാനായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളിൽ യുകെയാണ് ഒന്നാം സ്ഥാനത്തെങ്കിലും യുഎഇയും അമേരിക്കയും തൊട്ടുപിന്നിൽ തന്നെയുണ്ട്.
എന്നാൽ കേവലം ആഗ്രഹത്തിന്റെ പേരിൽ മാത്രമല്ല വിദേശരാജ്യങ്ങളിൽ വീട് സ്വന്തമാക്കുന്നത് സാമ്പത്തിക രംഗത്തെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് ഇവർ കണക്കാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വിദേശത്ത് ഒരു വീട് സ്വന്തമാക്കിയാൽ നന്നായിരിക്കും എന്ന കാഴ്ചപ്പാടിൽ നിന്നും വിദേശത്ത് ഒരു വീട് ഉണ്ടാവണം എന്നതിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ടാക്സ് ആനുകൂല്യങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ - വിദ്യാഭ്യാസ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വാടകതുക തുടങ്ങി കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിവരെ ലണ്ടൻ, ദുബായ്, ന്യൂയോർക്ക്, സിഡ്നി എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ അതിസമ്പന്നരെ ആകർഷിക്കുന്നു.
ഗവൺമെന്റ് രേഖകൾ പ്രകാരം 2022 ന്റെ ആദ്യ പത്ത് മാസങ്ങളിൽ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ ഇന്ത്യൻ പൗരത്വം വേണ്ടെന്നുവച്ചു വിദേശങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. അഞ്ചുവർഷത്തെ കണക്കെടുത്താൽ പൗരത്വം വേണ്ടെന്നുവച്ചവരുടെ എണ്ണം ആറു ലക്ഷത്തിന് മുകളിൽ വരും. റിസർവ് ബാങ്കിന്റെ 2021- 22 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേയ്ക്ക് അയക്കപ്പെട്ട പണത്തിൽ ഏറിയപങ്കും വസ്തുക്കൾ വാങ്ങാനായി തന്നെയായിരുന്നു. അതേ സാമ്പത്തിക വർഷത്തിൽ 931 കോടി രൂപയാണ് വിദേശത്ത് വസ്തുക്കൾ സ്വന്തമാക്കാനായി ഇന്ത്യക്കാർ മുടക്കിയത്. അതിനു മുൻപത്തെ സാമ്പത്തിക വർഷം ഇത് 519 കോടി രൂപയായിരുന്നു.
English Summary- Indians Among Biggest Property Buyers in London- Report